‘മനസ്സും ശരീരവും വിറങ്ങലിച്ചു നില്‍ക്കുകയാണ്’ സംവിധായകന്റെ മരണം വിശ്വസിക്കാനാകാതെ നിര്‍മ്മാതാവ്

സംവിധായകന്‍ മനു ജെയിംസിന്റെ മരണ വാര്‍ത്ത വിശ്വസിക്കാനാകാതെ നാന്‍സി റാണിയുടെ നിര്‍മ്മാതാവ് ജോണ്‍ ഡബ്ല്യു വര്‍ഗീസ്. മഞ്ഞപിത്തം ബാധിച്ച് രാജഗിരി ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് സംവിധായകന്റെ അന്ത്യം. നടി അഹാന കൃഷ്ണയെ കേന്ദ്ര കഥാപാത്രമാക്കി ഒരുക്കുന്ന ‘നാന്‍സി റാണി’ എന്ന ചിത്രത്തിന്റെ സംവിധായകനാണ് മനു ജെയിംസ്. ചിത്രം റിലീസ് ചെയ്യാന്‍ ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കവെയാണ് സംവിധായകന്റെ മരണമെന്ന് നാന്‍സി റാണിയുടെ നിര്‍മ്മാതാവ് ഫെയ്സ്ബുക്കില്‍ കുറിച്ചു.

മനസ്സും ശരീരവും വിറങ്ങലിച്ചു നില്‍ക്കുകയാണ് …. എന്താണ് എഴുതുക ???
തികച്ചും യാദൃച്ഛികമായിട്ടാണ് മനുവിനെ പരിചയപെടുന്നത്. ആ പരിചയം ഞങ്ങള്‍ അറിയാതെ വളര്‍ന്ന ആത്മ ബന്ധമായി എന്ന് പറയുന്നതാവാം ഒന്ന് കൂടി ഉചിതം … അത് നാന്‍സി റാണി എന്ന സിനിമയുടെ ഭാഗമാക്കി എന്നെ മാറ്റുകയായിരുന്നു ..
ഒത്തിരി സിനിമ മോഹങ്ങളും പേറി മനു നടന്നു കയറിയത് ഒരു സംവിധായകന്റെ യഥാര്‍ഥ വേഷത്തിലായിരുന്നു … നിരവധി മലയാള സിനിമ നടന്മാരെ അണിനിരത്തി പൂര്‍ത്തിയായ നാന്‍സി റാണി എന്ന തന്റെ കന്നി സിനിമ വെളിച്ചം കാണാന്‍ ദിവസങ്ങള്‍ മാത്രം ബാക്കി നിര്‍ത്തിയാണ് മനു മരണത്തിന്റെ കരങ്ങളില്‍ അമര്‍ന്നു പോയത് …
ഇത് ഞങ്ങള്‍ക്ക് തീരാ നഷ്ടമാണ് .. സ്വപ്നങ്ങള്‍ ബാക്കിയാക്കി മനു നടന്നു മറയുമ്പോള്‍ , നിങ്ങള്‍ ചെയ്തു പൂര്‍ത്തിയാക്കിയ നിങ്ങളുടെ സ്വ്പ്നം , നാന്‍സി റാണി എന്ന പ്രഥമ ചിത്രം ജന ഹൃദയങ്ങള്‍ കിഴടക്കും … ആ ഒരൊറ്റ ചിത്രം മലയാള കരയില്‍ നിങ്ങള്‍ക്ക് അമര്‍ത്യത നേടിത്തരും … തീര്‍ച്ച !
അടുത്ത നിമിഷം എന്തു എന്ന് ഉറപ്പില്ലാത്ത മനുഷ്യ ജീവിതത്തിനു മുന്‍പില്‍ നമ്ര ശിരസ്‌കനായി ഒരു പിടി ബാഷ്പാഞ്ജലി …

മൃതദേഹം നാളെ കുറവിലങ്ങാട് മേജര്‍ ആര്‍ക്കി എപ്പിസ്‌ക്കോപ്പല്‍ മര്‍ത്ത്മറിയം ആര്‍ച്ച്ഡീക്കന്‍ തീര്‍ഥാടന പളള്ളിയില്‍ സംസ്‌കരിക്കും. നയനയാണ് ഭാര്യ. രണ്ട് വര്‍ഷം മുമ്പാണ് മനു സംവിധായകനായ നാന്‍സി റാണിയുടെ ചിത്രം പ്രഖ്യാപിക്കുന്നത്. അടുത്തിടെ ചിത്രത്തിന്റെ ചിത്രീകരണം പൂര്‍ത്തിയായ സിനിമയുടെ പോസ്റ്റ് പ്രൊഡക്ഷന്‍ ജോലികള്‍ അന്തിമ ഘട്ടത്തില്‍ എത്തിയിരുന്നു. 2004ല്‍ ‘ഐ ആം ക്യുരിയസ്’ എന്ന ചിത്രത്തിലൂടെ ബാലതാരമായി അഭിനയം തുടങ്ങിയ മനു ജെയിംസ് പിന്നീട് മലയാളം, കന്നട, ബോളിവുഡ്, ഹോളിവുഡ് സിനിമകളില്‍ സഹ സംവിധായകനായും പ്രവര്‍ത്തിച്ചിട്ടുണ്ട്.

Gargi