‘സഹായിക്കാന്‍ കഴിയില്ലെങ്കിലും നരഭോജിയുടെ പരിഹാസം ചൊരിയാതിരിക്കൂ’ ജോയ് മാത്യു

നടന്‍ വിജയന്‍ കാരന്തൂറിന് സഹായം അഭ്യര്‍ഥിച്ച് പോസ്റ്റിട്ടിരുന്നു ജോയ് മാത്യു. ‘പ്രിയമുള്ളവരെ, വിജയന്‍ കാരന്തൂര്‍ എനിക്കൊരു സഹപ്രവര്‍ത്തകന്‍ മാത്രമല്ല, കോളജില്‍ എന്റെ ജൂനിയറായി പഠിക്കുകയും കോഴിക്കോടന്‍ നാടകവേദികളില്‍ അരങ്ങു പങ്കിടുകയും ചെയ്തിരുന്ന സുഹൃത്തുമാണ്. എന്റെ ആദ്യസിനിമയായ ഷട്ടറിലെ ലോറി ഡ്രൈവര്‍ വിജയന്‍ തുടങ്ങി നിരവധി സിനിമകളില്‍ വ്യത്യസ്തമായ വേഷങ്ങള്‍ വിജയന്‍ അഭിനയിച്ചിട്ടുണ്ട്. ഇന്നദ്ദേഹം കരള്‍ രോഗ ബാധിതനായി അവശനാണ്.

ഏകദേശം അറുപത് ലക്ഷത്തോളം രൂപ വിജയന്റെ ചികിത്സയ്ക്കായി ആവശ്യമായി വന്നിരിക്കുന്നു. ഒരു വ്യക്തിക്കോ സംഘടനക്കോ ഒറ്റയ്ക്ക് ഏറ്റെടുക്കാവുന്നതിലും അധികമാണത്. ആയതിനാല്‍ വിജയനെ സ്‌നേഹിക്കുന്ന നമ്മള്‍ നമ്മളാല്‍ കഴിയുന്ന തുക, അതെത്ര ചെറുതായാല്‍പ്പോലും നേരിട്ട് വിജയന്‍ കാരന്തൂരിന്റെ ചികിത്സാ ചിലവിലേക്കായി അദ്ദേഹത്തിന്റെ അക്കൗണ്ടിലേക്ക് അയച്ചു കൊടുത്ത് സഹായിക്കാന്‍ അപേക്ഷിക്കുന്നു’ ഇതായിരുന്നു അദ്ദേഹത്തിന്റെ കുറിപ്പ്. എന്നാല്‍ പോസ്റ്റിന് താഴെ ചിലര്‍ അനാവശ്യ കമന്റുകളുമായെത്തി. ഇതിന് തക്ക മറുപടികളാണ് നടനും നല്‍കിയത്.

‘അമ്മയിലെ കോവാലന്‍മാര്‍ ഒരു മാസം കൂളിങ് ഗ്ലാസ് വാങ്ങാന്‍ ചെലവാക്കുന്ന കാശ് മതി കൂടപ്പിറപ്പിന് ജീവിതം തിരിച്ചുപിടിക്കാന്‍. ങ്ങളെ ഉദ്ധേശിച്ചല്ലട്ടോ.’ ഇതായിരുന്നു ഒരാളുടെ കമന്റ്. ഇതിന് ജോയ് മാത്യുവിന്റെ മറുപടി ഇങ്ങനെയായിരുന്നു. വിജയന്‍ കാരന്തൂര്‍ അമ്മയിലെ അംഗമല്ല. അതില്‍ അംഗത്വമെടുക്കാനും ലക്ഷം രൂപ വേണം. അംഗമല്ലാത്ത ഒരു സിനിമാ പ്രവര്‍ത്തകനെ സഹായിക്കുന്നതിന് സംഘടനയ്ക്ക് പരിമിതിയുണ്ട്. എന്നിരുന്നാലും സംഘടനയും താങ്കള്‍ അസൂയയോടെ പറഞ്ഞ കൂളിങ് ഗ്ലാസ് ധാരികളും അവരാല്‍ കഴിയുന്നത് ചെയ്യുന്നുണ്ട്.

അതിനാല്‍ സഹായിക്കാന്‍ കഴിയില്ലെങ്കിലും നരഭോജിയുടെ പരിഹാസം ചൊരിയാതിരിക്കൂ. മാത്രവുമല്ല വിജയന്‍ കാരന്തൂര്‍ സിപിഎംകാരനുമാണ്, പാര്‍ട്ടി വിചാരിച്ചാല്‍ എളുപ്പം പരിഹരിക്കാവുന്നതേയുള്ളൂ. ഇനി കൂടുതല്‍ പറയണോ?

Gargi