‘യുവജനകമ്മീഷന്‍ പദവി ലക്ഷ്യം വെക്കൂ, ശോഭനമായ ഭാവി സ്വന്തമാക്കൂ’- ജോയ് മാത്യു

സംസ്ഥാന യുവജന കമ്മിഷന്‍ അധ്യക്ഷയുടെ ശമ്പളം 50,000 രൂപയില്‍നിന്ന് ഒരുലക്ഷമാക്കി ഉയര്‍ത്തിയതിനെ വിമര്‍ശിച്ച് നടന്‍ ജോയ് മാത്യു. യുവജനകമ്മീഷന്‍ പദവി ലക്ഷ്യം വെക്കൂ, ശോഭനമായ ഭാവി സ്വന്തമാക്കൂ എന്നാണ് ജോയ് മാത്യുവിന്റെ പരിഹാസം. ഫേസ്ബുക്കിലൂടെയാണ് താരം ചിന്ത ജെറോമിനും സര്‍ക്കാരിനുമെതിരെ വിമര്‍ശനവുമായി രംഗത്ത് വന്നത്.

പോസ്റ്റിന്റെ പൂര്‍ണ്ണ രൂപം

ഗ്രേസ് മാര്‍ക്കിന് വേണ്ടിയും
ഗ്രേഡ് കള്‍ക്ക് വേണ്ടിയും
ധന-സമയ-ഊര്‍ജങ്ങള്‍ നഷ്ടപ്പെടുത്തുന്ന കുട്ടികള്‍ യുവജനകമ്മീഷന്‍ പദവി ലക്ഷ്യം വെക്കൂ, ശോഭനമായ ഭാവി സ്വന്തമാക്കൂ.
പ്രാണരക്ഷാര്‍ഥം വിദേശത്തേക്ക് മണ്ടുന്ന കുട്ടികളും ഇത് ഓര്‍മയില്‍ വെക്കുന്നത് നല്ലതാണ് .

അതേസമയം ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ തൊഴിലില്ലായ്മയുള്ള സംസ്ഥാനമായ കേരളത്തില്‍ യുവജന കമ്മീഷന്‍ അധ്യക്ഷ ചിന്താ ജെറോമിന്റെ ശമ്പളം ഇരട്ടിയാക്കി വര്‍ധിപ്പിച്ച നടപടി യുവജനങ്ങളോടുള്ള വെല്ലുവിളിയാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍. അഴിമതിയിലും, ധൂര്‍ത്തിലും വികസന മുരടിപ്പിലും കേരളം ഇന്ന് ഒന്നാം സ്ഥാനത്താണെന്നും അദ്ദേഹം പറഞ്ഞു. കൊല്ലത്ത് ബിജെപി ദക്ഷിണമേഖലാ നേതൃയോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ജോലിയില്ലാതെ യുവാക്കള്‍ വലയുമ്പോള്‍ മുന്‍കാല പ്രാബല്യത്തില്‍ യുവജന കമ്മീഷന്‍ അധ്യക്ഷയ്ക്ക് ശമ്പളം ഇരട്ടിയാക്കിയത് യുവജന വഞ്ചനയാണെന്നും കെ. സുരേന്ദ്രന്‍ കൂട്ടിച്ചേര്‍ത്തു.