അനുരാഗവും ജാനകി ജാനെയും നെയ്മറും ഉഗ്രന്‍ സിനിമകള്‍!! തീയേറ്ററുകളാണ് ഷോ ടൈം തീരുമാനിക്കുന്നത്- മറുപടിയുമായി ജൂഡ് ആന്റണി

തിയ്യേറ്ററുകളില്‍ ഹൗസ്ഫുളായി പ്രദര്‍ശനം തുടരുകയാണ് ജൂഡ് ആന്റണി ചിത്രം 2018. അതേസമയം, ഒരുമിച്ച് തിയ്യേറ്ററിലെത്തിയ ചിത്രങ്ങള്‍ക്ക് പ്രദര്‍ശന സമയം ലഭിക്കുന്നില്ലെന്ന് ജാനകി ജാനേയുടെ സംവിധായകന്‍ അനീഷ് ഉപാസന ചൂണ്ടിക്കാണിച്ചിരുന്നു. 2018ന്റെ സംവിധായകന്‍ ജൂഡ് ആന്റണിയ്ക്കും…

തിയ്യേറ്ററുകളില്‍ ഹൗസ്ഫുളായി പ്രദര്‍ശനം തുടരുകയാണ് ജൂഡ് ആന്റണി ചിത്രം 2018. അതേസമയം, ഒരുമിച്ച് തിയ്യേറ്ററിലെത്തിയ ചിത്രങ്ങള്‍ക്ക് പ്രദര്‍ശന സമയം ലഭിക്കുന്നില്ലെന്ന് ജാനകി ജാനേയുടെ സംവിധായകന്‍ അനീഷ് ഉപാസന ചൂണ്ടിക്കാണിച്ചിരുന്നു. 2018ന്റെ സംവിധായകന്‍ ജൂഡ് ആന്റണിയ്ക്കും നിര്‍മാതാക്കളായ ആന്റോ ജോസഫിനും വേണു കുന്നപ്പിള്ളിയ്ക്കും ഫെയ്ബുക്കിലുടെ എഴുതിയ കത്ത് വൈറലായിരുന്നു. ഇപ്പോഴിതാ അനീഷിന് മറുപടിയുമായി എത്തിയിരിക്കുകയാണ് ജൂഡ് ആന്റണി.

‘എല്ലാ സിനിമകളും തീയേറ്ററില്‍ പോയി തന്നെ കാണണം എന്നാഗ്രഹിക്കുന്ന സാധാരണ പ്രേക്ഷകനാണ് ഞാനും. അനീഷ് ഉപാസന ചേട്ടന്റെ തുറന്ന കത്ത് വായിച്ചു. അനുരാഗവും ജാനകി ജാനെയും നെയ്മറും ഉഗ്രന്‍ സിനിമകളാണ്. എല്ലാവരും അധ്വാനിക്കുന്നവരാണ്. തീയേറ്ററുകളില്‍ ഷോ ടൈം തീരുമാനിക്കുന്നത് അവരാണ്. അതിനുള്ള അവകാശവും അവര്‍ക്കുണ്ട്. ജനങ്ങള്‍ വരട്ടെ, സിനിമകള്‍ കാണട്ടെ, മലയാള സിനിമ വിജയിക്കട്ടെ. നമ്മള്‍ ഒന്നല്ലേ ? ഒന്നിച്ചു സന്തോഷിക്കാം. സ്‌നേഹം മാത്രം,’ എന്നാണ് ജൂഡ് മറുപടിയായി കുറിച്ചത്.

ഏറെ നാളുകള്‍ക്കു ശേഷം ഹൗസ് ഫുള്‍ ഷോകളുമായി കേരളത്തിലെ തിയേറ്ററുകളെ സജീവമാക്കിയിരിക്കുകയാണ് 2018. പത്തു ദിവസം കൊണ്ട് ചിത്രം നൂറു കോടി ക്ലബില്‍ ഇടം പിടിച്ച് മലയാള സിനിമാ ചരിത്രം തിരുത്തിയിരുന്നു.

എന്നാല്‍, 2018നു കൂടുതല്‍ ഷോ ടൈം അനുവദിച്ചതോടെ ജാനകി ജാനേയെ പോലുള്ള കൊച്ചു ചിത്രങ്ങള്‍ക്ക് തിയേറ്ററുകളില്‍ വേണ്ടത്ര ഷോ ടൈം കിട്ടുന്നില്ലെന്നാണ് സംവിധായകന്‍ അനീഷ് ഉപാസന പറഞ്ഞത്.