സൂര്യ ഒരു അസാമാന്യ മനുഷ്യനും ഹീറോയും!! 200 ശതമാനവും കങ്കുവയ്ക്കായി നല്‍കിയിട്ടുണ്ട്-ജ്യോതിക

സൂര്യയുടെ കരിയറിലെ തന്നെ ബ്രഹ്‌മാണ്ഡ ചിത്രമാണ് കങ്കുവ. ആരാധകലോകം വന്‍ പ്രതീക്ഷയോടെയാണ ്ചിത്രത്തിനായി കാത്തിരിക്കുന്നത്. ചിത്രത്തിന്റെ ടീസറും പോസ്റ്ററുമെല്ലാം വൈറലായിരുന്നു. സൂര്യയുടെ കിടിലന്‍ മേക്കോവര്‍ തന്നെയാണ് ചിത്രത്തിന് വേണ്ടിയുള്ള കാത്തിരിപ്പിന് പിന്നില്‍. ആയിരം വര്‍ഷങ്ങള്‍ക്ക് മുമ്പുള്ള കാലഘട്ടത്തിലൂടെ സഞ്ചരിക്കുന്ന യോദ്ധാവായിട്ടാണ് സൂര്യ എത്തുന്നത്.

സിരുത്തൈ ശിവയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. 300 കോടി ബജറ്റിലാണ് കങ്കുവ നിര്‍മ്മിക്കുന്നത്. സൂര്യ കങ്കുവ എന്ന ടൈറ്റില്‍ കഥാപാത്രമായാണ് എത്തുന്നത്. ദിഷാ പഠാണിയാണ് ചിത്രത്തിലെ നായിക. ചിത്രത്തില്‍ വില്ലനായി എത്തുന്നത് ബോബി ഡിയോളാണ്. താരത്തിന്റെ കോളിവുഡ് അരങ്ങേറ്റം കൂടിയാണ് കങ്കുവ. നടരാജന്‍ സുബ്രമണ്യം, ജഗപതി ബാബു, റെഡ്ലിന്‍ കിംഗ്സ്ലെ, കൊവൈ സരള, ആനന്ദരാജ, രവി രാഘവേന്ദ്ര, കെഎസ് രവി കുമാര്‍ എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളായി എത്തുന്നത്.

ഇപ്പോഴിതാ സിനിമയെ കുറിച്ച് ജ്യോതിക പങ്കുവച്ച വാക്കുകളാണ് ശ്രദ്ധേയമാകുന്നത്. ചിത്രത്തിന്റെ ചെറിയ ഭാഗം കണ്ടെന്നും ജ്യോതിക പറയുന്നു. കങ്കുവ വലിയ സംഭവത്തിന് സാക്ഷ്യം വഹിക്കുകയാണെന്നാണ് താരം പറയുന്നത്. ചിത്രത്തിനായി സൂര്യ 200 ശതമാനം സമര്‍പ്പിച്ചിട്ടുണ്ടെന്നും ജ്യോതിക പറയുന്നു.

കങ്കുവയുടെ ഒരു ചെറിയ ഭാഗം മാത്രമേ ഞാന്‍ കണ്ടിട്ടുള്ളു. സിനിമ ഒരു വലിയ കാര്യത്തിന് സാക്ഷ്യം വഹിക്കാന്‍ പോകുകയാണെന്ന് തോന്നുന്നു, വളരെ മികച്ചതായാണ് ചിത്രം ഒരുക്കിയിട്ടുള്ളത്. സൂര്യ ഒരു അസാമാന്യ മനുഷ്യനും ഹീറോയുമാണ്. അദ്ദേഹം അദ്ദേഹത്തിന്റെ 200 ശതമാനം സിനിമയ്ക്ക് വേണ്ടി നല്‍കിയിട്ടുണ്ട്. താന്‍ സൂര്യയെ വിവാഹം കഴിച്ചത് അദ്ദേഹത്തിന്റെ ഈ ക്വാളിറ്റി കൊണ്ടാകാം. അദ്ദേഹം കുട്ടികള്‍ക്ക് വേണ്ടിയാണെങ്കിലും കുടുംബത്തിന് വേണ്ടിയാണെങ്കിലും കരിയറിന് വേണ്ടിയാണെങ്കിലും 200 ശതമാനവും നല്‍കാറുണ്ടെന്നും ജ്യോതിക പറയുന്നു.

കങ്കുവ 38 ഭാഷകളിലാണ് തിയ്യേറ്ററിലെത്തുന്നത്. 3ഡിയ്ക്ക് പുറമെ 2ഡിയിലും ഐമാക്‌സ് സ്‌ക്രീനുകളിലും കങ്കുവ എത്തും. മൂന്ന് വ്യത്യസ്ത ഗെറ്റപ്പുകളിലാണ് സൂര്യ എത്തുന്നതെന്നും ശ്രദ്ധേയമാണ്.