‘സൂര്യയു‌ടെ വീട്ടിലെ എല്ലാവരും പാലിക്കേണ്ട നിയമം, വിവാഹത്തെ എതിർതത് സൂര്യയുടെ അച്ഛൻ’; തുറന്ന് പറഞ്ഞ് ജ്യോതിക

തെന്നിന്ത്യൻ സിനിമയിൽ പ്രേക്ഷകർക്ക് ഏറ്റവും ഇഷ്ടപ്പെട്ട താര ദമ്പതികളാണ് സൂര്യയും ജ്യോതികയും. വിവാഹത്തിനുശേഷം ജ്യോതിക സിനിമയിൽ നിന്ന് കുറച്ച് ഇടവേളയെടുത്തെങ്കിലും മികച്ച വേഷങ്ങളിലൂടെ ഇപ്പോൾ വീണ്ടും സജീവമായിട്ടുണ്ട്. അടുത്തിടെ താരം ഒരു അഭിമുഖത്തിൽ പറഞ്ഞ കാര്യങ്ങൾ ഇപ്പോൾ സോഷ്യൽ മീഡിയയിൽ ഏറെ ചർച്ച ചെയ്യപ്പെടുന്നുണ്ട്. സൂര്യയുടെ കുടുംബത്തിലെ ചില കാര്യങ്ങളെ കുറിച്ച് ജ്യോതിക തുറന്ന് സംസാരിച്ചത്.

‘ഞാൻ സൂര്യയും വ്യത്യസ്ത സാഹചര്യങ്ങളിലാണ് വളർന്നത്. ഞാൻ മുംബൈയിലും സൂര്യ തമിഴ്നാട്ടിലും. കുടുംബ ബന്ധങ്ങൾക്കും പാരമ്പര്യ മൂല്യങ്ങൾക്കും ഞാൻ പ്രാധാന്യം നൽകിയത് സൂര്യയുടെ കുടുംബത്തിലെത്തിയതിന് ശേഷമാണ്. കുടുംബത്തിലെ സ്ത്രീകളെല്ലാം ഒരു ടീമാണ്. പുരുഷൻമാർ മറ്റൊരു ടീമും. സൂര്യ നടുവിൽ നിൽക്കും. എല്ലാവരുമായും നല്ല അടുപ്പമുണ്ട്. എല്ലാവർക്കും നല്ല തിരക്കാണ്. കാർത്തിയും സൂര്യയും എപ്പോഴും അഭിനയ തിരക്കിലായിരിക്കും. അച്ഛൻ പ്രസം​ഗങ്ങളും മറ്റുമായി തിരക്കിലായിരിക്കും. പക്ഷെ വീട്ടിൽ ഒരു നിയമം ഉണ്ട്. ഭക്ഷണം എല്ലാവരും ഒരുമിച്ചിരുന്ന് കഴിക്കണം. ആ കുടുംബത്തിൽ നിന്നും ഞാനൊരുപാട് കാര്യങ്ങൾ പഠിച്ചിട്ടുണ്ട്’ – ജ്യോതിക പറഞ്ഞു.

‘ഇപ്പോൾ തിരഞ്ഞെടുക്കുന്ന റോളുകളിൽ പോലും അതിന്റെ സ്വാധീനം ഉണ്ട്. ഞങ്ങളുടെ വിവാഹത്തെ കൂടുതൽ എതിർത്തത് സൂര്യയുടെ അച്ഛനാണ്. ഒരു സിനിമാ നടി അദ്ദേഹത്തിന്റെ മകന്റെ ഭാര്യയാകുന്നതിൽ താൽപര്യം ഉണ്ടായിരുന്നില്ല. എന്നാൽ സൂര്യ തീരുമാനത്തിൽ ഉറച്ച് നിന്നതോടെ വിവാഹം നടന്നു. സിനിമയിലേക്കുളള എന്റെ തിരിച്ചുവരവിൽ അച്ഛൻ വലിയ പിന്തുണ നൽകുന്നുണ്ട് ‘- ജ്യോതിക കൂട്ടിച്ചേർത്തു. 2006ലാണ് സൂര്യയും ജ്യോതികയും വിവാഹിതരായത്.