മലയാള സിനിമയുടെ അഭിമാന താരമാണ് പൃഥ്വിരാജ് സുകുമാരന്‍. ഇന്ന് പിറന്നാള്‍ ആഘോഷിക്കുന്ന താരത്തിന്റെ വരാനിരിക്കുന്ന സിനിമകളുടെ വിശേഷങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ നിറയുന്നത്. ഇപ്പോഴിതാ പ്രഖ്യാപനം മുതല്‍ ശ്രദ്ധ നേടിയ പൃഥ്വിരാജിന്റെ കാളിയന് സിനിമയുടെ ടീമും അദ്ദേഹത്തിന് ജന്മദിനാശംസകള് നേര്‍ന്ന് എത്തിയിരിക്കുകയാണ്. പൃഥ്വിരാജിന്റെ പിറന്നാള്‍ ദിനത്തില്‍ ചിത്രത്തിന്റെ ഒരു പുതിയ മോഷന്‍ പോസ്റ്റര്‍ അവതരിപ്പിച്ചിരിക്കുകയാണ് ടീം കാളിയന്.
പൃഥ്വിരാജിന്റെ കഥാപാത്രത്തിന്റെ രംഗം ഉള്‍പ്പെടുത്തിയുള്ളതാണ് പോസ്റ്റര്‍. മല മുകളില്‍ ആയുധധാരിയായി കുതിരപ്പുറത്തിരിക്കുന്ന പൃഥ്വിരാജിന്റെ കഥാപാത്രത്തെയാണ് പോസ്റ്റിലൂടെ അദ്ദേഹത്തിന്റെ പിറന്നാള്‍ ദിനത്തില്‍ അവതരിപ്പിച്ചിരിക്കുന്നത്. നാല് വര്‍ഷം മുന്‍പ് പ്രഖ്യാപിച്ച പൃഥ്വിരാജ് ചിത്രമാണ് കാളിയന്. എസ് മഹേഷ് സംവിധാനം ചെയ്യുന്ന സിനിമ പല കാരണങ്ങളാല്‍ നീണ്ടുപോയിരുന്നു. ചിത്രത്തിന്റെ നിര്‍മ്മാണം മാജിക് മൂണ്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ രാജീവ് ഗോവിന്ദന് ആണ്. സിനിമയെ കുറിച്ചുള്ള പുതിയ അപ്ഡേഷനുകള്‍ എല്ലാം സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറാറുണ്ട്.
അതേസമയം, കെജിഎഫ്, സലാര്‍ തുടങ്ങിയ ചിത്രങ്ങളുടെ സംഗീത സംവിധായകന് രവി ബസ്രൂര് ആണ് കാലിയന് സംഗീതം പകരുന്നത് എന്നതാണ് സിനിമയുടെ മറ്റൊരു പ്രത്യേകത. അദ്ദേഹത്തെ സിനിമയിലേക്ക് സ്വാഗതം ചെയ്്ത് പൃഥ്വിരാജ് സോഷ്യല്‍ മീഡിയയില്‍ കാളിയന് ടീമിനൊപ്പം നില്ക്കുന്ന ഫോട്ടോ പങ്കുവെച്ചിരുന്നു. വേണാടും മധുരയുമായുള്ള പോരാട്ടത്തിന്റെ പശ്ചാത്തലത്തില്‍ കഥ പറയുന്ന ചിത്രമാണ് കാളിയന്.. സിനിമയില്‍ വളരെ വേറിട്ട ലുക്കിലാണ് പൃഥ്വിരാജ് എത്തുന്നത്.
അതേസമയം പൃഥ്വിരാജിന്റെ പിറന്നാളിനോടനുബന്ധിച്ച് തെലുങ്ക് ചിത്രം സലാറിലെ അദ്ദേഹത്തിന്റെ ക്യാരക്റ്റര്‍ പോസ്റ്ററും ആരാധകര്‍ക്കിടയില്‍ ശ്രദ്ധ നേടുകയാണ്. വരദരാജ മന്നാര്‍ എന്നാണ് ചിത്രത്തില്‍ പൃഥ്വി അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ പേര്. ഒരു വില്ലന്‍ വേഷം എന്ന് തോന്നിക്കുന്ന രീതിയിലാണ് പൃഥ്വിരാജ് പോസ്റ്ററില്‍ എത്തിയിരിക്കുന്നത്.