Film News

നടൻ കമാൽ ആർ ഖാൻ വിമാനത്താവളത്തിൽ വച്ച് അറസ്റ്റിൽ; ബോളിവുഡ് സൂപ്പർ താരത്തിനെതിരെ കടുത്ത ആരോപണം

നടനും നിർമ്മാതാവുമായ കമാൽ ആർ ഖാൻ അറസ്റ്റിൽ. മുംബൈ വിമാനത്താവളത്തിൽ വച്ചാണ് കമാൽ ആർ ഖാൻ പിടിയിലായത്.
ബോളിവുഡിൽ എന്നും വിവാദങ്ങൾ സൃഷ്ടിക്കുന്ന നടനും നിർമ്മാതാവുമാണ് കമാൽ ആർ ഖാൻ. ദുബായിൽ സ്ഥിര താമസമാക്കിയ കമാൽ ആർ ഖാൻ അങ്ങോട്ടേക്ക് മടങ്ങാനായി വിമാനത്താവളത്തിൽ എത്തിയപ്പോഴായിരുന്നു അറസ്റ്റ്. 2016 ലെ ഒരു കേസുമായി ബന്ധപ്പെട്ടാണ് അറസ്റ്റ് എന്നാണ് വിവരം.

അതേ സമയം അറസ്റ്റിന് ശേഷം ഇയാളെ ജാമ്യത്തിൽ വിട്ടുവെന്നാണ് റിപ്പോർട്ടുകളുണ്ട്. തുടർന്ന് സോഷ്യൽ മീഡിയയിലൂടെ കമാൽ ആർ ഖാൻ തന്നെയാണ് വിവരങ്ങൾ പുറത്തുവിട്ടത്. കഴിഞ്ഞ ഒരു വർഷമായി താൻ മുംബൈയിലുണ്ട്. വിവിധ കേസുകളുമായി സഹകരിച്ച് കോടതിയിൽ കൃത്യമായി ഹാജരാകുന്നുണ്ട്. തന്നെ ഇല്ലാതാക്കാനുള്ള ശ്രമത്തിൻറെ ഭാഗമാണ് അറസ്റ്റ് െന്ന് കമാൽ ആർ ഖാൻ പറഞ്ഞു.

“ഞാൻ ഏതെങ്കിലും സാഹചര്യത്തിൽ പൊലീസ് സ്റ്റേഷനിലോ ജയിലിലോ മരിക്കുകയാണെങ്കിൽ അത് കൊലപാതകമാണെന്ന് നിങ്ങൾ എല്ലാവരും മനസിലാക്കണം. അതിന് ആരാണ് ഉത്തരവാദിയെന്ന് നിങ്ങൾക്കെല്ലാവർക്കും അറിയാം,” അദ്ദേഹം പേരുകളൊന്നും പറയാതെ തന്നെ സോഷ്യൽ മീഡിയയിൽ കുറിച്ചു. ഒപ്പം “ടൈഗർ -3” (2023) ചിത്രത്തിൻറെ പരാജയത്തിന് ബോളിവുഡ് താരം സൽമാൻ ഖാൻ തന്നെ കുറ്റപ്പെടുത്തുന്നുവെന്നും കമൽ ആർ ഖാൻ ആരോപിച്ചിട്ടിട്ടുണ്ട്.

പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും ആഭ്യന്തര മന്ത്രി അമിത് ഷായെയും നിരവധി മാധ്യമസ്ഥാപനങ്ങളെയും കമാൽ ഖാൻ തന്റെ പോസ്റ്റിൽ ടാഗ് ചെയ്തിട്ടുണ്ട്. ബോളിവുഡ് സെലിബ്രിറ്റികൾക്കെതിരായ പരാമർശങ്ങൾ, ട്വീറ്റുകൾ, സിനിമാ അവലോകനങ്ങൾ, കൂടാതെ വർഗീയ പ്രസ്താവനകൾ എന്നിവയുടെ പേരിൽ കമാൽ ആർ ഖാന്റെ പേരിൽ ഒരുപാട് കേസുകൾ നിലവിലുണ്ട്.

Gargi