കാനം രാജേന്ദ്രന്‍ അന്തരിച്ചു!!

കേരള രാഷ്ടീയത്തില്‍ ഒരു അതികായനെ കൂടി നഷ്ടമായി. സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ അന്തരിച്ചു. 73 വയസായിരുന്നു. ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു അന്ത്യം. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. കടുത്ത ഹൃദ്രോഗം കാരണം കാനത്തിന്റെ ആരോഗ്യനില വഷളായിരുന്നു.

ആരോഗ്യകാരണങ്ങളാല്‍ പാര്‍ട്ടിയില്‍ നിന്ന് മൂന്നു മാസത്തെ അവധിയിലായിരുന്നു കാനം. ഇടതു കാലിന് മുന്‍പ് അപകടത്തില്‍ പരുക്കേറ്റിരുന്നു. പ്രമേഹം സ്ഥിതി കൂടുതല്‍ മോശമാക്കി. കാലിലുണ്ടായ മുറിവുകള്‍ കരിയാതിരിക്കുകയും അണുബാധയെ തുടര്‍ന്ന് അടുത്തിടെ പാദം മുറിച്ചു മാറ്റുകയും ചെയ്തിരുന്നു.

തുടര്‍ച്ചയായി കാനം രാജേന്ദ്രന്‍ മൂന്ന് തവണ സിപിഐ സംസ്ഥാന സെക്രട്ടറിയായിരുന്നു. 1950 നവംബര്‍ 10-ന് കോട്ടയം ജില്ലയിലെ കൂട്ടിക്കലിലായിരുന്നു കാനം രാജേന്ദ്രന്റെ ജനനം. വി കെ പരമേശ്വരന്‍ നായരുടെ മകനായി 1950 നവംബര്‍ 10ന് ജനിച്ചു.

എഴുപതുകളില്‍ എഐവൈഎഫിലൂടെ രാഷ്ട്രീയത്തിലിറങ്ങി. ഇരുപത്തിമൂന്നാം വയസ്സില്‍ എ.ഐ.വൈ.എഫ്. സംസ്ഥാന സെക്രട്ടറിയായി. ഇരുപത്തിയെട്ടാം വയസ്സില്‍ സിപിഐ സംസ്ഥാന സെക്രട്ടേറിയേറ്റ് അംഗമായി. എ.ബി.ബര്‍ദനൊപ്പം യുവജനസംഘടനാ രംഗത്ത് ദേശീയതലത്തിലും കാനം പ്രവര്‍ത്തിച്ചിട്ടുണ്ട്.

1982-ലും 87-ലും വാഴൂര്‍ മണ്ഡലത്തില്‍ നിന്ന് നിയമസഭാംഗമായി തിരഞ്ഞെടുക്കപ്പെട്ടു. ആദ്യം എം കെ ജോസഫിനെയും പിന്നീട് പി സി തോമസിനെയുമാണ് തോല്‍പിച്ചത്. പിന്നീട് രണ്ടുവട്ടം വാഴൂരില്‍ നിന്ന് മത്സരിച്ചെങ്കിലും പരാജയപ്പെട്ടു. അതോടെ പൂര്‍ണമായും സംഘടനാ രംഗത്തേക്ക് മാറിയ കാനം

2015മുതല്‍ സിപിഐ സംസ്ഥാന സെക്രട്ടറിയായി. 2018-ല്‍ വീണ്ടും സിപിഐ സംസ്ഥാന സെക്രട്ടറിയായി. 2022 ഒക്ടോബറില്‍ മൂന്നാംവട്ടവും സിപിഐ സംസ്ഥാന സെക്രട്ടറിയായി. ഭാര്യ വനജ. മക്കള്‍ – സ്മിത, സന്ദീപ്.

Anu