ഫന്റാസ്റ്റിക്, മാര്‍വലസ്… മഞ്ഞുമ്മല്‍ ബോയ്‌സിനെ അഭിനന്ദിച്ച് കാര്‍ത്തിക് സുബ്ബരാജ്

യുവതാരങ്ങളെ പ്രധാന കഥാപാത്രമാക്കി ചിദംബരം സംവിധാനം ചെയ്ത ചിത്രം മഞ്ഞുമ്മല്‍ ബോയ്‌സ് ബോക്‌സോഫീസില്‍ വന്‍ കുതിപ്പാണ് നടക്കുന്നത്. യഥാര്‍ഥ സൗഹൃദത്തിന്റെ കഥയാണ് ചിദംബരം ചിത്രമൊരുക്കിയത്. മഞ്ഞുമ്മലില്‍ നിന്ന് കൊടൈക്കനാലിലേക്ക് ട്രിപ്പ് പോയ യുവാക്കളും അവര്‍ക്കിടയിലുണ്ടായ സംഭവ വികാസങ്ങളുമാണ് ചിത്രം പറയുന്നത്.

മികച്ച പ്രതികരണമാണ് ചിത്രത്തിന് ലഭിക്കുന്നത്. ഉലകനായകന്‍ കമല്‍ഹാസന്‍ നേരിട്ട് തന്നെ മഞ്ഞുമ്മല്‍ ടീമിനെ അഭിനന്ദിച്ചിരുന്നു. ഇപ്പോഴിതാ സംവിധായകന്‍ കാര്‍ത്തിക് സുബ്ബരാജും മഞ്ഞുമ്മല്‍ ബോയ്സ് ടീമിനെ പ്രശംസിച്ചിരിക്കുകയാണ്.

സൂപ്പര്‍, ഫന്റാസ്റ്റിക്, മാര്‍വലസ് എന്നാണ് കാര്‍ത്തിക് ചിത്രം കണ്ട ശേഷം സോഷ്യലിടത്ത് കുറിച്ചത്. ഒപ്പം സിനിമയുടെ മേക്കിങ് മികച്ചതാണെന്നും കാണാതിരിക്കരുത് എന്നും മികച്ച തിയറ്റര്‍ അനുഭവമാണെന്നും കാര്‍ത്തിക് സുബ്ബരാജ് പറയുന്നു.

മഞ്ഞുമ്മല്‍ ബോയ്‌സ് ഇതിനോടകം തന്നെ 50 കോടിയില്‍ കൂടുതല്‍ നേടിക്കഴിഞ്ഞു. തമിഴ്നാട്ടിലും ചിത്രം തകര്‍ക്കുകയാണ്. ഇതിനോടകം തന്നെ മഞ്ഞുമ്മല്‍ ബോയ്സ് തമിഴ്നാട്ടില്‍ മൂന്ന് കോടി രൂപയിലധികം നേടി മുന്നേറുകയാണ്. മലയാള സിനിമയുടെ കളക്ഷന്‍ റെക്കോര്‍ഡില്‍ ഒന്നാം സ്ഥാനത്ത് എത്തിയിരിക്കുകയാണ് മഞ്ഞുമ്മല്‍ ബോയ്സ്. ഇതോടെ ടോവിനോയുടെ 2018 ന്റെ റെക്കോര്‍ഡ് മറികടന്നിട്ടുണ്ട്.

സൗബിന്‍ ഷാഹിര്‍, ശ്രീനാഥ് ഭാസി, ബാലു വര്‍ഗീസ്, ഗണപതി, ഖാലിദ് റഹ്‌മാന്‍, ലാല്‍ ജൂനിയര്‍, ചന്തു സലീംകുമാര്‍, അഭിറാം രാധാകൃഷ്ണന്‍, ദീപക് പറമ്പോല്‍, വിഷ്ണു രഘു, അരുണ്‍ കുര്യന്‍ എന്നിവരാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.