അപ്രതീക്ഷിത പ്രഖ്യാപനം നടത്തി കാർത്തിക് സുബ്ബരാജ്; അടുത്ത ചിത്രം വിജയ്‍ക്ക് ഒപ്പമല്ല! ആവേശത്തിൽ സൂര്യ ആരാധകർ

ആരാധകരെ ഏറെ സന്തോഷിപ്പിച്ച് കൊണ്ട് കാർത്തിക് സുബ്ബരാജിന്റെ സംവിധായത്തിൽ സൂര്യ ചിത്രം വരുന്നു. ദളപതി വിജയ്- കാർത്തിക് സുബ്ബരാജ് കൂട്ടുകെട്ടിൽ പുതിയ ചിത്രം ഉടൻ തുടങ്ങുമെന്ന് അഭ്യൂഹങ്ങൾ വന്നിരുന്നു. ഇതിനിടെയാണ് അപ്രതീക്ഷിതമായാണ് സൂര്യയുമായുള്ള പുതിയ ചിത്രം കാർത്തിക് സുബ്ബരാജ് പ്രഖ്യാപിച്ചിട്ടുള്ളത്. സൂര്യയുടെ കരിയറിലെ 44 -ാം ചിത്രമാണ് കാർത്തിക്കിനൊപ്പം ഉള്ളത്. ചിത്രത്തിന്റെ മറ്റ് വിവരങ്ങൾ ഒന്നും തന്നെ അണിയറപ്രവർത്തകർ പുറത്തുവിട്ടിട്ടില്ല.

സുധ കൊങ്കരയുമൊത്തുള്ള സിനിമയുടെ ഷൂട്ടിം​ഗ് മാറ്റിവച്ചതോടെയാണ് കാർത്തിക്കിന് ചിത്രം ചെയ്യാൻ സൂര്യ തീരുമാനിച്ചത്. സ്നേഹം, ചിരി, യുദ്ധം എന്നാണ് സിനിമയ്ക്ക് നൽകിയിരിക്കുന്ന ടാഗ് ലൈൻ. സൂര്യയുടെ പ്രൊഡക്ഷൻ കമ്പനിയായ 2ഡി എന്റർടെയ്ൻമെന്റ്സും, കാർത്തിക് സുബ്ബരാജിന്റെ സ്റ്റോൺബെഞ്ച് ഫിലിംസും ചേർന്നാണ് നിർമ്മാണം. കാർത്തിക് സുബ്ബരാജിന്റെ അവസാനം പുറത്തിറങ്ങിയ ചിത്രം ‘ജിഗർതണ്ട ഡബിൾ എക്സ്’ വമ്പൻ ഹിറ്റായിരുന്നു. ശിവ സംവിധാനം ചെയ്യുന്ന ‘കങ്കുവ’യാണ് സൂര്യയുടെ ഏറ്റവും പുതിയ ചിത്രം. ‘കങ്കുവ’യുടെ റിലീസിനായുള്ള കാത്തിരിപ്പിലാണ് ആരാധകർ.