മലയാള സിനിമ നിര്‍മ്മാതാക്കള്‍ക്ക് എട്ടിന്റെ പണി! റെയ്ഡിന് പിന്നാലെ പത്ത് വര്‍ഷത്തെ കണക്ക് കാണിക്കാന്‍ നിര്‍ദേശം

മലയാള സിനിമ നിര്‍മ്മാതാക്കള്‍ക്ക് ആദായ നികുതി വകുപ്പിന്റെ വക പണി വരുന്നു. പത്ത് വര്‍ഷത്തെ കണക്ക് കാണിക്കാന്‍ ആദായ നികുതി വകുപ്പ് നിര്‍ദേശിച്ചിരിക്കുകയാണ്. കഴിഞ്ഞ ദിവസം നിര്‍മ്മാതാക്കളുടെയും പൃഥ്വിരാജിന്റെയും വീട്ടില്‍ റെയ്ഡ് നടത്തിയതായി റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു.

അതേസമയം, ഇന്ന് വര്‍ണ്ണചിത്ര സ്റ്റുഡിയോസ് ഉടമ മഹാ സുബൈറിന്റെയും പ്രൊഡക്ഷന്‍ കണ്‍ട്രോളറും നിര്‍മ്മാതാവുമായ ബാദുഷയുടെയും വീടുകളില്‍ റെയ്ഡ് നടന്നുവെന്നുമാണ് റിപ്പോര്‍ട്ടുകള്‍.

സിനിമാ നിര്‍മ്മാതാക്കളായ ആന്റണി പെരുമ്പാവൂര്‍, ആന്റോ ജോസഫ്, ലിസ്റ്റിന്‍ സ്റ്റീഫന്‍ എന്നിവരുടേയും നടനും നിര്‍മ്മാതാവുമായ പൃഥ്വിരാജിന്റെയും വീടുകളിലാണ് ആദായ നികുതി വകുപ്പ് വ്യാപക റെയ്ഡ് നടത്തിയത്. വ്യാഴാഴ്ച രാവിലെ എട്ടിന് തുടങ്ങിയ പരിശോധന രാത്രിയാണ് അവസാനിച്ചതെന്നായിരുന്നു റിപ്പോര്‍ട്ട്.

ആറ് ടാക്സി കാറുകളില്‍ എത്തിയ ഉദ്യോഗസ്ഥര്‍ ലോക്കല്‍ പൊലീസിനെ പോലും അറിയിക്കാതെയാണ് പരിശോധന നടത്തിയത്. ഗേറ്റ് അടച്ചുപൂട്ടി പുറത്ത് നിന്നുള്ളവര്‍ക്ക് പ്രവേശനം മുഴുവന്‍ വിലക്കിയായിരുന്നു പരിശോധന നടന്നത്.

ആന്റണി പെരുമ്പാവൂരിന്റെ വീട്ടില്‍ പരിശോധന നടക്കുമ്പോള്‍ ആന്റണിയുമ വീട്ടിലുണ്ടായിരുന്നു. ഉദ്യോഗസ്ഥര്‍ പരിശോധനയുടെ വിശദാംശങ്ങളൊന്നും
മാധ്യമപ്രവര്‍ത്തകരോട് വിശദീകരിച്ചിട്ടില്ല. റെയ്ഡ് സംബന്ധിച്ചുള്ള വിവരങ്ങള്‍ ലഭ്യമല്ലെന്ന് പൊലീസും വ്യക്തമാക്കിി.