സ്വന്തമായി ഒ.ടി.ടി പ്ലാറ്റ്ഫോമുമായി സംസ്ഥാന സര്‍ക്കാര്‍. സാംസ്കാരിക വകുപ്പ് ഒരുക്കുന്ന ഒ.ടി.ടി പ്ലാറ്റ്ഫോം നവംബര്‍ ഒന്നിന് പ്രവര്‍ത്തനം ആരംഭിക്കുമെന്ന് സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാന് അറിയിച്ചു. ഒ.ടി.ടി പ്ലാറ്റ്ഫോമിന്റെ പേര് പ്രഖ്യാപിക്കുന്ന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ”സി സ്പേസ്’ എന്ന പേരിലാകും ഒ.ടി.ടി പ്ലാറ്റ്ഫോം അറിയപ്പെടുക.
ലോകോത്തര സിനിമകളുടെ ആസ്വാദനം. അതും മികച്ച സാങ്കേതിക സംവിധാനങ്ങളോടെ. അത്തരത്തില്‍ ഒരു സംവിധാനമാണ് സാംസ്ക്കാരിക വകുപ്പിന്റെ നേതൃത്വത്തില്‍ കെ.എസ്.എഫ്.ഡി.സി ഒരുക്കുന്ന ഈ സംരംഭം. സര്‍ക്കാരിന്റെ കീഴില്‍ സിനിമാസ്വാദനത്തിനായി ഇത്തരത്തിലൊരു സംവിധാനം ഒരുക്കുന്ന ഇന്ത്യയിലെ ആദ്യ സംസ്ഥാനമാണ് കേരളമെന്നും മന്ത്രി പറഞ്ഞു.
തിയേറ്റര്‍ റിലീസിംഗിന് ശേഷമാണ് സിനിമകള്‍ ഒ.ടി.ടി.യിലേക്ക് എത്തുക. അതിനാല്‍ തന്നെ ഈ സംവിധാനം കാരണം സംസ്ഥാനത്തെ തിയേറ്റര്‍ വ്യവസായത്തിന് വരുമാന നഷ്ടം സംഭവിക്കുകയില്ല എന്ന് മാത്രമല്ല ഓരോ നിര്‍മ്മാതാവിനും എക്കാലവും ഇതിന്മേലുള്ള വരുമാനത്തിന്റെ ഒരു ഭാഗം ലഭിക്കുന്നതായിരിക്കും.
ഹ്രസ്വചിത്രങ്ങള്‍, ഡോക്യുമെന്ററികള്‍ തുടങ്ങിയവയും ഇതിലൂടെ കാണുവാനുള്ള സംവിധാനവും ഒരുക്കുന്നുണ്ട്. കലാമൂല്യമുള്ളതും, സംസ്ഥാന ദേശീയ, അന്തര്‍ദ്ദേശീയ പുരസ്കാരം നേടിയതുമായ ചിത്രങ്ങള്‍ക്ക് ഒ.ടി.ടി.യില്‍ പ്രദര്‍ശിപ്പിക്കുന്നതിന് മുന്‍ഗണന നല്‍കുമെന്നും മന്ത്രി അറിയിച്ചു. കേരളപ്പറവി ദിനമായ നവംബര്‍ ഒന്നിന് പ്രവര്‍ത്തനം തുടങ്ങുവാന്‍ ഉദ്ദേശിക്കുന്ന ഒടി.ടി. പ്ലാറ്റ്ഫോമിലേക്ക് സിനിമകള്‍ രജിസ്റ്റര്‍ ചെയ്യുവാനുള്ള സൗകര്യം 2022 ജൂണ്‍ ഒന്ന് മുതല്‍ കെ.എസ്.എഫ്.ഡി.സി. ഹെഡ് ഓഫീസിലും ചിത്രാഞ്ജലി സ്റ്റുഡിയോയിലും ഉണ്ടായിരിക്കുമെന്നും മന്ത്രി പറഞ്ഞു.