ശശി തരൂര്‍ എംപി സമ്പൂര്‍ണ പരാജയം!!! മണ്ഡലത്തിന് വേണ്ടി കാല്‍കാശിന്റെ സംഭാവന നല്‍കാത്ത എംപി-രൂക്ഷവിമര്‍ശനവുമായി കൃഷ്ണകുമാര്‍

ശശി തരൂര്‍ എംപിയ്‌ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി നടനും ബിജെപി പ്രവര്‍ത്തകനുമായ കൃഷ്ണകുമാര്‍. ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെയാണ് കൃഷ്ണകുമാറിന്റെ വിമര്‍ശനം. മണ്ഡലത്തിലെ വികസന പ്രവര്‍ത്തനത്തിന് കാല്‍കാശിന്റെ പോലും സംഭാവന നല്കിയിട്ടില്ലാത്ത ശശി തരൂരിനെ പോലെയുള്ളവര്‍ക്ക് എന്തിനു ഇനി വോട്ട് ചെയ്യണമെന്ന് കൃഷണകുമാര്‍ ആരോപിക്കുന്നു.

എംപി എന്ന നിലയില്‍ സമ്പൂര്‍ണ പരാജയമായ ശശി തരൂര്‍ തിരുവനന്തപുരത്തെ ജനങ്ങളില്‍ ഉണ്ടായിട്ടുള്ള അതൃപ്തിയും അമര്‍ഷവും വഴിതിരിച്ചുവിടാനുള്ള പുതിയ അടവാണ് കഴിഞ്ഞ ദിവസം നടത്തിയ വീരവാദം. ശ്രീ നരേന്ദ്ര മോദിയെ പോലും താന്‍ തോല്‍പ്പിക്കുമെന്നു വീരകാഹളം മുഴക്കിയ തരൂരിന്റെ പ്രസ്താവനയ്ക്ക് എല്‍കെജി ലെവല്‍ പക്വതപോലുമില്ല എന്ന് പറഞ്ഞുകൊള്ളട്ടെ. തരൂര്‍ വാരണാസിയില്‍ മത്സരിച്ചാല്‍ കെട്ടിവച്ച കാശു കിട്ടുമോയെന്നു തിരിച്ചും ചോദിക്കാം.

പക്ഷെ തരൂരിന്റെ നിലവാരത്തിലേക്ക് താഴാന്‍ ഉദ്ദേശിക്കുന്നില്ല. ലോകത്തെ ഏറ്റവും വലിയ രാഷ്ട്രീയ നയതന്ത്ര ശക്തികളില്‍ ഒന്നായി ഇന്ത്യയെ മാറ്റിയത് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ സ്റ്റേറ്റ്മാന്‍ഷിപ്പിന്റെ ഫലമായിട്ടാണ്. ലോകരാജ്യങ്ങള്‍ ശ്രീ നരേന്ദ്ര മോദിയെ കാണുന്നത് ഏറ്റവും ശക്തനായ ലോകനേതാവായാണ്. അത്തരത്തിലുള്ള ഒരു വ്യക്തിത്വത്തിന്റെ കൂടെ തന്റെ പേരുകൂടി കൂട്ടിച്ചേര്‍ത്താല്‍ തനിക്ക് ജനപിന്തുണ ലഭിക്കുമെന്നുള്ള ഉറപ്പാണ് തരൂരിനെ ഈ സാഹസത്തിന് മുതിരാന്‍ പ്രേരിപ്പിച്ചത് എന്നുവേണം കരുതാന്‍.

എംപി എന്ന നിലയില്‍ തന്റെ ലോക്‌സഭാ മണ്ഡലത്തില്‍ വല്ലപ്പോഴും മാത്രമാണ് തരൂര്‍ ഉണ്ടായിട്ടുള്ളത്. തിരുവനന്തപുരത്തെ തീരദേശം ഓക്കിയുടെ ആക്രമണത്തില്‍ തകര്‍ന്നുലഞ്ഞപ്പോള്‍ തിരുവനന്തപുരം എംപി ജര്‍മനിയില്‍ സുഖവാസത്തിന് പോയതും ജനങ്ങള്‍ മറന്നിട്ടില്ല. കേരളത്തെയും തിരുവനന്തപുരത്തെയും രണ്ടു തവണ വെള്ളപ്പൊക്ക കെടുതികള്‍ ഗ്രസിച്ചപ്പോഴും തരൂര്‍ സ്വന്തം മണ്ഡലത്തിലെത്താന്‍ കൂട്ടാക്കിയില്ല.

ഡല്‍ഹിയിലെ സുഖസൗകര്യങ്ങളിലായിരുന്നു അദ്ദേഹം അപ്പോള്‍. അതുകൂടാതെ ബാര്‍സിലോണ, തിരുവനന്തപുരം ട്വിന്‍ സിറ്റി പദ്ധതി പോലുള്ള സ്വപ്നങ്ങള്‍ വിറ്റു വോട്ടര്‍മാരെ പറ്റിച്ചയാളാണ് തരൂര്‍. തിരുവനന്തപുരത്ത് വന്നിട്ടുള്ള പ്രധാന വികസനപ്രവര്‍ത്തനങ്ങള്‍, ചഒ66 ന്റെ പുനര്‍നിര്‍മ്മാണം, വിഴിഞ്ഞം തുറമുഖം, തുടങ്ങിയവ കേന്ദ്ര സര്‍ക്കാര്‍ നേരിട്ട് കൊണ്ടുവന്നതാണ്. എംപി എന്ന നിലയില്‍ തരൂര്‍ മുന്‍കൈ എടുത്തു ഏതെങ്കിലുമൊരു പദ്ധതി തിരുവനന്തപുരത്തിന് നല്‍കിയിട്ടുണ്ടോ?

മണ്ഡലത്തിലെ വികസന പ്രവര്‍ത്തനത്തിന് കല്‍കാശിന്റെ പോലും സംഭാവന നല്കിയിട്ടില്ലാത്ത ശശി തരൂരിനെ പോലെയുള്ളവര്‍ക്ക് എന്തിനു ഇനി വോട്ട് ചെയ്യണമെന്ന് തിരുവനന്തപുരത്തെ കോണ്‍ഗ്രസുകാര്‍ വരെ ചോദിച്ചു തുടങ്ങിയിരിക്കുന്നു. അതിന്റെ ജാള്യത മറച്ചു ജനങ്ങളെ വീണ്ടും പറ്റിക്കാമെന്നുള്ള വ്യാമോഹം തരൂര്‍ ഉപേക്ഷിക്കുകയാണ് നല്ലത്, എന്നാണ് കൃഷ്ണ കുമാര്‍ കുറിച്ചത്.