പുതിയ ചിത്രങ്ങള്‍ അണിയറയില്‍!! ശ്രീപത്മനാഭസ്വാമിയെ കണ്ട് അനുഗ്രഹം തേടി മോഹന്‍ലാല്‍

തിരുവനന്തപുരത്തെത്തി ശ്രീപത്മനാഭസ്വാമിയെ കണ്ട് അനുഗ്രഹം തേടി താരരാജാവ് മോഹന്‍ലാല്‍. ജീത്തു ജോസഫ് ചിത്രം ‘നേരി’ന്റെ ഷൂട്ടിനിടെയാണ് താരം ക്ഷേത്രദര്‍ശനത്തിന് എത്തിയത്. ‘നേരി’ന്റെ പ്രധാന ലൊക്കേഷന്‍ തിരുവനന്തപുരത്താണ്.

തിങ്കളാഴ്ച പുലര്‍ച്ചെയാണ് താരം ക്ഷേത്രത്തിലെത്തിയത്. ക്ഷേത്രത്തിനു പുറത്തിറങ്ങിയ മോഹന്‍ലാലിനെ പൊന്നാടയണിയിച്ചാണ് അധികൃതര്‍ സ്വീകരിച്ചത്. നേരിന്റെ ചിത്രീകരണവുമായി ബന്ധപ്പെട്ട് കഴിഞ്ഞ കുറച്ച് ആഴ്ചകളായി മോഹന്‍ലാല്‍ തലസ്ഥാനത്തുണ്ട്.

വര്‍ഷങ്ങള്‍ക്കു ശേഷമാണ് മോഹന്‍ലാല്‍ തിരുവനന്തപുരത്ത് സിനിമാ ചിത്രീകരണത്തിന് എത്തുന്നത്. 2016 ലും മോഹന്‍ലാല്‍ പത്മനാഭസ്വാമി ക്ഷേത്രത്തില്‍ ദര്‍ശനം നടത്തിയിരുന്നു. അന്ന് സുഹൃത്തുക്കളായ ജി. സുരേഷ് കുമാര്‍, എം.ബി.സനില്‍ കുമാര്‍ എന്നിവരോടൊപ്പമാണ് താരം എത്തിയത്.

പത്തനംതിട്ടയിലാണ് താരം ജനിച്ചതെങ്കിലും സ്‌കൂള്‍, കോളജ് ജീവിതം പൂര്‍ത്തിയാക്കിയത് ഇവിടെയാണ്. തിരുവനന്തപുരം ഗവണ്മെന്റ് മോഡല്‍ സ്‌കൂളിലായിരുന്നു മോഹന്‍ലാലിന്റെ സ്‌കൂള്‍ വിദ്യാഭ്യാസം. കോളജ് പഠനം എംജി കോളജിലുമായിരുന്നു.

സൂപ്പര്‍ഹിറ്റുകളായ ദൃശ്യം, ദൃശ്യം 2, ട്വല്‍ത്ത് മാന്‍, റാം എന്നീ ചിത്രങ്ങള്‍ക്ക് ശേഷമാണ് മോഹന്‍ലാല്‍ – ജീത്തു ജോസഫ് കൂട്ടുകെട്ട് വീണ്ടും ഒന്നിക്കുന്ന ചിത്രമാണ് നേര്. ആശിര്‍വാദ് സിനിമാസിന്റെ മുപ്പത്തിമൂന്നാമത് നിര്‍മാണ സംരംഭമാണ്. കോടതി പശ്ചാത്തലമാക്കി ഒരുങ്ങുന്ന ചിത്രമാണ്.

ശാന്തി മായാദേവിയും ജീത്തു ജോസഫും ചേര്‍ന്നാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. സതീഷ് കുറുപ്പാണ് ഛായാഗ്രഹണം. അതേസമയം, മോഹന്‍ലാലിനെ നായകനാക്കി ജീത്തു ജോസഫ് ഒരുക്കുന്ന റാം അണിയറയില്‍ ഒരുങ്ങുന്നുണ്ട്.