മോഹന്‍ലാല്‍ജീത്തു ജോസഫ് കൂട്ടുകെട്ടില്‍ പുറത്തിറങ്ങിയ ചിത്രം ‘ദൃശ്യം2’ വളരെ മോശം സിനിമയെന്ന് വിമര്‍ശിച്ച് നടനും നിരൂപകനുമായ കെആര്‍കെ. സോണി ടെലിവിഷനിലെ സിഐഡി എന്ന സീരിയല്‍ ഈ സിനിമയേക്കാള്‍ നൂറു മടങ്ങ് ഭേദമാണെന്നും ഒരു സ്റ്റാര്‍ മാത്രമേ ദൃശ്യം2 എന്ന ഈ ചിത്രത്തിനു നല്‍കാനാകൂ എന്നും കെആര്‍കെ ട്വീറ്റ് ചെയ്തു. ദൃശ്യം 2വിന്റെ ഹിന്ദി പതിപ്പ് നവംബര്‍ 18ന് റിലീസിന് തയാറെടുക്കുകയാണ്.
സിനിമ റിവ്യു ചെയ്യുന്നതിനായി ദൃശ്യം 2 മലയാളം പ്രൈമില്‍ കണ്ട ശേഷമാണ് സിനിമയെ കുറിച്ചുള്ള തന്റെ പ്രതികരണം അറിയിച്ച് കെആര്‍കെ എത്തിയത്. ‘ദൃശ്യം 2 ഹിന്ദിയും മലയാളത്തിന്റെ ഫ്രെയിം ടു ഫ്രെയിം കോപ്പിയാകും. എത്ര ഇഴഞ്ഞാണ് ഈ സിനിമ പോകുന്നത്. വളരെ മോശം. പുതിയ ഇന്‍സ്പെക്ടര്‍ എത്തുന്നതുവരെയുള്ള രംഗങ്ങള്‍ സഹിക്കാന്‍ കഴിയില്ല. പതുക്കെ തുടങ്ങി അരമണിക്കൂറിനുള്ളില്‍ എന്തൊക്കെയോ സംഭവിക്കുന്നു. വളരെ ഇഴഞ്ഞാണ് സിനിമ പോകുന്നത്. ആദ്യ ഒന്നര മണിക്കൂറില്‍ ഈ ചിത്രത്തില്‍ ഒന്നും തന്നെയില്ല.’സിനിമയുടെ അവസാന 30 മിനിറ്റ് ആളുകള്‍ക്ക് ഇഷ്ടപ്പെട്ടേക്കാം. ഹീറോയുടെ കുടുംബത്തെ പൊലീസ് ഉപദ്രവിക്കുന്നത് ഒരു കാരണമാകാം.
എന്നാല്‍ എല്ലാ പൊലീസ് ഓഫിസര്‍മാരും ഇങ്ങനെ ചെയ്യില്ല. അതുകൊണ്ടുതന്നെ പൊതുസമൂഹത്തിനു പൊലീസിലുള്ള വിശ്വാസം നഷ്ടപ്പെടുന്ന തരത്തിലുള്ള ഇത്തരം രംഗങ്ങള്‍ ഫിലിം മേക്കേഴ്സ് ഒഴിവാക്കണം.’ എന്നും കെആര്‍കെ ട്വിറ്ററില്‍ കുറിച്ചു. അതേസമയം, ദൃശ്യം ഒന്നാ ഭാഗം വന്‍ വിജയമായതോടെ കഴിഞ്ഞ വര്‍ഷം ഫെബ്രുവരിയില്‍ എത്തിയ സിനിമയുടെ രണ്ടാം ഭാഗത്തിനും മികച്ച സ്വീകാര്യതയാണ് ലഭിച്ചത്.
തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളില്‍ ചിത്രം റീമേക്ക് ചെയ്തിരുന്നു. അജയ് ദേവ്ഗണും ശ്രിയ ശരണും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ചുകൊണ്ട് ദൃശ്യം 2ന്റെ ഹിന്ദി പതിപ്പ് നാളെ തിയേറ്ററുകളില്‍ എത്തും. അതേസമയം, ദൃശ്യം 3 സംഭവിക്കുമോ എന്ന് അറിയാനും മലയാളി പ്രേക്ഷകര്‍ കാത്തിരിക്കുകയാണ്.