‘നല്ല വാക്കുകൾക്കും പ്രാർത്ഥനകൾക്കും നന്ദി’ ; കുറിപ്പുമായി ലക്ഷ്മി ഗോപാലസ്വാമി 

മറ്റു ഭാഷകളിൽ നിന്നെത്തി മലയാളികൾക്ക് പ്രിയങ്കരരായി മാറിയ ഒരുപിടി താരങ്ങളുണ്ട്. അക്കൂട്ടത്തിൽ മുൻനിരയിൽ തന്നെയുള്ള നടിയാണ് നടി ലക്ഷ്മി ഗോപാലസ്വാമി. അഭിനയ മികവുകൊണ്ട് മലയാളി പ്രേക്ഷകരുടെ ഹൃദയം കീഴടക്കിയിട്ടുള്ള നായിക കൂടിയാണ് ലക്ഷ്മി ഗോപാലസ്വാമി.…

മറ്റു ഭാഷകളിൽ നിന്നെത്തി മലയാളികൾക്ക് പ്രിയങ്കരരായി മാറിയ ഒരുപിടി താരങ്ങളുണ്ട്. അക്കൂട്ടത്തിൽ മുൻനിരയിൽ തന്നെയുള്ള നടിയാണ് നടി ലക്ഷ്മി ഗോപാലസ്വാമി. അഭിനയ മികവുകൊണ്ട് മലയാളി പ്രേക്ഷകരുടെ ഹൃദയം കീഴടക്കിയിട്ടുള്ള നായിക കൂടിയാണ് ലക്ഷ്മി ഗോപാലസ്വാമി. കർണാടക സ്വദേശി ആണെങ്കിലും മലയാളത്തിലൂടെയാണ് ലക്ഷ്മി ഗോപാലസ്വാമി സിനിമയിലേക്ക് എത്തുന്നത്. പിന്നീട് കന്നഡ, തമിഴ്, തെലുങ്ക് ഭാഷകളിലെല്ലാം അഭിനയിച്ചെങ്കിലും മലയാളത്തിലാണ് നടി കൂടുതലും തിളങ്ങിയത്. മമ്മൂട്ടി, മോഹൻലാൽ, സുരേഷ് ഗോപി, ജയറാം എന്നീ മലയാളത്തിലെ മുൻനിര നായകന്മാരുടെയെല്ലാം നായിക ആയി ലക്ഷ്മി ഗോപാലസ്വാമി വേഷമിട്ടിട്ടുണ്ട്. മികച്ച നർത്തകി കൂടിയായ താരം അങ്ങനെയും പ്രേക്ഷകരുടെ ഇഷ്ടം നേടിയെടുത്തിട്ടുണ്ട്. അതേസമയം കഴിഞ്ഞ കുറച്ചു കാലമായി സിനിമയിൽ നിന്നും അകന്നു നിൽക്കുകയാണ് ലക്ഷ്മി ഗോപാലസ്വാമി. കഴിഞ്ഞ വർഷം ആദ്യം പുറത്തിറങ്ങിയ സല്യൂട്ട് എന്ന സിനിമയിലാണ് മലയാളികൾ ലക്ഷ്മിയെ അവസാനമായി കണ്ടത്. നടിയുടെ തിരിച്ചുവരവ് പ്രേക്ഷകർ ആഗ്രഹിക്കുന്ന ഒന്നാണ്.

അതിനിടെ ജീവിതത്തിലെ വലിയൊരു വിഷമഘട്ടത്തിലൂടെ കടന്നു പോവുകയാണ് ലക്ഷ്മി ഗോപാലസ്വാമി ഇപ്പോൾ. അടുത്തിടെയായിരുന്നു താരത്തിന്റെ അമ്മയുടെ വിയോഗം. ലക്ഷ്മി തന്നെയാണ് ഈ ദുഃഖവാർത്ത സോഷ്യൽ മീഡിയയിലൂടെ ആരാധകരുമായി പങ്കുവെച്ചത്. അമ്മ പോയെന്നും കര്‍മ്മങ്ങള്‍ നടത്തിയെന്നും, എല്ലാവരും അമ്മയുടെ ആത്മശാന്തിക്കായി പ്രാര്‍ത്ഥിക്കണമെന്നും അറിയിച്ച് എത്തുകയായിരുന്നു താരം. നവരാത്രി ആഘോഷങ്ങൾക്കായുള്ള ഒരുക്കത്തിനിടയിലാണ് ലക്ഷ്മിക്ക് അമ്മയെ നഷ്ടമായത്. അമ്മ പോയതോടെ ഞങ്ങളെല്ലാം തകര്‍ന്നുവെന്ന് ലക്ഷ്മി അന്ന് സോഷ്യൽ മീഡിയയിൽ  കുറിച്ചിരുന്നു. ഈയവസരത്തിൽ സഹപ്രവര്‍ത്തകരും ആരാധകരുമെല്ലാം തന്നെ താരത്തെയും സഹോദരനെയും ആശ്വസിപ്പിക്കാനെത്തിയിരുന്നു. ഇപ്പോഴിതാ വലിയൊരു വേദനയെ അതിജീവിക്കുന്ന സമയത്ത് ആശ്വാസമായി നിന്നവരോട് നന്ദി പറഞ്ഞിരിക്കുകയാണ് ലക്ഷ്മി ഗോപാലസ്വാമി. “ഞങ്ങളുടെ ലോകം തന്നെ അവസാനിച്ചുവെന്നാണ് കരുതിയത്. നിശ്ചലമായി നില്‍ക്കുന്ന അവസ്ഥ മാറി വരികയാണ്. ആ ദു:ഖത്തില്‍ നിന്നും പതിയെ കരകയറി വരികയാണ് എല്ലാവരും അമ്മയുടെ ആത്മശാന്തിക്ക് വേണ്ടിയുള്ള പ്രാര്‍ത്ഥന ഇനിയും തുടരണം. വിഷമ ഘട്ടത്തില്‍ കൂടെ നിന്ന് ഞങ്ങളെ ആശ്വസിപ്പിച്ച എല്ലാവരോടും നന്ദി പറയുന്നു. നല്ല വാക്കുകളും പ്രാർത്ഥനകളുമെല്ലാം ഞങ്ങള്‍ക്ക് വലിയൊരു ആശ്വാസമായിരുന്നു.” എന്ന് ലക്ഷ്മി ഇൻസ്റ്റാഗ്രാമിൽ കുറിച്ചു.

നടിയും നർത്തകിയുമായ ലക്ഷ്മിയെ കലാരംഗത്തേക്കു കൈ പിടിച്ചു നടത്തിയത് കർണാടക സംഗീതത്തിൽ പ്രാവീണ്യമുള്ള അമ്മയായിരുന്നു. നൃത്തപരിപാടികൾക്കും ഷൂട്ടിങ്ങിനുമെല്ലാം ലക്ഷ്മിക്കു കൂട്ടു വന്നിരുന്ന അമ്മയെപ്പറ്റി അനുസ്മരണക്കുറിപ്പുകളിൽ പലരും പറഞ്ഞിരുന്നു. ലക്ഷ്മിയുടെ അമ്മയെ പരിചയമുണ്ടെന്നും, ഈ വിയോഗം വിശ്വസിക്കാനാവുന്നതല്ലെന്നും, ശരിക്കും ഷോക്കായി എന്നുമാണ് നടി ശ്വേത മേനോൻ അടക്കമുള്ള താരങ്ങൾ കുറിച്ചത്. തന്റെ വളർച്ചയിലുട നീളം നെടുംതൂണായി നിന്നത് അമ്മയാണെന്ന് ലക്ഷ്മി പലപ്പോഴും പറഞ്ഞിട്ടുണ്ട്. 2000 ൽ പുറത്തിറങ്ങിയ അരയന്നങ്ങളുടെ വീട് എന്ന സിനിമയിലൂടെ ആയിരുന്നു ലക്ഷ്മി ഗോപാലസ്വാമിയുടെ സിനിമാ അരങ്ങേറ്റം. ലോഹിതദാസ് സംവിധാനം ചെയ്ത ഈ ചിത്രത്തില്‍ മമ്മൂട്ടിയുടെ നായികയായിട്ടായിരുന്നു ലക്ഷ്മി ഗോപാലസ്വാമി എത്തിയത്. ആദ്യ ചിത്രത്തിലെ അഭിനയത്തിനു തന്നെ നിരവധി പ്രശംസകള്‍ ഏറ്റുവാങ്ങിയ ലക്ഷ്മിയെത്തേടി ആ വര്‍ഷത്തെ മികച്ച രണ്ടാമത്തെ നടിക്കുള്ള സംസ്ഥാന പുരസ്‌കാരവും എത്തി. കൊച്ചു കൊച്ചു സന്തോഷങ്ങൾ, അച്ഛനെയാണെനിക്കിഷ്‌ടം, ബോയ്‌ഫ്രണ്ട്‌, കീർത്തിചക്ര, ക്രിസ്ത്യൻ ബ്രദേർസ്,പരദേശി, ഒരു ഇന്ത്യൻ പ്രണയകഥ എന്നീ ചിത്രങ്ങളിലടക്കം നിരവധി അഭിനയപ്രാധാന്യമുള്ള ചിത്രങ്ങളിലൂടെ മലയാളത്തിലെ സജീവ സാന്നിധ്യമാവുകയായിരുന്നു ലക്ഷ്മി ഗോപാലസ്വാമി.