Categories: Film News

ലാൽ സിദ്ധിഖ് കൂട്ടുകെട്ടിലെ മലയാളത്തിൽ പിറന്ന വിസ്മയങ്ങൾ !!

ഓരോ അരിമണിയിലും അത് കഴിക്കേണ്ടയാളുടെ പേരുണ്ട് എന്നതിനെ അന്വർത്ഥമാക്കുന്ന രീതിയിലാണ് സഫാരി ചാനലിൽ സംവിധായകൻ സിദ്ധിഖിന്റെ ചരിത്രം എന്നിലൂടെ എന്ന പ്രോഗ്രാമിന്റെ ഓരോ എപ്പിസോഡും കഴിയുമ്പോൾ പ്രേക്ഷകർക്ക് അനുഭവപ്പെടുന്നത്. രാജാവിന്റെ മകനും ഏകലവ്യനും ദൃശ്യവും പരദേശിയും മമ്മൂട്ടി നിരസിച്ച വേഷങ്ങളാണെന്ന് നമുക്കറിയാം. പഞ്ചാഗ്നിയും ആരണ്യകവും ആ നിരയിൽ പെടുന്നതാണെന്നാണ് അറിവ്. കമലിന്റെ ചക്രം മോഹൻലാൽ ഒഴിവാക്കുകയും പിന്നീട് ആ വേഷം പ്രഥ്വിരാജ് ചെയ്തതും പെരുമഴക്കാലത്തിൽ പ്രഥ്വിയുടെ റോൾ ദിലീപിലേക്കെത്തിയതും വായിച്ചിട്ടുണ്ട്.

ഐ.വി.ശശി – എം ടി വാസുദേവൻ നായർ ദ്വയത്തിന്റെ തൃഷ്ണയിൽ രതീഷ് ചെയാനിരുന്ന വേഷം ഒടുവിൽ മമ്മൂട്ടിയിലേക്കെത്തുകയായിരുന്നു. ബാബു നമ്പൂതിരിയെ രണ്ടാഴ്ച്ചയോളം പരീക്ഷിച്ചിട്ടാണ് ആ വേഷം മമ്മൂട്ടിയെ തേടിയെത്തിയത്. ടി.എസ്.സുരേഷ് ബാബു – ഡെന്നീസ് ജോസഫ് ടീമിന്റെ പാളയം ഒരു സുരേഷ് ഗോപി – ബാബു ആന്റണി ചിത്രമായി പ്ലാൻ ചെയ്യുകയും ഒടുവിൽ മനോജ് കെ.ജയൻ – രതീഷ് ടീമിലേക്കെത്തിയതും. മോഹൻലാൽ – തിലകൻ കൂട്ട്കെട്ടിൽ ചിത്രീകരിക്കേണ്ട ചമയം ഒടുവിൽ മനോജ്. കെ.ജയൻ – മുരളി എന്നിവരിലേക്കെത്തിയതും എവിടെയോ വായിച്ചിട്ടുണ്ട്.

സിദ്ധിഖ് – ലാൽ ചിത്രങ്ങളിലാകട്ടെ ആദ്യ ചിത്രമായ റാംജിറാവ് സ്പീക്കിംഗ് മുതൽ പല താരങ്ങളെയും മാറ്റി പ്രതിഷ്ഠിച്ചിട്ടുണ്ട്. പലരുടെയും കാൾ ഷീറ്റ് മാറി മറിയുന്നതു കൊണ്ടാണിങ്ങനെ സംഭവിക്കുന്നതെന്ന് സിദ്ധിഖ് എടുത്തു പറയുന്നുണ്ട്. മോഹൻലാലിനെ മനസിൽ കണ്ടെഴുതിയ റാം ജിറാവ് സ്പീക്കിംഗ് ഫാസിലിന്റെ നിർദേശപ്രകാരം മാറ്റുന്നതും ഒടുവിൽ ജയറാമിന്റെ നിരക്ക് മൂലം സായ് കുമാറിലേക്കെത്തിയതും സിദ്ധിഖ് വിശദീകരിക്കുന്നുണ്ട്. രസമതല്ല പ്രധാന കഥാപാത്രമായി സംവിധായകർ മനസിൽ കണ്ട ഇന്നസെന്റ്, മുകേഷിന്റെ കടുത്ത സമ്മർദ്ദത്തെ തുടർന്നാണ് റാം ജിറാവുവിലെ മത്തായി ചേട്ടന്റെ റോൾ സ്വീകരിക്കുന്നത്. ആ വേഷം ഇന്നസെന്റിനെ മാത്രം മനസിൽ കണ്ട് എഴുതിയതായിരുന്നു. ഒടുവിൽ മാള അരവിന്ദനെ വിളിച്ചപ്പോഴേക്കും ഇന്നസെന്റ് മടങ്ങിയെത്തി.

ഇൻഹരിഹർ നഗറിലാണ് വച്ചു മാറ്റത്തിന്റെ പ്രളയം. മുകേഷ്, അതിഥി താരങ്ങളായി വരുന്ന സുരേഷ് ഗോപി, സായ് കുമാർ എന്നിവരൊഴികെ എല്ലാവരുടെയും റോളുകൾ വച്ചു മാറി. മീന ചെയ്യാനിരുന്ന നായിക വേഷം ഗീതാ വിജയൻ ചെയ്തു. ജഗദീഷ്, സിദ്ധിഖ്, അശോകൻ എന്നിവരുടെ വേഷങ്ങളും പരസ്പരം മാറ്റാൻ ആലോചിച്ചിരുന്നു. നാല് നായകരിൽ ഒരാളാകാൻ വന്ന അപ്പാ ഹാജയേയും രിസ ബാവയേയും മറ്റ് വേഷങ്ങളിലേക്ക് മാറ്റി. ചെറു പ്രായത്തിലേ വില്ലനാകാൻ വയ്യാതെ പിൻമാറാനൊരുങ്ങിയ രിസ ബാവയെ, കലാഭവൻ അൻസാറിന്റെ നിരന്തര പ്രേരണയാലാണ് മനം മാറ്റിയെടുത്തത്. രിസ ബാവക്ക് ആ വേഷം ബ്രേക്കാവുകയും ചെയ്തു. വരും ഭാഗങ്ങളിൽ മറ്റ് ചിത്രങ്ങളിലെ മാറ്റങ്ങളും സിദ്ധിഖ് വെളിപ്പെടുത്തുമെന്ന് കരുതുന്നു.

വച്ചു മാറ്റങ്ങളിൽ എന്നെ ഏറെ ചിരിപ്പിച്ചതും ചിന്തിപ്പിച്ചതും സിദ്ധിഖ് – ലാൽ ടീമിന്റെ പ്രഥമ തിരക്കഥയും നാടോടിക്കാറ്റിന്റെ ആദ്യ രൂപവുമായ ” കാലില്ലാ കോലങ്ങൾ ” ആദ്യം ചർച്ച ചെയ്യുന്നത് മമ്മൂട്ടിയുമായിട്ടാണ്. തനിക്ക് ചെയ്യുവാനായി അദ്ദേഹം തെരഞ്ഞെടുത്ത വേഷം ക്യാപ്റ്റൻ രാജു അനശ്വരമാക്കിയ പവനായിയുടേതായിരുന്നു. അന്ന് ആ കഥാപാത്രത്തിന് സിദ്ധിഖ് – ലാൽ നൽകിയ പേര് ഹോനായി എന്നായിരുന്നു. സത്യൻ – ശ്രീനി ടീം, ആ റോളിന്റെ പേര് പവനായി എന്നാക്കി മാറ്റുകയായിരുന്നു. ഹോനായിയെ ഇൻ ഹരിഹർ നഗറിലേക്കും എടുത്തു.

Rahul