റിലീസ് ദിനത്തില്‍ മാരത്തോണ്‍ ഫാന്‍സ് ഷോയുമായി ലിയോ; കേരളത്തിൽ 24 മണിക്കൂർ പ്രദർശനങ്ങൾ

കഴിഞ്ഞ ഒരു മാസമായി തമിഴ് സിനിമാപ്രേമികള്‍ക്കിടയില്‍ ചര്‍ച്ചയായത് രജനികാന്ത് ചിത്രം ജയിലര്‍ ആയിരുന്നെങ്കില്‍ ഇനി അത് വിജയ് ചിത്രം ലിയോ ആണ്. വിക്രത്തിന് ശേഷം സ്റ്റാര്‍ ഡയറക്ടര്‍ ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന ചിത്രമെന്ന…

കഴിഞ്ഞ ഒരു മാസമായി തമിഴ് സിനിമാപ്രേമികള്‍ക്കിടയില്‍ ചര്‍ച്ചയായത് രജനികാന്ത് ചിത്രം ജയിലര്‍ ആയിരുന്നെങ്കില്‍ ഇനി അത് വിജയ് ചിത്രം ലിയോ ആണ്. വിക്രത്തിന് ശേഷം സ്റ്റാര്‍ ഡയറക്ടര്‍ ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന ചിത്രമെന്ന ഹൈപ്പോടെ എത്തുന്ന ലിയോ ഒക്ടോബര്‍ 19 നാണ് തിയറ്ററുകളില്‍ എത്തുന്നത്. വിജയ് ഫാൻസ്‌ അത്രയധികം ആവേശതോറെയും ആകാംഷയോടെയുമാണ് ലിയോയ്ക്കായി കാത്തിരിക്കുന്നത്. നമുക്കറിയാം   ഇഷ്ട താരങ്ങളുടെ പുതിയ സിനിമകള്‍ക്ക് ആരാധകരുടെ നേതൃത്വത്തില്‍ ഫാന്‍സ് ഷോകള്‍ ഒരുക്കാറുണ്ട്. റെഗുലര്‍ പ്രദര്‍ശനങ്ങള്‍ ആരംഭിക്കുന്നതിന് മുന്‍പ് നന്നേ പുലര്‍ച്ചെ തന്നെ ആരംഭിക്കുന്ന ഇത്തരം ഷോകള്‍ പ്രേക്ഷക പങ്കാളിത്തം കൊണ്ടും തിയറ്ററിലെ ആവേശം കൊണ്ടും ശ്രദ്ധ നേടാറുണ്ട്. കേരളത്തില്‍ സമീപകാലത്ത് ബിഗ് റിലീസുകളുടെ ഫാന്‍സ് ഷോകളെല്ലാം പുലര്‍ച്ചെ നാലിനാണ് ആരംഭിക്കാറ്. ഇപ്പോഴിതാ അത്തരം ഫാന്‍സ് ഷോകളില്‍ റെക്കോര്‍ഡ് ഇടാന്‍ എത്തുകയാണ് ഒരു ലിയോ.ബിഗ് കാന്‍വാസ് സൂപ്പര്‍താര ചിത്രങ്ങള്‍ക്ക് സാധാരണ ഏതാനും പ്രദര്‍ശനങ്ങളാണ് റിലീസ് ദിനത്തില്‍ ഫാന്‍സ് ഷോകളായി നടക്കാറെങ്കില്‍ വിജയ് ചിത്രത്തിന് 24 മണിക്കൂര്‍ നീളുന്ന മാരത്തോണ്‍ ഫാന്‍സ് ഷോകളാണ് നടക്കുക. തിരുവനന്തപുരം പുല്ലുവിളയിലുള്ള എസ് എ മള്‍ട്ടിപ്ലെക്സിലാണ് വിജയ് ആരാധകക്കൂട്ടായ്മയായ പ്രിയമുടന്‍ നന്‍പന്‍സിന്‍റെ നേതൃത്വത്തില്‍ മാരത്തോണ്‍ ഫാന്‍സ് ഷോകള്‍ സംഘടിപ്പിച്ചിരിക്കുന്നത്. റിലീസ് ദിനമായ ഒക്ടോബര്‍ 19 ന് പുലര്‍ച്ചെ 4ന് ആരംഭിച്ച് 7, 11, 2, 6, 9.30, 11.59, ഒക്ടോബര്‍ 20 ന് പുലര്‍ച്ചെ 4 എന്നിങ്ങനെയാണ് ഷോകളുടെ സമയം. വലിയ ഹൈപ്പോടെയും പ്രൊമോഷനോടെയും വരുന്ന വിജയ് ചിത്രം എന്നതാണ് മാരത്തോണ്‍ ഫാന്‍സ് ഷോകള്‍ സംഘടിപ്പിക്കാനുള്ള കാരണമെന്ന് സംഘടനയുടെ പ്രതിനിധി നിധിന്‍ ആന്‍ഡ്രൂസ് മാധ്യമങ്ങളോട്  പറഞ്ഞു. റിലീസ് ദിനത്തില്‍ തിയറ്റര്‍ എടുത്തിരിക്കുകയാണ് തങ്ങളെന്നും എല്ലാ ഷോകള്‍ക്കും ആളെത്തുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും നിധിന്‍ പറയുന്നു. ഒരു വര്‍ഷം മുന്‍പ് തുടങ്ങിയ സംഘടന ലിയോയുടെ റിലീസിന് മുന്‍പ് വിദ്യാര്‍ഥികള്‍ക്ക് സാമ്പത്തികസഹായം നല്‍കുന്ന മറ്റൊരു പരിപാടിയും സംഘടിപ്പിച്ചിട്ടുണ്ട്. നഴ്സിംഗ് പഠനം കഴിഞ്ഞ് വിദേശത്തേക്ക് പോകാന്‍ ശ്രമിക്കുന്ന വിദ്യാര്‍ഥികളില്‍ സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന 100 പേരെ തെരഞ്ഞെടുത്ത് സ്പോണ്‍സര്‍ ചെയ്യാനാണ് ഉദ്ദേശിക്കുന്നതെന്നും നിധിന്‍ പറയുന്നു.

ഒക്ടോബര്‍ 7 നാണ് ഈ പരിപാടി നടക്കുക. അതെ സമയം റിലീസിന് ഏതാണ്ട്  ഒരു മാസത്തിലേറെ ശേഷിക്കുമ്പോള്‍ ചിത്രം ഇപ്പോഴിതാ ഒരു റെക്കോര്‍ഡ് സ്വന്തമാക്കിയിരിക്കുകയാണ്. യുകെയിലെ അഡ്വാന്‍സ് ബുക്കിംഗ് കണക്കുകളിലാണ് ലിയോ വാര്‍ത്ത സൃഷ്ടിച്ചിരിക്കുന്നത്. സെപ്റ്റംബര്‍ 7 നാണ് ലിയോയുടെ യുകെ അഡ്വാന്‍സ് ബുക്കിംഗ് ആരംഭിച്ചത്. അതായത് റിലീസിന് ആറ് ആഴ്ചകള്‍ക്ക് മുന്‍പ്. ആദ്യദിനങ്ങളില്‍ തന്നെ വലിയ പ്രതികരണമാണ് കാണികള്‍ നല്‍കിയത്. ആദ്യ 24 മണിക്കൂറില്‍ തന്നെ 10,000 ല്‍ അധികം ടിക്കറ്റുകള്‍ ഇവിടെ വിറ്റുപോയിരുന്നു. ഇപ്പോഴിതാ അഞ്ച് ദിവസത്തെ ടിക്കറ്റ് ബുക്കിംഗ് കണക്കുകള്‍ എത്തിയിരിക്കുകയാണ്. ചിത്രത്തിന്‍റെ 18,000 ടിക്കറ്റുകളാണ് വിറ്റുപോയിരിക്കുന്നത്. ചിത്രത്തിന്‍റെ യുകെയിലെ വിതരണക്കാരായ അഹിംസ എന്‍റര്‍ടെയ്ന്‍‍മെന്‍റ് തന്നെയാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്. ആദ്യ അഞ്ച് ദിവസത്തെ ബുക്കിംഗ് കൊണ്ട് യുകെയിലെ റിലീസ് ദിന കളക്ഷനില്‍ ചിത്രം ഒരു കോടി പിന്നിട്ടിരിക്കുന്നതായി ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു. ഇന്ത്യന്‍ സിനിമയില്‍ നിന്ന് തന്നെ ആദ്യമായാണ് ഒരു ചിത്രം റിലീസിന് ആറ് ആഴ്ച മുന്‍പ് യുകെയില്‍ ബുക്കിംഗ് ആരംഭിക്കുന്നത്. മാസ്റ്ററിന് ശേഷം വിജയും ലോകേഷും ഒന്നിക്കുന്ന ചിത്രത്തിന്‍റെ പോസ്റ്റ് പ്രൊഡക്ഷന്‍ ധ്രുതഗതിയില്‍ പുരോഗമിക്കുകയാണ്. തൃഷ നായികയാവുന്ന ചിത്രത്തില്‍ സഞ്ജയ് ദത്ത്, ഗൌതം മേനോന്‍, മിഷ്കിന്‍, മാത്യു തോമസ്, ബാബു ആന്‍റണി, മഡോണ സെബാസ്റ്റ്യന്‍ തുടങ്ങി വലിയ താരനിരയാണ് അണിനിരക്കുന്നത്.