പുതിയ ചിത്രവുമായി ആ പഴയ നിര്‍മ്മാതാവ് വരുന്നു ; അവസാനമെടുത്തത് മമ്മൂട്ടി ചിത്രം 

മലയാളത്തിലെ മുൻനിര ചലച്ചിത്ര നിർമ്മാണ കമ്പനിയാണ്  ലിബർട്ടി പ്രൊഡക്ഷൻസ്. ഒരിടവേളക്കു ശേഷം ലിബർട്ടി പ്രൊഡക്ഷൻസ് നിർമ്മാണ രംഗത്തേക്കു  വീണ്ടും കടന്നു വരുന്നു എന്ന വാർത്തയാണ് ഇപ്പോൾ പുറത്ത് വരുന്നത്. മലയാളത്തിൽ നിരവധി ഹിറ്റ് ചിത്രങ്ങൾ പ്രേക്ഷകർക്ക് സമ്മാനിച്ച ചലച്ചിത്ര നിർമാണ കമ്പനിയാണ് ലിബർട്ടി പ്രൊഡക്ഷൻസ്. അബ്കാരി, ഇൻസ്പെക്ടർ ബൽറാം, നായർസാബ്, വർത്തമാനകാലം, പൂച്ചയ്ക്കാര് മണി കെട്ടും, ബൽറാം VS താരാദാസ് തുടങ്ങിയ ശ്രദ്ധേയ ചിത്രങ്ങള്‍ നിര്‍മ്മിച്ച ബാനര്‍ ആണ് ലിബര്‍ട്ടി ബഷീറിന്‍റെ ലിബര്‍ട്ടി പ്രൊഡക്ഷന്‍സ്.  കാഴ്ച, ബഡാ ദോസ്ത് തുടങ്ങിയ ചിത്രങ്ങള്‍ വിതരണം ചെയ്തതും ലിബർട്ടി പ്രൊഡക്ഷൻസായിരുന്നു. അതേസമയം വൻ മുതൽ മുടക്കിൽ നിർമ്മിച്ച ബൽറാം Vട താരാദാസ് എന്ന മമ്മൂട്ടി ചിത്രമാണ് ലിബര്‍ട്ടി പ്രൊഡക്ഷന്‍സിന്റെ ബാനറിൽ അവസാനം റിലീസ് ചെയ്യപ്പെട്ടത്. എന്നാലിപ്പോൾ ‘പഞ്ചായത്ത് ജെട്ടി’ എന്ന ചിത്രത്തിലൂടെയാണ് ഈ ബാനര്‍ ചലച്ചിത്ര നിര്‍മ്മാണ രംഗത്തേക്ക് വീണ്ടും തിരിച്ചെത്തുന്നത്.

മറിമായം എന്ന ജനകീയ പരമ്പരയിലൂടെ ഏറെ ശ്രദ്ധേയരാവുകയും ഇപ്പോൾ പഞ്ചായത്ത് ജെട്ടി എന്ന ചിത്രം സംവിധാനം ചെയ്തു വരികയും ചെയ്യുന്ന മണികണ്ഠൻ പട്ടാമ്പി, സലിം ഹസൻ എന്നിവരാണ് ഈ ചിത്രം സംവിധാനം ചെയ്യുന്നത്. ഇവരുടെ ഒരു ചിത്രം നിർമ്മിക്കണമെന്നത് തൻ്റെ ഏറെക്കാലത്തെ ആഗ്രഹമായിരുന്നു. അതാണ് ഇപ്പോൾ പ്രാവർത്തികമാകുന്നതെന്ന് നിർമ്മാതാവായ ലിബർട്ടി ബഷീർ പറയുന്നു. ചിത്രത്തിനെ കുറിച്ചുള്ള      വിശദാംശങ്ങൾ വൈകാതെ തന്നെ പുറത്തു വിടുമെന്നും ലിബർട്ടി ബഷീർ പറയുന്നുണ്ട് . ഈ ചിത്രത്തെത്തുടർന്ന് പുതിയ ചിത്രങ്ങളും ആരംഭിക്കുന്നുണ്ട്. അതിൻ്റെ പ്രാരംഭ പ്രവർത്തനങ്ങൾ നടന്നു വരികയാണ് എന്നും അദ്ദേഹം സൂചിപ്പിച്ചു. അതേസമയം ഒട്ടേറെ കാലിക പ്രസക്തിയുള്ള സാമൂഹ്യ വിഷയങ്ങൾ നർമ്മത്തിൽ ചാലിച്ച് അവതരിപ്പിച്ചു പോരുന്ന ജനപ്രിയ സ്കിറ്റ്കോം  പരമ്പരയായ മറിമായത്തിലെ മുഴുവൻ അഭിനേതാക്കളും വെള്ളിത്തിരയിലെത്തുന്ന ചിത്രമാണ് പഞ്ചായത്ത് ജെട്ടി. മണികണ്ഠൻ പട്ടാമ്പിയും സലിം ഹസ്സനും ചേർന്നാണ് ഈ ചിത്രം തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്നത് എന്ന പ്രേത്യേകതയും ചിത്രത്തിനുണ്ട്.  കൊച്ചിയിലെ കലൂർ ഐ.എം.എ ഹാളിൽ നടന്ന ചടങ്ങിലൂടെ സംവിധായകൻ സത്യൻ അന്തിക്കാട് ആദ്യ ഭദ്രദീപം തെളിയിച്ചാണ് ചിത്രീകരണത്തിന് തുടക്കമിട്ടത്.

ഒരു പഞ്ചായത്തിന്റെ നേർക്കാഴ്ച്ചയാണ് ഈ ചിത്രത്തിലൂടെ അവതരിപ്പിക്കുന്നത്. പഞ്ചായത്തിലെ പൊതുവായ രണ്ടു പ്രശ്നങ്ങളുണ്ട്. അതു നടത്തിയെടുക്കാനുള്ള ശ്രമമാണ് ഈ ചിത്രത്തിലൂടെ അവതരിപ്പിക്കുന്നത്. അതു വിജയത്തിലെത്തുമോ എന്നതാണ് ചിത്രമുയർത്തുന്ന ചോദ്യവും. പൂർണമായും നർമത്തിലൂടെയും ഹൃദയ സ്പർശിയായ മുഹൂർത്തങ്ങളിലൂടെയും ഇതിനുത്തരം കണ്ടെത്താൻ ശ്രമിക്കുയാണ് ഈ ചിത്രത്തിന്റെ അണിയറ പ്രവർത്തകർ.
മറിമായത്തിലെ സലിം ഹസ്സൻ, നിയാസ് ബക്കർ, ഉണ്ണിരാജ്, വിനോദ് കോവൂർ, മണി ഷൊർണ്ണൂർ, മണികണ്ഠൻ പട്ടാമ്പി, രാഘവൻ, റിയാസ്, സജിൻ, ശെന്തിൽ, അരുൺ പുനലൂർ, ആദിനാട് ശശി, ഉണ്ണി നായർ, രചനാ നാരായണൻകുട്ടി, സ്നേഹാ ശ്രീകുമാർ, വീണാ നായർ, രശ്മി അനിൽ, കുളപ്പുളി ലീല, സേതുലഷ്മി, ഷൈനി സാറാ, പൗളി വത്സൻ തുടങ്ങിയവരാണ് ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തുന്നത്. ഗാനങ്ങൾ – സന്തോഷ് വർമ്മ, രഞ്ജിൻ രാജിൻ്റെ താണു സംഗീതം. ഛായാഗ്രഹണം ക്രിഷ് കൈമൾ. എഡിറ്റിംഗ് -ശ്യാം ശശിധരൻ. കലാസംവിധാനം -സാബു മോഹൻ. കോസ്റ്റ്യും – ഡിസൈൻ അരുൺ മനോഹർ. മേക്കപ്പ് – ഹസ്സൻ വണ്ടൂർ. ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ -രാജേഷ് അടൂർ. പ്രൊഡക്ഷൻ എക്സിക്കുട്ടീവ് – പ്രഭാകരൻ കാസർകോട്. പ്രൊഡക്ഷൻ കൺട്രോളർ- ബാബുരാജ് മനിശ്ശേരി. എക്സിക്യുട്ടീവ് പ്രൊഡ്യൂസേഴ്സ് – പ്രേംപെപ്കോ, ബാലൻ.കെ. മങ്ങാട്ട്. ലൈൻ പ്രൊഡ്യൂസർ വാഴൂർ ജോസ്, എക്സിക്കുട്ടീവ് പ്രൊഡ്യൂസർ രാംകുമാർ കാഞ്ഞങ്ങാട് എന്നിവരാണ്.