‘ഇപ്പോൾ വരുമെന്നൊക്കെ പറഞ്ഞു, നോക്കിയപ്പോൾ വിജയ്’ ; മനസ്സു തുറന്ന് മാലാ പാർവതി 

 

മലയാള സിനിമയിലെ സജീവ സാന്നിധ്യമായ നടിയാണ് മാലാ പാർവതി. മലയാളത്തിലെ ന്യൂജനറേഷൻ അമ്മയെന്ന വിശേഷണമുള്ള നടി കൂടിയാണ് മാലാ പാർവതി. അമ്മ വേഷങ്ങളിലും ഡോക്ടർ വേഷങ്ങളിലുമൊക്കെയാണ് നടി കൂടുതലായി പ്രത്യക്ഷപ്പെടാറുള്ളത്. മലയാളത്തിന് പുറമെ തമിഴിലും തെലുങ്കിലും ഒക്കെത്തന്നെ ശ്രദ്ധേയ സിനിമകളുടെ ഭാഗമായിട്ടുണ്ട് മാലാ പാർവതി. അഭിനേത്രി എന്നതിനു പുറമെ സാമൂഹിക പ്രവര്‍ത്തക എന്ന നിലയിലും മലയാളികൾക്ക് പരിചിതയാണ് താരം. ടെലിവിഷനിലും മാലാ പാർവതി തിളങ്ങിയിട്ടുണ്ട്. നിരവധി പരിപാടികളിൽ വിധി കർത്താവായും അവതാരകയായുമെല്ലാം എത്തിയിട്ടുള്ള നടിയുടെ കരിയർ ആരംഭിക്കുന്നത് ഏഷ്യാനെറ്റിലെ ഉൾക്കാഴ്ച എന്ന പ്രോഗ്രാമിലൂടെയാണ്. ഷാജി കൈലാസ് സംവിധാനം ചെയ്ത ടൈം എന്ന ചിത്രത്തിലൂടെ ആയിരുന്നു സിനിമയിൽ  അരങ്ങേറിയത്. പിന്നീട് നിരവധി സിനിമകളിൽ ശ്രദ്ധേയമായ വേഷങ്ങളിൽ എത്തി. ഏറ്റവും ഒടുവിൽ മാസ്റ്റർപീസ് എന്ന വെബ് സീരീസിലാണ് നടി അഭിനയിച്ചത്. നിത്യ മേനോൻ, ഷറഫുദീൻ എന്നിവർ പ്രധാന വേഷങ്ങളിൽ എത്തിയ പരമ്പരയിൽ ശ്രദ്ധേയ വേഷത്തിലെത്തി കയ്യടി നേടുകയാണ് മാലാ പാർവതി.

അതിനിടെ സീരീസിന്റെ പ്രമോഷന്റെ ഭാഗമായി അഭിമുഖങ്ങൾ നൽകുന്ന തിരക്കിലുമാണ് നടി. അടുത്തിടെ പണ്ട് സിനിമയിലേക്ക് വരുന്നതിന് വീട്ടിൽ ഉണ്ടായ എതിർപ്പുകളെ കുറിച്ചൊക്കെ നടി സംസാരിച്ചിരുന്നു. ഇപ്പോഴിതാ തന്റെ നീലത്താമര സിനിമ കണ്ട ശേഷം അമ്മ പ്രതികരിച്ചത് എങ്ങനെയാണെന്ന് പറയുകയാണ് മാലാ പാർവതി. ഒരു ഓൺലൈൻ ചാനലിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു നടി. ‘ഞാൻ അഭിനയിച്ച നീലത്താമര കണ്ടു വന്നിട്ട് പറഞ്ഞു, കണ്ട ആണുങ്ങളെ പിഴപ്പിക്കാനല്ല നിന്നെ ഞാൻ വളർത്തിയതെന്ന്‌. അങ്ങനെ ഒരാളാണ് എന്റെ അമ്മ. തഗ്ഗിന്റെ ആളാണ്. ഒരിക്കൽ തിലകൻ ചേട്ടൻ എന്തോ മരുന്നിന്റെ കാര്യമറിയാൻ അമ്മയെ വിളിച്ചു. ഫോൺ വെച്ച് കഴിഞ്ഞപ്പോൾ അമ്മ പറയുകയാണ്, ആ മോളെ ഉപദ്രവിച്ച അയാളെ എനിക്ക് ഒട്ടും ഇഷ്ടമല്ല എന്ന്. നമുക്ക് പാർക്കാം മുന്തിരി തോപ്പുകളിലെ തിലകൻ ചേട്ടന്റെ കഥാപാത്രത്തെ വെച്ചാണ് അമ്മ പറയുന്നത്. അമ്മ അതൊക്കെ സീരിയസായി എടുത്തിരിന്നു എന്നും മാല പാർവതി പറയുന്നു. ‘അമ്മ സിനിമയൊക്കെ കാണുമ്പോൾ ഇരുന്ന് ഇടിക്കെടാ ഇടിക്കെടാ എന്നൊക്കെ പറയും. അമ്മ മനസ്സിനക്കരെയിലെ ഷിലാമ്മയെ പോലെയാണ്. ഭയങ്കര ഇൻവോൾവ്ഡ് ആയിരുന്നു കാണും എന്നും മാല പാർവതി കൂട്ടിച്ചേർത്തു. അമ്മയുമായി ബന്ധപ്പെട്ട ചില രസകരമായ സംഭവങ്ങളും നടി പങ്കുവെച്ചു. ‘ഒരു ദിവസം അമ്മ ജോലി കഴിഞ്ഞ് വീട്ടിലേക്ക് വരുകയാണ്. കോസ്മോപോളിറ്റൻ ആശുപത്രിയുടെ മുന്നിലൂടെയാണ് അമ്മ വന്നത്. ഞാനും എന്റെ സുഹൃത്ത് സംഗീതയും കൂടി വീടിന്റെ പുറത്ത് നിൽക്കുമ്പോഴാണ് അമ്മയുടെ വരവ്.

വീട്ടിലെത്തി അമ്മ ഞങ്ങളോട് ചോദിച്ചു, കോസ്മോപോളിറ്റൻ ആശുപത്രിയുടെ മുന്നിൽ ഒരാൾ തോക്കും പിടിച്ചു നിൽക്കുന്നു. അത് ആരാണെന്ന്. തോക്കും പിടിച്ച് നിൽക്കുന്നു എന്ന് കേട്ടപ്പോൾ ഞാനും സംഗീതയും കൂടി വേഗം നോക്കാൻ പോയി. അവിടെ ചെന്നപ്പോൾ സൂര്യയുടെ കട്ടൗട്ട്. ‘ഇതുപോലെ ഒരിക്കൽ ടിവിയിൽ ഒരു സിനിമ കാണുന്നതിനിടെ എന്നെ വിളിച്ചു. മോളെ ഒരു നല്ല പയ്യനെ കാണിച്ചു. ഇപ്പോൾ വരും എന്നൊക്കെ പറഞ്ഞ് പിടിച്ചു നിർത്തി. നോക്കിയപ്പോൾ വിജയ്. സമയമില്ലാത്തതിനാൽ അമ്മ ഇപ്പോഴത്തെ സിനിമകളൊന്നും കണ്ടിരുന്നില്ല. പണ്ടത്തെ ക്ലാസ്സിക് സിനിമകളുടെയൊക്കെ ആളായിരുന്നു. ഞങ്ങൾ ചെറുതായിരുന്നപ്പോൾ മഞ്ഞിൽ വിരിഞ്ഞ പൂക്കൾ, കള്ളൻ പവിത്രൻ തുടങ്ങിയ സിനിമകളൊക്കെ കാണാൻ കൊണ്ടുപോയിട്ടുണ്ട്. ഞങ്ങൾ മുതിർന്ന ശേഷമാണ് അമ്മ അങ്ങനെ സിനിമകൾ കാണാതായത് എന്നും മാല പാർവതി പറയുന്നു.