Categories: Film News

‘കെജിഎഫ് ടുവിന്റെ ടീസറില്‍ എന്റെ ശബ്ദം കേട്ട് പലരും എനിക്ക് മെസേജ് അയക്കുന്നുണ്ട്’ മാലാ പാര്‍വതി

ആരാധകര്‍ വലിയ ആവേശത്തോടെ കാത്തിരിക്കുന്ന ചിത്രമാണ് കെജിഎഫ് ചാപ്റ്റര്‍ 2. ചിത്രത്തിന്റെ ട്രെയ്ലര്‍ കഴിഞ്ഞ ദിവസം റിലീസ് ചെയ്തിരുന്നു.
മികച്ച പ്രതികരണം നേടുന്ന കെജി എഫ് ചാപ്റ്റര്‍ ടുവിന്റെ ട്രെയ്ലറിന്റെ മലയാളം പതിപ്പില്‍ മാളവിക അവിനാഷിന് വേണ്ടി നടി മാലാ പാര്‍വതി ആണ് ശബ്ദം നല്‍കിയത്. തന്റെ ശബ്ദം ആളുകള്‍ തിരിച്ചറിഞ്ഞതിന്റെ സന്തോഷത്തിലാണ് നടി. തനിക്ക് ലഭിക്കുന്ന അഭിനന്ദനങ്ങള്‍ക്ക് ശങ്കര്‍ രാമകൃഷ്ണനോട് നന്ദി പറയുന്നു. അദ്ദേഹമാണ് കെജിഎഫിന്റെ മലയാളം പതിപ്പിന് തിരക്കഥ എഴുതിയതും ശബ്ദം നല്‍കേണ്ടവരെ തീരുമാനിച്ചതുമെന്നും മാലാ പാര്‍വതി പറയുന്നു.

മാലാ പാര്‍വതിയുടെ വാക്കുകള്‍

പ്രിയ സുഹൃത്തുക്കളെ, കെജിഎഫ് ടുവിന്റെ ടീസറില്‍ എന്റെ ശബ്ദം കേട്ട് പലരും എനിക്ക് മെസേജ് അയക്കുന്നുണ്ട്. എല്ലാവരോടും നന്ദി, എന്നാല്‍ സംവിധായകനും തിരക്കഥാകൃത്തും നടനുമായ എന്റെ പ്രിയ സുഹൃത്ത് ശങ്കര്‍ രാമകൃഷ്ണനോടാണ് ഞാന്‍ ഏറ്റവും കടപ്പെട്ടിരിക്കുന്നത്.അതി മനോഹരമായ സ്‌ക്രിപ്റ്റ് കൊണ്ടും അതിന് ചേരുന്ന ശബ്ദങ്ങളുമെല്ലാം ചേര്‍ത്ത് അക്ഷരാര്‍ത്ഥത്തില്‍ അദ്ദേഹം കെജിഎഫിനെ മികവോടെ മലയാളത്തിലേക്ക് റീമേക്ക് ചെയ്തു.

അദ്ദേഹം ഒറ്റയ്ക്ക് തന്നെ മലയാളം പതിപ്പിനെ മറ്റൊരു തലത്തിലേക്ക് കൊണ്ടുപോയി.അദ്ദേഹം കാണിച്ച അര്‍പ്പണബോധവും പ്രതിബദ്ധതയും ശ്രദ്ധേയമായിരുന്നു. ഉദാഹരണത്തിന് രവീണ ടണ്ടന് ശബ്ദം നല്‍കിയത് ആരാണെന്ന് നിങ്ങള്‍ക്ക് ഊഹിക്കാന്‍ കഴിയുമോ? അതിന്റെ മന്ത്രികമായ ഒരു എഫക്റ്റ് ഉണ്ടായിരുന്നു.എപ്പോഴും ഒറിജിനല്‍ വേര്‍ഷന്‍ കാണാനാണ് എനിക്കിഷ്ടം എന്നാല്‍ ഇപ്പോൾ മലയാളം പതിപ്പിന് വേണ്ടിയും കാത്തിരിക്കുകയാണ്. ഹാറ്റ്‌സ് ഓഫ് ശങ്കര്‍. കെജിഎഫ്2 ചരിത്രം സൃഷ്ടിക്കും.

Gargi