സിനിമയുടെ വ്യാജ പകർപ്പ് നിർമ്മാണം ; മൂന്നുവര്‍ഷം തടവും നിര്‍മാണച്ചെലവിന്റെ അഞ്ചുശതമാനം പിഴയും

തീയറ്ററിൽ സിനിമാ കാണാൻ പോയിട്ട് മൊബൈൽ ഫോണിൽ ചിത്രം പകർത്തി പ്രദർശിപ്പിച്ചാൽ ഇനി കിട്ടാൻ പോകുന്നത് എട്ടിന്റെ പണിയായിരിക്കും അത്തരക്കാർ ഒന്ന് സൂക്ഷിച്ചാൽ കൊള്ളാം. സൂക്ഷിക്കാൻ ഒന്നുമില്ല ആ പ്രവണത തന്നെ മനസ്സിൽ നിന്നും…

തീയറ്ററിൽ സിനിമാ കാണാൻ പോയിട്ട് മൊബൈൽ ഫോണിൽ ചിത്രം പകർത്തി പ്രദർശിപ്പിച്ചാൽ ഇനി കിട്ടാൻ പോകുന്നത് എട്ടിന്റെ പണിയായിരിക്കും അത്തരക്കാർ ഒന്ന് സൂക്ഷിച്ചാൽ കൊള്ളാം. സൂക്ഷിക്കാൻ ഒന്നുമില്ല ആ പ്രവണത തന്നെ മനസ്സിൽ നിന്നും കളഞ്ഞേക്കുക. കാരണം ഇത്തരക്കാരെ ശിക്ഷിക്കുവാനുള്ള നിയമങ്ങൾ കടുപ്പിച്ചിരിക്കുയാണ് കേന്ദ്രസർക്കാർ. 2023ലെ സിനിമാട്ടോഗ്രാഫി ഭേദഗതി ബില്‍ രാജ്യസഭ ശബ്ദവോട്ടോടെ പാസാക്കിയിരിക്കുകയാണ് ഇപ്പോൾ. ഔദ്യോഗിക ഗസറ്റ് വിജ്ഞാപനത്തിലൂടെ സെൻസര്‍ ബോര്‍ഡ് അംഗീകാരം നല്‍കിയ സിനിമയ്ക്ക് രാജ്യത്ത് മൊത്തമായോ ഭാഗികമായോ അംഗീകാരം പിൻവലിക്കാനുള്ള അധികാരം സര്‍ക്കാരില്‍ നിക്ഷിപ്തമാക്കുന്നതടക്കമുള്ള ചട്ടങ്ങളടങ്ങിയതാണ് പുതിയ സിനിമാട്ടോഗ്രാഫി ഭേദഗതി ബില്‍. 1957ലെ പകര്‍പ്പവകാശ നിയമം അനുസരിച്ച്‌ ഉടമയുടെ അനുമതിയില്ലാതെ പരിമിതമായി ഉള്ളടക്കം ഉപയോഗിക്കാമായിരുന്നെങ്കില്‍ പുതിയ നിയമഭേദഗതി അനുസരിച്ച്‌ ഇതും കുറ്റകരമായി.

പ്രായപൂര്‍ത്തിയാകുന്നവര്‍ക്ക് മാത്രം കാണാവുന്ന എ സര്‍ട്ടിഫിക്കറ്റും എല്ലാവര്‍ക്കും കാണാവുന്ന യു സര്‍ട്ടിഫിക്കറ്റും നല്‍കുന്നതിനൊപ്പം യുഎ കാറ്റഗറിയില്‍ ഏഴ്+, 13+, 16+ എന്നിങ്ങനെ വിവിധ പ്രായക്കാര്‍ക്ക് കാണാനുള്ള സര്‍ട്ടിഫിക്കറ്റുകളും നല്‍കും. എന്നാൽ ഈ വിഭാഗക്കാര്‍ക്ക് രക്ഷിതാക്കളുടെ മാര്‍ഗനിര്‍ദേശത്തോടെ മാത്രമേ ചിത്രങ്ങള്‍ കാണാൻ അനുവാദമുള്ളൂ. സെൻസര്‍ സര്‍ട്ടിഫിക്കറ്റിന്റെ കാലാവധി 10 വര്‍ഷം എന്നതിനു പകരം എന്നന്നേക്കുമാക്കുന്നതാണ് മറ്റൊരു ഭേദഗതി.പകര്‍പ്പവകാശ ലംഘനത്തിലൂടെ സിനിമാ മേഖലയ്ക്ക് ഓരോ വര്‍ഷവും 20,000 കോടിയുടെ നഷ്ടമാണുണ്ടാകുന്നതെന്നും സിനിമ ലൈസൻസിങ് ചട്ടങ്ങള്‍ ലഘൂകരിക്കുന്നതിനും പകര്‍പ്പുകള്‍ തടയുന്നതിനുമാണ് പുതിയ നിയമമെന്നും രാജ്യസഭയില്‍ ബില്ലവതരിപ്പിച്ച്‌ മന്ത്രി അനുരാഗ് സിങ് ഠാക്കൂര്‍ പറഞ്ഞു. സെൻസര്‍ ബോര്‍ഡ് സിനിമകള്‍ക്ക് അനുമതി നിഷേധിച്ചാല്‍ ട്രിബ്യൂണലിനെ സമീപിക്കാവുന്ന സാഹചര്യം നേരത്തേയുണ്ടായിരുന്നു. ട്രിബ്യൂണല്‍ നിര്‍ത്തലാക്കിയ സാഹചര്യത്തില്‍ വീണ്ടും ബോര്‍ഡിനെ സമീപിക്കാമെന്നും പുതിയ അംഗങ്ങള്‍ സിനിമകാണുമെന്നും മന്ത്രി വ്യക്തമാക്കി.