‘നല്ലൊരു അച്ഛനായതിന് പിറന്നാള്‍ ആശംസകള്‍ അപ്പ’!! ജയറാമിന് പിറന്നാള്‍ ആശംസിച്ച് കാളിദാസും മാളവികയും

മലയാളികളുടെ പ്രിയ നടന്‍ ജയറാമിന് ഇന്ന് പിറന്നാള്‍. താരം ഇന്ന് അന്‍പത്തി ഏഴാം ജന്മദിനമാണ് ആഘോഷിക്കുന്നത്. അച്ഛന് പിറന്നാള്‍ ആശംസകള്‍ നേര്‍ന്നിരിക്കുകയാണ് നടന്‍ കാളിദാസും മാളവികയും. മാതാപിതാക്കളുടെ വഴിയിലൂടെയാണ് മകന്‍ കാളിദാസ്. മലയാളത്തിലും തമിഴിലുമടക്കം നിരവധി സിനിമകളില്‍ കാളിദാസ് നായകനായി. അച്ഛനെ പോലെ തന്നെ മിമിക്രിയിലും കാളിദാസ് താരമാണ്.

സിനിമയില്‍ അഭിനയിച്ചില്ലെങ്കിലും മലയാളികള്‍ക്ക് സുപരിചിതയാണ് മകള്‍ ചക്കി എന്ന മാളവിക. പരസ്യചിത്രങ്ങളിലും ഫോട്ടോ ഷൂട്ടുകളിലും അഭിനയിച്ച് മാളവികയും താരമായിട്ടുണ്ട്.

‘നിങ്ങള്‍ എപ്പോഴും എനിക്കൊപ്പം ഉണ്ട്, എന്നെങ്കിലും അത് തിരിച്ചു നല്‍കാനാകുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു”, എന്നാണ് കാളിദാസ് അച്ഛന്റെ പിറന്നാള്‍ ദിനത്തില്‍ കുറിച്ചത്. കുട്ടികാലത്ത് അച്ഛനൊപ്പം പകര്‍ത്തിയ ചിത്രവും കാളിദാസ് പങ്കുവച്ചു.

മാളവികയുടെ കുറിപ്പിങ്ങനെ,

”എല്ലാ ഭൗതിക കാര്യങ്ങള്‍ക്കും പുറമെ, വേറെ ചില കാര്യങ്ങള്‍ക്ക് അപ്പയോട് നന്ദി പറയേണ്ടതുണ്ട്. ഹ്യൂമര്‍ സെന്‍സ് ഞങ്ങളിലേക്കും എത്തിച്ചതിന്, പ്രകൃതിയെ സ്‌നേഹിക്കാന്‍ പഠിപ്പിച്ചതിന്, കരുണ, മനുഷ്യ സ്‌നേഹം, കഠിനാധ്വാനം എന്നിവ എന്താണെന്ന് മനസ്സിലാക്കി തന്നതിന്, ഈ ലോകത്ത് ഏറ്റവും സുരക്ഷിതമായി തോന്നിപ്പിക്കുന്നതിന്, എന്നെ വിശ്വസിക്കുന്നതിന്, എല്ലാറ്റിലും മേലെ നല്ലൊരു അച്ഛനായതിന്. പിറന്നാള്‍ ആശംസകള്‍ അപ്പ” എന്നാണ് മാളവിക ഇന്‍സ്റ്റാഗ്രാമില്‍ കുറിച്ചത്.

പിന്നാലെ നിരവധി പേരാണ് താരത്തിന്‌ന് പിറന്നാള്‍ ആശംസകളുമായി എത്തുന്നത്. മിമിക്രി രംഗത്തു നിന്നാണ് ജയറാം സിനിമയിലേക്കെത്തിയത്. പദ്മരാജന്‍ ചിത്രം’അപരന്‍’ എന്ന ചിത്രത്തിലൂടെയാണ് നായകനായി അരങ്ങേറ്റം കുറിച്ചത്.

1992 സെപ്റ്റംബറില്‍ ആയിരുന്നു ജയറാം പാര്‍വതി വിവാഹം. വിവാഹശേഷം പാര്‍വതി സിനിമയില്‍ നിന്നും പൂര്‍ണ്ണമായും മാറി നില്‍ക്കുക ആണെങ്കിലും ജയറാം ഇന്നും ഇന്‍ഡസ്ട്രിയില്‍ സജീവമാണ്. മക്കളുടെയും ഭര്‍ത്താവിന്റെയും കാര്യങ്ങള്‍ നോക്കിയും നൃത്തവും വായനയുമെല്ലാമായി സന്തോഷകരമായ മറ്റൊരു ലോകത്താണ് പാര്‍വതി എന്ന ജയറാമിന്റെ അശ്വതിയിപ്പോള്‍.

Anu B