‘ഭ്രമയുഗം’ കാണാന്‍ ഇങ്ങനെ വരൂ.. അപേക്ഷയുമായി മമ്മൂട്ടി

മമ്മൂട്ടിയെ നായകനാക്കി രാഹുല്‍ സദാശിവന്‍ ഒരുക്കുന്ന ചിത്രമാണ് ‘ഭ്രമയുഗം’. ആരാധക ലോകം ഏറെ പ്രതീക്ഷയോടെയാണ് മെഗാസ്റ്റാറിന്റെ ചിത്രത്തിനായി കാത്തിരിക്കുന്നത്. ഏറെ സസ്‌പെന്‍സുകള്‍ നിലനിര്‍ത്തിയാണ് ചിത്രത്തിന്റെ ഓരോ അപ്‌ഡേറ്റുകളും എത്തിയത്. ഫെബ്രുവരി 15നാണ് ചിത്രം തിയ്യേറ്ററിലെത്തുന്നത്. ചിത്രം ബ്ലാക് ആന്റ് വൈറ്റിലാണ് എത്തുന്നത് എന്നതും ഏറെ ശ്രദ്ധേയമാണ്. അര്‍ജുന്‍ അശോകന്‍, സിദ്ധാര്‍ഥ് ഭരതന്‍, അമാല്‍ഡ ലിസ് എന്നിവരും പ്രധാന കഥാപാത്രങ്ങളായെത്തുന്നുണ്ട്. 300ല്‍പരം സ്‌ക്രീനുകളിലാണ് ചിത്രം പ്രദര്‍ശനത്തിന് എത്തുന്നത്.

ഇപ്പോഴിതാ ചിത്രത്തിനെ കുറിച്ച് മമ്മൂട്ടി തന്നെ പറയുന്ന കാര്യങ്ങളാണ് ശ്രദ്ധേയമാകുന്നത്. ചിത്രം കാണാന്‍ ശൂന്യമായ മനസ്സോടെ പ്രേക്ഷകര്‍ തിയറ്ററുകളിലേക്കെത്തണമെന്ന് മമ്മൂട്ടി പറയുന്നു. മുന്‍വിധികളുമായി വന്നാല്‍ അത് ആസ്വാദനത്തെ ബാധിക്കുമെന്നും താരം പറയുന്നു. അബുദാബിയില്‍ നടന്ന ഭ്രമയുഗത്തിന്റെ ട്രെയിലര്‍ ലോഞ്ചില്‍ സംസാരിക്കുകയായിരുന്നു മമ്മൂട്ടി.

എനിക്കൊരു അപേക്ഷയുണ്ട്, ട്രെയിലര്‍ കാണുമ്പോള്‍ നിങ്ങള്‍ക്ക് പലതും തോന്നിയിട്ടുണ്ടാകും. പക്ഷേ ഒരു കഥയും മനസ്സില്‍ വിചാരിച്ചുവരരുത്. സിനിമ കണ്ട ശേഷം ഞങ്ങള്‍ അങ്ങനെ വിചാരിച്ചു, ഇങ്ങനെ വിചാരിച്ചു, എന്ന് തോന്നാതെ ഇരിക്കാനാണെന്നും താരം പറയുന്നു. ശൂന്യമായ മനസോടെ കണ്ടാലേ ചിത്രം ആസ്വദിക്കാനാവുള്ളൂ എന്നും താരം പറയുന്നു.

ഒരു മുന്‍വിധികളും ഇല്ലാതെ ഇത് ഭയപ്പെടുത്തുമോ, ഞെട്ടിപ്പിക്കുമോ, സംഭ്രമിക്കുമോ, വിഭ്രമിപ്പിക്കുമോ, സന്തോഷിപ്പിക്കുമോ എന്ന് നിങ്ങള്‍ ആദ്യമേ ആലോചിക്കരുത്. അങ്ങനെ നിങ്ങള്‍ പ്രതീക്ഷിച്ചത് നടക്കുമ്പോള്‍ ആസ്വാദനം കുറയുമെന്നും താരം പറയുന്നു. വളരെ ശുദ്ധമായ മനസ്സോടെ, സന്തോഷത്തോടെ വന്ന് സിനിമ കാണൂ. ഇത് ഭയപ്പെടുത്തുമെന്നോ ഭീതിപ്പെടുത്തുമെന്നോ ആകുലപ്പെടുത്തുമെന്നോ ഞാന്‍ പറയുന്നില്ല.

പുതുതലമുറയ്ക്ക് പുതിയ അനുഭവമായിരിക്കും ഭ്രമയുഗം. 45 വര്‍ഷം മുമ്പ് ഈ ചിത്രം എടുത്തിരുന്നെങ്കിലും ഇതുപോലെ തന്നെ ഇരിക്കും. പക്ഷേ നമ്മള്‍ വര്‍ണങ്ങളില്‍ കാണുന്ന പല കാഴ്ചകളും കറുപ്പിലും വെളുപ്പിലും മാത്രമാണ് എത്തുന്നത്. 18ാം നൂറ്റാണ്ടിന്റെ അവസാനം നടക്കുന്ന കഥയാണ് ചിത്രം പറയുന്നത്. പോര്‍ച്ചുഗീസുകാര്‍ ഇന്ത്യയിലേക്ക് വരുന്ന കാലഘട്ടത്തിലാണ് ചിത്രത്തിന്റെ കഥ പുരോഗമിക്കുന്നത്.