Film News

മമ്മൂട്ടിയും ഗാന്ധിഭവനും തുണയായി ; കാഴ്ചയില്ലാത്ത ശ്രീജയ്ക്ക് ദുരിതക്കടലിൽ നിന്ന് മോചനം

കാഴ്ച ശക്തിയില്ലാത്ത ശ്രീജയ്ക്ക് കൈത്താങ്ങായി നടൻ മമ്മൂട്ടിയും പത്തനാപുരം ഗാന്ധി ഭവനും. ശ്രീജയെ ഏറ്റെടുത്തിരിക്കുകയാണ് ഇവർ.കാഞ്ഞൂർ തിരുനാരായണപുരം മാവേലി വീട്ടിൽ പരേതനായ കുട്ടപ്പന്റെയും അമ്മിണിയുടെയും മൂന്ന് പെൺമക്കളിൽ രണ്ടാമത്തെയാളായ    ശ്രീജയ്ക്ക് ജന്മനാൽ ഒരു കണ്ണിന് കാഴ്ചയില്ല. 9-ാം ക്ലാസിൽ പഠിക്കുമ്പോൾ കണ്ണിലേക്കുള്ള ഞരമ്പ് ദ്രവിച്ച് അടുത്ത കണ്ണിനും  കാഴ്ച പോയി. ഇതോടെ പഠനം നിലച്ചു. നിർധന കുടുംബം ആയതിനാൽ കാര്യമായ ചികിത്സ നടന്നില്ല. ഇടയ്ക്ക് കണ്ണിന് വേദന സഹിക്കാൻ കഴിയാതെ ശ്രീജ ഉറക്കെ കരയും.ഒന്നും ചെയ്യാൻ കഴിയാതെ അമ്മിണി അടുത്തി അടുത്തിരുന്ന് നിശ്ശബ്ദമായി കരയും.   ഇവരുടെ അവസ്ഥ മാധ്യമങ്ങളിലൂടെ അറിഞ്ഞ മമ്മൂട്ടി ശ്രീജയുടെ ചികിത്സ ഏറ്റെടുക്കാൻ സന്നദ്ധത അറിയിക്കുകയായിരുന്നു. ശ്രീജയുടെ കാഴ്ചശക്തി തിരികെ കിട്ടാനായി മമ്മൂട്ടി ഒരു രക്ഷിതാവിനെ പോലെ ഇടപെട്ടു.  കണ്ണിന് കാഴ്ച്ച ലഭിക്കുമോ എന്നറിയാൻ അങ്കമാലി ലിറ്റിൽ ഫ്‌ളവർ ആശുപത്രി അധികൃതരോട് പരിശോധന നടത്തുവാൻ മമ്മൂട്ടി ആവശ്യപ്പെട്ടു.   ലിറ്റിൽ ഫ്‌ളവർ ആശുപത്രിയിൽ എത്തിച്ച ദിവസം ഓരോ മണിക്കൂറിലുമാണ് വിവരങ്ങൾ തേടി മമ്മൂട്ടിയുടെ വിളിയെത്തിയത്.  എന്നാൽ സർവത്ര പരിശോധനകൾക്കും ഒടുവിൽ ടെസ്റ്റ് റിസൾട്സ് നിരാശപ്പെടുത്തി.

വിദ​ഗ്ധ പരിശോധനയിൽ ശ്രീജയുടെ കണ്ണുകൾക്ക് കാഴ്ച്ച ലഭിക്കില്ലെന്ന് മനസിലായി.  ശ്രീജയുടെ ദുരവസ്ഥയുടെ  ആഴം കൂടുതൽ മനസ്സിലാക്കിയ മമ്മൂട്ടി പിന്മാറാൻ തയാറായിരുന്നില്ല. ശ്രീജക്ക് വേണ്ടി  തങ്ങൾക്ക് എന്ത് ചെയ്യാൻ കഴിയുമെന്ന് കെയർ ആൻഡ് ഷെയർ ചെയർമാൻ കെ മുരളീധരനുമായി മമ്മൂട്ടി ചർച്ച നടത്തി.  ഗാന്ധി ഭവൻ രക്ഷാധികാരി കൂടിയായ മുരളീധരൻ ഗാന്ധിഭവൻ ചെയർമാൻ സോമരാജനുമായി സംസാരിക്കുകയും ശ്രീജയെ ഏറ്റെടുക്കാൻ തീരുമാനിക്കുകയും ആയിരുന്നു. ശ്രീജയെ ഗാന്ധിഭവനിലേക്ക് മാറ്റി. ഒപ്പം അമ്മയെയുയും . ഗാന്ധി ഭവൻ വൈസ് ചെയർമാൻ പി.എസ് അമൽ രാജ്, പേഴ്സണൽ ചീഫ് മാനേജർ കെ. സാബു, നേഴ്സ് ബീന ഷാജഹാൻ എന്നിവർ കാലടിയിൽ എത്തിയാണ് ശ്രീജയെ ഗാന്ധി ഭവനിലേക്ക് കൊണ്ടു പോയത്. മമ്മൂട്ടിയുടെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന കെയർ ആന്‍ഡ് ഷെയർ ഇൻ്റർനാഷണല്‍ ഫൗണ്ടേഷൻ മാനേജിങ് ഡയറക്ടർ ഫാ. തോമസ് കുര്യൻ മരോട്ടിപ്പുഴ, ലിറ്റിൽ ഫ്ലോവർ  ഹോസ്പിറ്റൽ അസിസ്റ്റൻ്റ് ഡയറക്ടർ ഫാ.വർഗീസ് പാലാട്ടി, ഡിവൈഎസ് പി.ജെ. കുര്യാക്കോസ്, ബാബു തോട്ടുങ്ങൽ എന്നിവർ ശ്രീജയുടെ വീട്ടിലെത്തി ശ്രീജയെ ഗാന്ധിഭവനിലേക്ക് യാത്രയാക്കി.

ശ്രീജയുടെ പിതാവ് കുട്ടപ്പൻ തെങ്ങുകയറ്റ തൊഴിലാളിയായിരുന്നു. 20 വർഷം മുൻപ് തെങ്ങിൽ നിന്നു വീണ അദ്ദേഹം 5 വർഷത്തോളം ചലനമറ്റു കിടന്നതിനു ശേഷം മരണം സംഭവിക്കുകയായിരുന്നു.  ‘അമ്മ അമ്മിണിക്ക് പല വിധ അസുഖങ്ങളുമുണ്ട്. സുമനസ്സുകളുടെ സഹായത്തോടെയാണ് ജീവിതവും ചികിത്സകളും മുന്നോട്ടു പോയിരുന്നത്. ശ്രീജയ്ക്ക് ലിറ്റിൽ ഫ്‌ളവർ ആശുപത്രിയിലെ ചികിത്സയ്ക്ക് കാഞ്ഞൂർ പഞ്ചായത്തും പത്തനാപുരം ഗാന്ധി ഭവനിൽ ശ്രീജയെ എത്തിക്കാൻ കാഞ്ഞൂർ സർവീസ് സഹകരണ ബാങ്കും ആംബുലൻസ് സൗജന്യമായി വിട്ടു നൽകിയിരുന്നു. ശ്രീജയ്ക്ക് ആവശ്യമായ ചികിത്സയും പരിചരണവും നൽകുമെന്ന് ഗാന്ധി ഭവൻ സെക്രട്ടി പുനലൂർ സോമരാജൻ പറഞ്ഞു. ഒരുമാസം മുൻപാണ് ജന്മനാ കാഴ്ച നഷ്ടപ്പെട്ട അഞ്ചു വയസുകാരിയായ അമീറ എന്ന കൊച്ചു പെൺകുട്ടി മമ്മൂട്ടിയുടെ സഹായം കൊണ്ട്   കാഴ്ചയുടെ ലോകത്തേക്ക് മിഴി തുറന്നത് . . മകളുടെ ചികിത്സയ്ക്ക് ആവശ്യമായ പണം കണ്ടെത്താൻ കഴിയാതെ വന്ന മാതാപിതാക്കളുടെ വാർത്ത ശ്രദ്ധയിൽപ്പെട്ട മമ്മൂട്ടി തന്റെ ജീവ കാരുണ്യ സംഘടനയായ കെയർ ആൻഡ് ഷെയർ ഇന്റർനാഷണൽ ഫൌണ്ടേഷനോട് കുട്ടിയുടെ ചികിത്സയ്ക്ക് വേണ്ട നടപടികൾ‌ സ്വീകരിക്കാൻ നിർദേശിക്കുകയായിരുന്നു. സിദ്ധിഖ്-കാവ്യ ദമ്പതികളുടെ മൂന്നാമത്തെ മകളായ അമീറക്ക് കാഴ്ച്ച ശക്തി തിരിച്ചുകിട്ടാൻ മധുരയിൽ പോകണമെന്നും വൻ തുക ആവശ്യമായി വരുമെന്നും ആലപ്പുഴയിലെ ഡോക്ടർമാർ പറഞ്ഞപ്പോൾ മുന്നിൽ മറ്റു വഴികൾ ഇല്ലാതിരുന്ന മാതാപിതാക്കളുടെ അവസ്ഥ വാർത്തകളിൽ നിറഞ്ഞിരുന്നു.ആലപ്പുഴയിലെ സാമൂഹിക പ്രവർത്തകനായ വാഹിദ് ഇക്കാര്യം മമ്മൂട്ടിയുടെ ഓഫീസിന് കൈമാറുകയായിരുന്നു. വിഷയം ശ്രദ്ധയിൽപ്പെട്ട മമ്മൂട്ടി ഉടനടി ഇടപെടുകയായിരുന്നു.

Trending

To Top