മുഖ്യമന്ത്രി കടയ്ക്കൽ ചന്ദ്രന്റെ ശിൽപം മമ്മൂട്ടിക്ക്; കലോത്സവ വേദിയിലെത്തുമ്പോൾ സമ്മാനിക്കും, വീഡിയോ

അഞ്ച് ദിവസങ്ങളായി കൊല്ലത്ത് നടക്കുന്ന സംസ്ഥാന  സ്കൂൾ കലോത്സവം ഇന്ന് സമാപിക്കും. സമാപന സമ്മേളനം വൈകിട്ട് അഞ്ചിന് കൊല്ലം ആശ്രാമം മൈതാനത്തെ പ്രധാനവേദിയിൽ പ്രതിപക്ഷ നേതാവ് വിഡി സതീശൻ ഉദ്ഘാടനം ചെയ്യും. മമ്മൂട്ടിയാണ് മുഖ്യാതിഥി. മന്ത്രി കെഎൻ ബാലഗോപാൽ അധ്യക്ഷനായിരിക്കും.   മമ്മൂട്ടി സമ്മാന വിതരണം നടത്തും. സമാപന വേദിയില്‍ മമ്മൂട്ടിക്ക് സമ്മാനിക്കുക  ‘വെള്ളിത്തിരയിലെ മുഖ്യമന്ത്രി’യുടെ പ്രതിമയായിരിക്കും. മമ്മൂട്ടിയുടെ വണ്‍ എന്ന ചിത്രത്തിലെ മുഖ്യമന്ത്രിയായ കടയ്ക്കല്‍ ചന്ദ്രന്‍റെ രൂപത്തിലുള്ള പ്രതിമയാണ് മമ്മൂട്ടിക്ക് സമ്മാനിക്കുക. കണ്ണൂര്‍ പയ്യന്നൂര്‍ സ്വദേശിയായ ശില്‍പ്പി ഉണ്ണി കാനായി ആണ് പ്രതിമ തയ്യാറാക്കിയത്.

വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി നേരിട്ട് വിളിച്ചാണ് ഉണ്ണിയോട് ശില്‍പ്പം തയ്യാറാക്കാന്‍ അഭ്യര്‍ത്ഥിച്ചത്. മമ്മൂട്ടിയുടെ ഒരു സിനിമ ക്യാരക്ടര്‍ വേണം എന്ന ആലോചനയിലാണ് അദ്ദേഹം മുഖ്യമന്ത്രിയായി അഭിനയിച്ച വണ്‍ തിരഞ്ഞെടുത്തത്. അവിചാരിതമായാണ് ശില്പി ഉണ്ണി കാനായിക്ക് വിദ്യാഭ്യാസമന്ത്രി വി.ശിവന്‍കുട്ടിയുടെ ഫോണ്‍ വിളി വരുന്നത്. കലോത്സവത്തിന്റെ സമാപന ദിവസം മുഖ്യാതിഥിയായി മമ്മൂട്ടി വരുന്നുണ്ട്. അദ്ദേഹത്തിന് കൊടുക്കാന്‍ അദ്ദേഹത്തിന്റെ ശില്പമുള്ള ഒരു ഉപഹാരം വേണം. ചെയ്യാമോ എന്നായിരുന്നു മന്ത്രിയുടെ  ചോദ്യം. ആദ്യം ഒന്നമ്പരന്നു, പിന്നെ ആശങ്കയായി. കുറഞ്ഞ ദിവസങ്ങളേയുള്ളൂ. അതുകൊണ്ട് ആദ്യം ഉറപ്പ് പറഞ്ഞില്ലെങ്കിലും പിന്നെ സമ്മതിച്ചു. അദ്ദേഹത്തിന്റെ ഏത് രൂപം വേണമെന്നതായിരുന്നു അടുത്ത പ്രശ്‌നം. അങ്ങനെ  ഉണ്ണി താന്‍ ആദ്യമായി കണ്ട മമ്മൂട്ടി ചിത്രമായ തനിയാവര്‍ത്തനം മുതല്‍ അവസാനം കണ്ട ഭീഷ്മപര്‍വം വരെയുള്ള സിനിമകളിലെ കഥാപാത്രങ്ങളെ ഓര്‍ത്തെടുത്തു. അതില്‍ നിന്ന് തിരഞ്ഞെടുത്തത് ‘വണ്‍’ എന്ന സിനിമയിലെ രൂപമായിരുന്നു. കടയ്ക്കല്‍ ചന്ദ്രന്‍ എന്ന മുഖ്യമന്ത്രിയായി മമ്മൂട്ടി തിളങ്ങിയ കഥാപാത്രം. മൂന്ന് ദിവസം കൊണ്ടാണ് ഉണ്ണി കാനായി  ശില്‍പ്പം തയ്യാറാക്കിയത്. ആദ്യം കളിമണ്ണില്‍ 16 ഇഞ്ച് ഉയരത്തില്‍ മമ്മൂട്ടിയുടെ രൂപമുണ്ടാക്കി പ്ലാസ്റ്റര്‍ ഓഫ് പാരീസ് കൊണ്ട് മോള്‍ഡ് എടുത്തു.

ഗ്ലാസ്സ് മെറ്റലിലേക്ക് കാസ്റ്റ് ചെയ്ത് വെങ്കല നിറം പൂശിയാണ് ശില്‍പ്പം തയ്യാറാക്കിയത്. കൊല്ലത്ത് നടക്കുന്ന 62മത് സംസ്ഥാന സ്കൂള്‍ കലോത്സവത്തിന്‍റെ സമാപന വേദിയില്‍ വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി മമ്മൂട്ടിക്ക് ശില്‍പ്പം സമ്മാനിക്കും. 2021 മാര്‍ച്ച് 24ന് റിലീസായ മമ്മൂട്ടി ചിത്രമാണ് വണ്‍. കടയ്ക്കല്‍ ചന്ദ്രന്‍ എന്ന മുഖ്യമന്ത്രിയെയാണ് അതില്‍ മമ്മൂട്ടി അവതരിപ്പിച്ചത്. സന്തോഷ് വിശ്വനാഥനാണ് ചിത്രം സംവിധാനം ചെയ്തത്. ബോബി- സഞ്‍ജയ് തിരക്കഥ എഴുതിയിരുന്നത്. സ്വർണക്കപ്പിനായി കോഴിക്കോടും കണ്ണൂരും തമ്മിൽ ഇഞ്ചോടിഞ്ച് പോരാട്ടമാണ് നടക്കുന്നത്. കോഴിക്കോടിന് 896 പോയിന്റും കണ്ണൂരിന് 892 പോയിന്റുമാണുള്ളത്. ഇന്ന് നടക്കുന്ന 10 മത്സരങ്ങളുടെയും പോയിന്റ് നില, ചാംപ്യൻ ജില്ലയെ തീരുമാനിക്കുന്നതിൽ നിർണായകമാകും. നാടോടി നൃത്തം, പരിചമുട്ട്, വഞ്ചിപ്പാട്ട്, ട്രിപ്പിൾ ജാസ് തുടങ്ങിയ മത്സരങ്ങളാണ് ഇന്ന് വേദിയിൽ നടക്കുന്നത്. നിലവിൽ 880 പോയിന്റുമായി മൂന്നാം സ്ഥാനത്ത് പാലക്കാടാണ്.  239 മത്സരങ്ങളിലായി 12,107 കുട്ടികളാണ് ഇത്തവണ പങ്കെടുത്തത്. കോഴിക്കോട് ജില്ലയിൽ നിന്നാണ് കൂടുതൽ മത്സരാർഥികൾ. 1001 കുട്ടികൾ കോഴിക്കോടിനെ പ്രതിനിധീകരിച്ചു. കൂടുതൽ കുട്ടികളെ പങ്കെടുപ്പിച്ച സ്കൂളിനുള്ള ബഹുമതി പാലക്കാട് ആലത്തൂർ ബിഎസ്എസ് ഗുരുകുലം ഹയർ സെക്കൻഡറി സ്കൂളിനാണ്. അതേസമയം ഗുരുവായൂര്‍ ക്ഷേത്രത്തിലെ മഞ്ജുളാലിലെ പുതിയ ഗരുഡന്‍ പ്രതിമ ,തിരുവനന്തപുരത്തെ ഗുരുദേവപ്രതിമ, സി.പി.ഐ എം . പാറപ്പുറം സമ്മേളനത്തിന്റെ ശില്പാവിഷ്‌കാരം തുടങ്ങിയ ഒട്ടേറേ മികച്ച സൃഷ്ടികള്‍ ഉണ്ണി കാനായിയുടേതായുണ്ട്. പയ്യന്നൂര്‍ സ്വദേശിയായ ഇദ്ദേഹം ലളിതകലാ അക്കാദമി അംഗം കൂടിയാണ്. ഗുരുവില്ലാതെ പഠിച്ചെടുത്തതാണ് ഉണ്ണി കാനായി  ഈ ശില്പവിദ്യ.