നിഗൂഢ ചിരിയോടെ മമ്മൂട്ടി, ഭയന്ന് കണ്ണുകള്‍ കലങ്ങി അര്‍ജുന്‍!! ‘ഭ്രമയുഗം’ ടീസര്‍

പടിപ്പുര വാതിലില്‍ നിഗൂഢ ചിരിയോടെ ഭയപ്പെടുത്തി മമ്മൂട്ടി. മമ്മൂട്ടിയെ നായകനാക്കി രാഹുല്‍ സദാശിവന്‍ ഒരുക്കുന്ന ചിത്രം ‘ഭ്രമയുഗം’ ആദ്യ ടീസര്‍ എത്തി. മമ്മൂട്ടിയുടെ ഞെട്ടിക്കുന്ന മേക്കോവര്‍ തന്നെയാണ് ടീസര്‍ ശ്രദ്ധേയമാക്കുന്നത്. അര്‍ജുന്‍ അശോകന്‍, സിദ്ധാര്‍ഥ് ഭരതന്‍, അമാല്‍ഡ ലിസ് എന്നിവരും ടീസറിലുണ്ട്. ബ്ലാക്ക് ആന്‍ഡ് വൈറ്റിലാണ് ടീസര്‍ മുഴുവനും എത്തിയിരിക്കുന്നത്.

‘കാലം പോലെ കലങ്ങി മറിഞ്ഞൊരു പുഴ വേറെയില്ല, അത് തിരിഞ്ഞും മറിഞ്ഞും ഒഴുകും’ എന്ന ശബ്ദത്തോടെ ആരംഭിക്കുന്ന ടീസര്‍ പഴക്കം ചെന്ന ഒരു മനയുടെ പടിപ്പുരയില്‍ ചിരിച്ചുകൊണ്ട് നില്‍ക്കുന്ന മമ്മൂട്ടിയാണ് ടീസറില്‍. ഭയത്താല്‍ കണ്ണുകള്‍ കലങ്ങിയ അര്‍ജുന്‍ അശോകന്റെ കഥാപാത്രത്തെയും കാണാം.

വൈ നോട്ട് സ്റ്റുഡിയോസും നൈറ്റ് ഷിഫ്റ്റ് സ്റ്റുഡിയോസും ആദ്യമായി നിര്‍മിക്കുന്ന മലയാള ചിത്രമാണ് ‘ഭ്രമയുഗം’. നൈറ്റ് ഷിഫ്റ്റ് സ്റ്റുഡിയോസ് ഹൊറര്‍ ത്രില്ലര്‍ സിനിമകള്‍ മാത്രമാണ് നിര്‍മ്മിക്കുന്നത്. നിരവധി ദുരൂഹതകള്‍ ഒളിപ്പിക്കുന്ന ചിത്രമാണ് ‘ഭ്രമയുഗം’. 2023 ഓഗസ്റ്റ് 17ന് ചിത്രീകരണം ആരംഭിച്ച ‘ഭ്രമയുഗം’ കൊച്ചിയിലും ഒറ്റപ്പാലത്തും അതിരപ്പള്ളിയിലുമായാണ് പൂര്‍ത്തീകരിച്ചത്.