Categories: Kerala News

കൈ വേദന മാറാന്‍ യൂട്യൂബ് നോക്കി ജ്യൂസുണ്ടാക്കി കുടിച്ചയാള്‍ക്ക് ദാരുണാന്ത്യം

കൈയ്യിലെ വേദനയ്ക്ക് ആശ്വാസം ലഭിക്കാന്‍ കാട്ടില്‍ നിന്ന് ശേഖരിച്ച വെള്ളരി ജ്യൂസ് കുടിച്ചയാള്‍ക്ക് ദാരുണാന്ത്യം. സ്വര്‍ണബാഗ് കോളനിയില്‍ താമസിക്കുന്ന ധര്‍മേന്ദ്ര കൊറോലെ (32) ആണ് മരിച്ചത്. ഖണ്ട്വ സ്വദേശിയായ ധര്‍മേന്ദ്ര നഗരത്തില്‍ ഡ്രൈവറായി ജോലി ചെയ്തു വരികയായിരുന്നു. കൈ വേദനയെ തുടര്‍ന്ന് നിരവധി മരുന്നുകള്‍ കുടിച്ചെങ്കിലും ഫലമുണ്ടാകാത്തതിനെ തുടര്‍ന്ന് ആശ്വാസത്തിനായി യൂട്യൂബ് തിരയുകയായിരുന്നു ഇയാള്‍. വനഭാഗത്തോട് ചേര്‍ന്ന് കാണപ്പെടുന്ന പ്രത്യേകതരം കാട്ടു വെള്ളരിയുടെ ജ്യൂസ് കുടിക്കുന്നത് വേദന കുറയ്ക്കുമെന്ന് ഒരു വീഡിയോയില്‍ നിന്ന് മനസ്സിലാക്കി.

അങ്ങനെ ഏറെ ശ്രമപ്പെട്ട് ദൂരെ സ്ഥലങ്ങളില്‍ പോയി കാട്ടു വെള്ളരി സംഘടിപ്പിച്ചുകൊണ്ടുവന്ന്, യൂട്യബ് വീഡിയോ നോക്കി ജ്യൂസ് ഉണ്ടാക്കി കുടിച്ചു. ജ്യൂസ് കുടിച്ചതിന് പിന്നാലെ നിര്‍ത്താതെ ഛര്‍ദ്ദി അനുഭവപ്പെട്ടു. ഇതോടെ വീട്ടുകാര്‍ ഉടന്‍ തന്നെ ഇദ്ദേഹത്തെ സമീപത്തെ ആശുപത്രിയില്‍ എത്തിച്ചു. എന്നാല്‍ ആരോഗ്യനില വഷളായ ധര്‍മ്മേന്ദ്ര ആശുപത്രിയില്‍വെച്ച് മരിക്കുകയായിരുന്നു.
എന്നാല്‍, മരണകാരണം കൃത്യമായി അറിയാന്‍ പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടിനായി കാത്തിരിക്കുകയാണ് പോലീസ്.

കൈ വേദന കാരണം ധര്‍മേന്ദ്ര വിഷമിക്കുകയായിരുന്നുവെന്ന് അദ്ദേഹത്തിന്റെ ബന്ധുവായ മനീഷ് മാധ്യമങ്ങളോട് പറഞ്ഞു. ഏതാനും വര്‍ഷങ്ങളായി നഗരത്തില്‍ ഭാര്യയ്ക്കും രണ്ട് കുട്ടികള്‍ക്കുമൊപ്പം താമസിച്ചുവരികയായിരുന്നു ധര്‍മേന്ദ്ര. ഇയാളുടെ കുടുംബാംഗങ്ങളുടെ മൊഴിയും പോലീസ് എടുക്കുന്നുണ്ട്.

Gargi