Film News

കലാകാരന്മാര്‍ ആടും പാടും അഭിനയിക്കും കാണാന്‍ താത്പര്യമുള്ളവര്‍ കണ്ടോളും!! സത്യഭാമയ്ക്ക് മറുപടിയുമായി മണികണ്ഠന്‍

അനശ്വര നടന്‍ കലാഭവന്‍ മണിയുടെ സഹോദരനും നര്‍ത്തകനുമായ ആര്‍എല്‍വി രാമകൃഷ്ണനെ വംശീയമായി അധിക്ഷേപിച്ച സംഭവത്തില്‍ വലിയ ചര്‍ച്ചകളാണ് നടക്കുന്നത്. സത്യഭാമയ്‌ക്കെതിരെ വലിയ പ്രതിഷേധമാണ് നിറയുന്നു. വിവാദത്തില്‍ നിരവധി പ്രതികരണങ്ങളാണ് രാമകൃഷ്ണനെ പിന്തുണച്ച് എത്തിയത്.

ഇപ്പോഴിതാ രാമകൃഷ്ണനെ പിന്തുണച്ച് എത്തിയിരിക്കുകയാണ് നടന്‍ മണികണ്ഠന്‍ ആചാരിയും. ആക്ഷേപത്തിനിരയായ രാമകൃഷ്ണനോടൊപ്പമുള്ള ഫോട്ടോ പങ്കുവച്ചായിരുന്നു മണികണ്ഠന്റെ പ്രതികരണം. സത്യഭാമയ്‌ക്കൊരു മറുപടി എന്ന് പറഞ്ഞാണ് മണികണ്ഠന്റെ കുറിപ്പ്.

സത്യഭാമയ്‌ക്കൊരു മറുപടി, ഞങ്ങള്‍ മനുഷ്യരാണ്, ഈ മണ്ണില്‍ ജനിച്ചു വളര്‍ന്നവര്‍. ഞങ്ങള്‍ കലാകാരന്മാര്‍ ആണ്, അതാണ് ഞങ്ങളുടെ അടയാളം. ഞങ്ങള്‍ ആടും പാടും അഭിനയിക്കും കാണാന്‍ താത്പര്യമുള്ളവര്‍ നല്ലമനസുള്ളവര്‍ കണ്ടോളും…ആരൊക്കെ എന്തൊക്കെ ചെയ്യണം എന്ന് നിങ്ങള്‍ വീട്ടിലിരുന്ന് തീരുമാനിക്കുന്ന കാലം കഴിഞ്ഞുപോയി. ഇത് യുഗം വേറെയാണ്.

ചാലക്കുടിക്കാരന്‍ നര്‍ത്തകന് കാക്കയുടെ നിറമാണെന്നും മോഹിനിയാട്ടത്തിന് യോഗ്യനല്ല. മോഹിനിയാവണം,സൗന്ദര്യം വേണമെന്നൊക്കെയായിരുന്നു സത്യഭാമയുടെ അധിക്ഷേപം. പരാമര്‍ശം വിവാദമായിട്ടും അധിക്ഷേ പരാമര്‍ശത്തില്‍ ഉറച്ച് നില്‍ക്കുകയാണ് സത്യഭാമ. താന്‍ സ്വന്തം അഭിപ്രായമാണ് പറഞ്ഞത്. മോഹിനിയാട്ടം കളിക്കേണ്ടത് മോഹിനിയാണ്. പുരുഷന്‍മാര്‍ അവതരിപ്പിക്കുന്നുണ്ടെങ്കില്‍ അവര്‍ക്ക് സൗന്ദര്യം വേണം. സൗന്ദര്യമില്ലാത്ത, കറുത്തവര്‍ക്കും നൃത്തം പഠിക്കാം, എന്നാല്‍ മത്സരത്തിനു പോകരുത് എന്നൊക്കെയായിരുന്നു സത്യഭാമയുടെ വിവാദ പരാമര്‍ശങ്ങള്‍.

Anu B