നായകവേഷം എനിക്ക്, ഒരു മാസം മോഹന്‍ലാല്‍ പണിയില്ലാതെ വീട്ടിലിരുന്നു-വെളിപ്പെടുത്തലുമായി മണിയന്‍പിള്ള രാജു

നായകനായും സഹനടനായും വില്ലനായുമെല്ലാം മലയാള സിനിമയില്‍ നിറഞ്ഞു നില്‍ക്കുന്ന പ്രിയപ്പെട്ട താരമാണ് മണിയന്‍പിള്ള രാജു. അഭിനേതാവാലുപരി നിര്‍മാതാവ് കൂടിയാണ് അദ്ദേഹം. മലയാളികള്‍ ഇന്നും ഓര്‍ത്തിരിക്കുന്ന ഒരുപാട് ഹിറ്റുകള്‍ നിര്‍മ്മിച്ചിട്ടുള്ള ആളാണ് മണിയന്‍പിള്ള രാജു.മോഹന്‍ലാലും പ്രിയദര്‍ശനുമൊക്കെയായി അദ്ദേഹത്തിനുള്ള സൗഹൃദം ഏറെ പ്രശസ്തമാണ്. ഇപ്പോഴിതാ മോഹന്‍ലാലിനെ മാറ്റി താന്‍ നായകനായ സിനിമയെ കുറിച്ചാണ് അദ്ദേഹം ഇപ്പോള്‍ തുറന്ന് പറയുന്നത്.

മണിയന്‍പിള്ള രാജുവിന്റെ വാക്കുകള്‍-

ഒരുപാട് പ്രിയദര്‍ശന്‍ സിനിമകളില്‍ ഞാന്‍ ഭാഗമായിട്ടുണ്ട്. അക്കാലത്ത് പ്രിയന്‍ മോഹന്‍ലാല്‍ കോമ്പിനേഷന്‍ കത്തിനില്‍ക്കുന്ന കാലമായിരുന്നു. പ്രിയന്‍ പുതിയൊരു സിനിമ എടുക്കാന്‍ പോവുകയാണ് നായകന്‍ മോഹന്‍ലാലാണ്. നിര്‍മ്മാതാവ് ആനന്ദ്. എനിക്കും അതില്‍ ഒരു വേഷമുണ്ട്. പക്ഷേ പ്രിയന്റേയും ആനന്ദേട്ടന്റേയും കണക്കുകൂട്ടലുകള്‍ തെറ്റി. മോഹന്‍ലാലിന് ആ സമയം ഡേറ്റ് ഇല്ലായിരുന്നു.
അങ്ങനെ എന്നെ ആ സിനിമയില്‍ നായകനാക്കാന്‍ തീരുമാനിച്ചു.

maniyan pilla raju

ശിവ സുബ്രഹ്‌മണ്യം എന്നായിരുന്നു തന്റെ കഥാപാത്രത്തിന്റെ പേര്. തമാശകള്‍ കൊണ്ട് സമ്പന്നമായിരുന്നു ആ സിനിമ. ആദ്യമായിട്ടായിരുന്നു താന്‍ പ്രിയദര്‍ശന്റെ സിനിമയില്‍ നായകനാകുന്നത്. അതിന്റേയെല്ലാം സന്തോഷം തന്റെ ഉള്ളിലുണ്ടായിരുന്നു. എന്നാല്‍ സിനിമയുടെ ഷൂട്ടിംഗ് തുടങ്ങുന്നതിന് 15 ദിവസം മുന്‍പ് അപ്രതീക്ഷിതമായി മോഹന്‍ലാലിന്റെ സിനിമ ക്യാന്‍സലായി. അപ്പോള്‍ ആ നായകവേഷം ചെയ്യാന്‍ പ്രിയദര്‍ശന്‍ വീണ്ടും മോഹന്‍ലാലിനെ സമീപിച്ചു.

എന്നാല്‍ മോഹന്‍ലാല്‍ ആ വേഷം നിരസിക്കുകയും, അത് രാജുവിന് പറഞ്ഞുവെച്ച വേഷമല്ലേ, ഞാന്‍ അത് ചെയ്യുന്നത് ശരിയല്ല. ഈ ഒരു മാസം എനിക്ക് ജോലി ഇല്ല എന്നിരുന്നാലും ഞാന്‍ വെറുതെ ഇരിക്കുമെന്ന് പറഞ്ഞിരുന്നു. ഒരുപക്ഷേ മോഹന്‍ലാലിന് പകരം മറ്റേതെങ്കിലും നടനായിരുന്നുവെങ്കില്‍ നായകവേഷം ഏറ്റെടുത്തതിന് ശേഷം എനിക്ക് മറ്റേതെങ്കിലും വേഷം കൊടുക്കാന്‍ പറയുമായിരുന്നു.
ഈ സംഭവം കാരണം താന്‍ മോഹന്‍ലാലിന് പകരം നായകനാവുകയും, മോഹന്‍ലാല്‍ ഒരുമാസം പണിയില്ലാതെ വീട്ടിലിരിക്കുകയും ചെയ്തുവെന്നും മണിയന്‍പിള്ള രാജു ഓര്‍ക്കുന്നു. അങ്ങനെ സംഭവിച്ച ചിത്രമാണ് ധീം തരികിട തോം.