’90 ശതമാനം ഫാമിലിയും പെർഫെക്ട് അല്ല’ ; വെളിപ്പെടുത്തി മഞ്ജുപിള്ള 

മലയാളികളുടെ ഇഷ്‌ട നടിയാണ് മഞ്ജു പിള്ള. ബിഗ് സ്ക്രീനിലും മിനി സ്ക്രീനിലും ഒരുപോലെ തിളങ്ങുന്ന അഭിനേത്രി. ചില കുടുംബ ചിത്രങ്ങളും തട്ടീം മുട്ടീം, ലൈഫ് ഈസ് ബ്യൂട്ടിഫുൾ എന്നീ പരമ്പരകളുമാണ് മഞ്ജു പിള്ളയെ  മിനിസ്ക്രീൻ പ്രേക്ഷകർക്കിടയിൽ പ്രിയങ്കരിയാക്കി മാറ്റിയത്. വ്യത്യസ്തമായ കഥാപാത്രങ്ങളിലൂടെ അഭിനയ ലോകത്ത്  തിളങ്ങി നിൽക്കുകയാണ് മഞ്ജു. ഇപ്പോൾ സിനിമാ രം​ഗത്ത് സജീവമായിക്കൊണ്ടിരിക്കുകയാണ് മഞ്ജു പിള്ള. ടെലിവിഷൻ രം​ഗത്താണ് ഒരുകാലത്ത് മഞ്ജു തുട‌രെ അഭിനയിച്ചതെങ്കിൽ ഇന്ന് സിനിമകളിൽ മികച്ച അവസരങ്ങൾ ലഭിക്കുന്നു. 2021ൽ പുറത്തിറങ്ങിയ ഹോം എന്ന സിനിമയ്ക്ക് ശേഷമാണ് മഞ്ജു പിള്ളയുടെ കരിയർ ​ഗ്രാഫ് മാറി മറിഞ്ഞത് തന്നെ. കുട്ടിയമ്മ എന്ന കഥാപാത്രമായി മികച്ച പ്രകട‌നം കാഴ്ച വെച്ച മഞ്ജു പിള്ളയെ തേടി നല്ല വേഷങ്ങൾ പിന്നീട് വന്നു. കെപിഎസി ലളിത ഉൾപ്പെടെയുള്ള ന‌‌ടിമാരു‌ടെ സ്ഥാനത്തേക്ക് മഞ്ജു പിള്ളയ്ക്ക് വളരാൻ കഴിയുമെന്ന് സിനിമകണ്ട  ആരാധകർ ഒന്നടങ്കം പറയുന്നു. കോമഡിയും വൈകാരിക രം​ഗങ്ങളും ഒരേപോലെ വഴങ്ങുന്നതാണ് മഞ്ജു പിള്ളയെ മറ്റു നടിമാരിൽ നിന്നും വ്യത്യസ്തയാക്കുന്നത്. മഞ്ജു പിള്ളയുടെ പുതിയ സിനിമയാണ് ഫാലിമി.

നവാ​ഗതനായ നിതീഷ് സഹദേവ് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ബേസിൽ ജോസഫ്, ജ​ഗദീഷ്, സന്ദീപ് പ്രദീവ് എന്നിവരാണ് മറ്റ് പ്രധാന വേഷങ്ങൾ ചെയ്യുന്നത്. സിനിമയെക്കുറിച്ച് സംസാരിക്കുകയാണിപ്പോൾ മഞ്ജു പിള്ള. ഹോമിൽ നിന്നും തീർത്തും വ്യത്യസ്തമായ സിനിമയാണ് ഫാലിമിയെന്ന് മഞ്ജു പിള്ള പറയുന്നു. മലയാളത്തിലെ ഒരു ഓൺലൈൻ മാധ്യമത്തിനോടായിരുന്നു മഞ്ജുപിള്ളയുടെ പ്രതികരണം. എല്ലാവർക്കും റിലേറ്റ് ചെയ്യാൻ പറ്റുന്ന സിനിമയാണ് ഫാലിമി. ലോകത്തിൽ പത്ത് ശതമാനം മാത്രമേ പെർഫെക്ടായ ഫാമിലി കാണൂ. അത്രപോലും ഉണ്ടോയെന്ന് എനിക്ക് സംശയമാണ്. ബാക്കി 90 ശതമാനം പെർഫെക്ട് അല്ല. ഫാലിമിയാണ്. എന്റെ കുടുംബവും എല്ലാവരുടെ കുടുംബവും അങ്ങനെയാണ്. പക്ഷെ അവസാനം ഒരാവശ്യം വന്നാൽ നമ്മളൊക്കെ ഫാമിലിയാകും. അതാണീ സിനിമയെന്ന് മഞ്ജു പിള്ള വ്യക്തമാക്കി. തന്റെ കുടുംബത്തെക്കുറിച്ചും മഞ്ജു പിള്ള സംസാരിച്ചു. പണ്ട് എനിക്ക് എന്റെ കാര്യങ്ങൾ മാത്രം ആലോചിച്ചായിരുന്നു ടെൻഷൻ. ഇപ്പോൾ പ്രായമാകുന്തോറും എന്റെ മകളെക്കുറിച്ചും അമ്മയെക്കുറിച്ചും അച്ഛനെക്കുറിച്ചും ടെൻഷനുണ്ട്. ജോലിയെക്കുറിച്ചുള്ള ടെൻഷനപ്പുറം അച്ഛന്റെയും അമ്മയുടെയും വയ്യായ്ക, പുറത്ത് പഠിക്കുന്ന മകൾ സുരക്ഷിതയാണോ എന്നതൊക്കെയാണ് തന്റെ ആശങ്കയെന്നും മഞ്ജു പിള്ള വ്യക്തമാക്കി. ദയ സുജിത് എന്നാണ് മഞ്ജുവിന്റെ മകളുടെ പേര്.

ഇറ്റലിയിൽ പഠിക്കുകയാണ് മകൾ. ഫാലിമിയിൽ ജ​ഗദീഷിനൊപ്പം അഭിനയിച്ചതിനെക്കുറിച്ചും നടി സംസാരിച്ചു. ഞാനും ജ​ഗദീഷേ‌ട്ടനും വർഷങ്ങൾക്ക് മുമ്പേ ലൈഫ് ഈസ് ബ്യൂ‌ട്ടിഫുൾ എന്ന സിനിമയിൽ വർക്ക് ചെയ്തിട്ടുണ്ട്. അന്ന് മുതലേ അദ്ദേഹത്തിന്റെ രീതികൾ അറിയാം. വഴക്ക് പറയുന്ന ആളല്ല. പക്ഷെ അദ്ദേഹം സാധാരണ സംസാരിക്കുന്നത് പുറത്ത് നിന്നൊരാൾ കേട്ടാൽ ഭയങ്കരമായി വഴക്കുണ്ടാക്കുകയാണെന്ന് തോന്നുമെന്നും മഞ്ജു പിള്ള ചിരിച്ച് കൊണ്ട് പറഞ്ഞു. ഹോം സിനിമയ്ക്ക് ശേഷം എല്ലാ പ്രായത്തിലുമുള്ള ആരാധകരെ തനിക്ക് ലഭിച്ചെന്നും മഞ്ജു പിള്ള വ്യക്തമാക്കി. അതിന് മുമ്പ് ടിവി കാണുന്ന അമ്മമാർക്കായിരുന്നു താൻ പ്രിയങ്കരിയെന്നും മഞ്ജു പിള്ള ചൂണ്ടിക്കാട്ടി. കോമഡി ചെയ്യുന്ന ന‌ടി എന്നതിനപ്പുറം വ്യത്യസ്തമായ സിനിമകൾ തനിക്ക് ലഭിക്കുന്നതിനെക്കുറിച്ചും മഞ്ജു പിള്ള സംസാരിച്ചു. ആ​ഗ്രഹിച്ച കഥാപാത്രങ്ങളാണ്. അതിനുള്ള സ്പേസ് കിട്ടുന്നുണ്ട്. അഭിനേതാക്കളെ എക്സ്പിരിമെന്റ് ചെയ്യാൻ സംവിധായകർ തയ്യാറാകുന്നെന്നും മഞ്ജു പിള്ള ചൂണ്ടിക്കാട്ടി. ഹോമിന് ശേഷം ജയ ജയ ജയഹേ, ടീച്ചർ തുടങ്ങിയ സിനിമകളിൽ ശ്രദ്ധേയ വേഷമാണ് മഞ്ജു പിള്ളയ്ക്ക് ലഭിച്ചത്. മഞ്ജു പിള്ളയുടെ വ്യത്യസ്തമായ കഥാപാത്രങ്ങൾ കാണാൻ കാത്തിരിക്കുകയാണ് പ്രേക്ഷകർ.