Film News

എല്ലാം വമ്പൻ ചിത്രങ്ങൾ; മോഹൻലാൽ, രജനി, വിജയ് സേതുപതി…, ഒപ്പമുള്ളത് മഞ്ജു വാര്യർ; ഇപ്പോൾ പുത്തൻ പ്രഖ്യാപനം

ത്രില്ലർ സിനിമകളിലൂടെ ഞെട്ടിക്കുന്ന ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ മഞ്ജു വാര്യർ നായികയാകുന്നു. ഇതാദ്യമായാണ് മഞ്ജു വാര്യരും ജീത്തു ജോസഫും ഒന്നിക്കുന്നത്. ഈ വർഷം അവസാനം ചിത്രത്തിന്റെ ഷൂട്ടിം​ഗ് ആരംഭിക്കുമെന്നാണ് വിവരം. മാജിക് ഫ്രെയിംസിന്റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫൻ ആണ് നിർമ്മാണം. മാജിക് ഫ്രെയിംസുമായി ജീത്തു ജോസഫ് കൈകോർക്കുന്നതും ആദ്യമായിട്ടാണ്.

മോഹൻലാൽ – പൃഥ്വിരാജ് ചിത്രം എമ്പുരാനിൽ അഭിനയിച്ചു വരികയാണ് മഞ്ജു വാര്യർ. ലൂസിഫറിന്റെ തുടർച്ചയായ എമ്പുരാനിൽ പ്രിയദർശിനി രാംദാസ് കൂടുതൽ ശക്തയാകും എന്നാണ് റിപ്പോർട്ടുകൾ. കൂടാതെ, തമിഴിൽ രജനികാന്തിന്റെ വേട്ടയ്യൻ, വിജയ് സേതുപതി, സുരി ചിത്രം വിടുതലൈ 2 ആര്യ, ഗൗതം കാർത്തിക് എന്നിവരോടൊപ്പം മിസ്റ്റർ എക്സ് എന്നിങ്ങനെ വമ്പൻ ചിത്രങ്ങളുടെ ഭാ​ഗമാണ് മഞ്ജു. സൈജു ശ്രീധരൻ ആദ്യമായി സംവിധാനം ചെയ്ത ഫൂട്ടേജ് ആണ് മലയാളത്തിൽ ഷൂട്ടിം​ഗ് പൂർത്തിയായ മഞ്ജു ചിത്രം.

ഫൗണ്ട് ഫൂട്ടേജ് എന്ന മേക്കിംഗ് രീതിയിൽ മലയാളത്തിൽ ഒരുങ്ങുന്ന രണ്ടാമത്തെ ചിത്രമാണ് ഫൂട്ടേജ്. ഏറെ കാത്തിരിപ്പിനൊടുവിൽ പുറത്തിറങ്ങുന്ന ഈ മഞ്ജു വാര്യർ ചിത്രം പ്രേക്ഷകരിലേക്ക് എത്തിക്കുന്നത് മാർട്ടിൻ പ്രക്കാട്ട് ഫിലിംസ് ആണ്. അഞ്ചാം പാതിരാ, കുമ്പളങ്ങി നൈറ്റ്സ്, മഹേഷിൻ്റെ പ്രതികാരം തുടങ്ങി നിരവധി ഹിറ്റ് സിനിമകളുടെ എഡിറ്റർ സൈജു ശ്രീധരൻ ആദ്യമായി സംവിധാനം ചെയ്യുന്ന സിനിമയിൽ വിശാഖ് നായർ, ഗായത്രി അശോക് തുടങ്ങിയവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

Ajay Soni