Film News

സാക്ഷാൽ രജനിയും വിജയ്‍യും വരെ പിന്നിൽ; മഞ്ഞുമ്മൽ ബോയ്സിന്റെ കുതിപ്പിൽ ഞെട്ടി തെന്നിന്ത്യൻ സിനിമ ലോകം

ഒരു മലയാള സിനിമ തമിഴ്നാട്ടിൽ സൃഷ്ടിക്കുന്ന അത്ഭതം കണ്ട് ഞെട്ടി തെന്നിന്ത്യൻ സിനിമ ലോകം. മഞ്ഞുമ്മൽ ബോയ്സ് തമിഴ്നാട്ടിൽ നിന്ന് മാത്രം 20 കോടിയും പിന്നിട്ട് തിയറ്ററുകളിൽ നിറഞ്ഞ സദസിൽ പ്രദർശനം തുടരുകയാണ്. തമിഴ് യുട്യൂബ് ചാനലുകളിലും സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിലുമൊക്കെ ചർച്ച ചെയ്യുന്നത് ഇപ്പോൾ മഞ്ഞുമ്മലിലെ ബോയ്സിനെ കുറിച്ച് മാത്രമാണ്. മഞ്ഞുമ്മൽ ബോയ്സിന് തമിഴ്നാട്ടിൽ അങ്ങോളമിങ്ങോളം പ്രദർശനമുണ്ട്. ഇപ്പോഴിതാ ബോക്സ് ഓഫീസ് കളക്ഷനിൽ ട്രിച്ചിയിൽ ഒരു റെക്കോർഡ് കൂടെ ചിത്രം സൃഷ്ടിച്ചിട്ടുണ്ട്.

റിലീസ് ചെയ്ത് 13-ാമത്തെ ദിവസത്തെ കളക്ഷനിലാണ് ചിദംബരത്തിന്റെ സിനിമയുടെ റെക്കോർഡ് നേട്ടം. ഫെബ്രുവരി 22 ന് തിയറ്ററുകളിലെത്തിയ ചിത്രത്തിൻറെ 13-ാം ദിവസമായിരുന്നു മാർച്ച് അഞ്ച്. ട്രിച്ചിയിലെ തിയറ്ററുകളിൽ എക്കാലത്തെയും തമിഴ് ഇതര ചിത്രങ്ങളിൽ റിലീസിൻറെ 13-ാം ദിവസം ഏറ്റവുമധികം കളക്ഷൻ നേടുന്ന ചിത്രമായിരിക്കുകയാണ് മഞ്ഞുമ്മൽ ബോയ്സ്. 13.2 ലക്ഷമാണ് ട്രിച്ചിയിലെ വിവിധ തിയറ്ററുകളിൽ നിന്നുള്ള കളക്ഷൻ. റിലീസിന് ശേഷമുള്ള രണ്ടാമത്തെ ചൊവ്വാഴ്ചയിലെ കളക്ഷൻ പരിഗണിക്കുമ്പോൾ കോളിവുഡിൽ നിന്നുള്ള സമീപകാലത്തിലെ രണ്ട് വമ്പൻ ചിത്രങ്ങളെ ട്രിച്ചിയിൽ പിന്നിലാക്കാനും മഞ്ഞുമ്മൽ ബോയ്സിന് കഴിഞ്ഞു. രജനികാന്തിൻറെ ജയിലറും വിജയ്‍യുടെ ലിയോയുമാണ് പിന്നിലായത്.

അതേസമയം ട്രിച്ചിയിലെ തിയറ്ററുകളിൽ നിന്ന് 13 ദിവസം കൊണ്ട് ഈ ചിത്രം നേടിയത് 71 ലക്ഷമാണ്. ഈ വാരാന്ത്യത്തിൽ ട്രിച്ചിയിലെ നിരവധി സിംഗിൾ സ്ക്രീനുകളിൽ മഞ്ഞുമ്മൽ ബോയ്സ് പുതുതായി പ്രദർശനം ആരംഭിക്കുന്നുണ്ട്. പ്രേക്ഷകരുടെ ഭാഗത്ത് നിന്ന് നിരന്തര ആവശ്യം ഉയർന്നതോടെയാണ് കൂടുതൽ ഷോകൾ ആരംഭിക്കുന്നത്. ഇതോടെ ട്രിച്ചിയിൽ നിന്ന് മാത്രം ചിത്രം ഒരു കോടി കളക്ഷൻ നേടുമെന്ന് ഉറപ്പായി.

Ajay Soni