തെന്നിന്ത്യന്‍ താരറാണി തൃഷയ്‌ക്കെതിരെയുള്ള നടന്‍ മന്‍സൂര്‍ അലിഖാന്റെ മോശം പരാമര്‍ശം വിവാദമായിരിക്കുകയാണ്. വിഷയത്തില്‍ നിരവധി പേരാണ് പ്രതികരിച്ചെത്തുന്നത്. സംഭവത്തില്‍ രൂക്ഷ പ്രതികരണവുമായി നടി തൃഷ തന്നെ രംഗത്തെത്തിയിരുന്നു. മന്‍സൂറിന്റെ വാക്കുകളെ ശക്തമായ രീതിയില്‍ അപലപിക്കുന്നുവെന്നും നടനൊപ്പം സ്‌ക്രീന്‍ പങ്കിടാത്തതില്‍ അഭിമാനമുണ്ടെന്നും ഇനി ഒരിക്കലും സ്‌ക്രീന്‍ സ്‌പേസ് പങ്കിടില്ല എന്നും തൃഷ പ്രതികരിച്ചു.
ഇപ്പോഴിതാ മന്‍സൂറും വിഷയത്തില്‍ പ്രതികരിച്ചിരിക്കുകയാണ്. താന്‍ പറഞ്ഞത് തമാശ രീതിയിലുള്ള പരാമര്‍ശമാണെന്നാണ് മന്‍സൂര്‍ അലിഖാന്‍ പറയുന്നു. ആരോ എഡിറ്റ് ചെയ്ത വീഡിയോ ആണ് പുറത്തു വന്നിരിക്കുന്നത്. തൃഷ അത് കണ്ട് തെറ്റിദ്ധരിക്കുകയായിരുന്നുവെന്നും നടന്‍ പറയുന്നു. പഴയതുപോലെ നടിമാര്‍ക്കൊപ്പം അഭിനയിക്കാന്‍ അവസരം ലഭിക്കുന്നില്ലെന്ന് സരസമായി താന്‍ പറഞ്ഞതാണെന്നും മന്‍സൂര്‍ ഇന്‍സ്റ്റഗ്രാം പോസ്റ്റില്‍ പറയുന്നു.
‘ഒരു മനുഷ്യനെന്ന നിലയില്‍ ഞാന്‍ ജനങ്ങള്‍ക്ക് വേണ്ടി ഒരുപാട് ചെയ്തിട്ടുണ്ട്. അത് തുടരുകയും ചെയ്യും. എന്റെ വ്യക്തിത്വത്തെ ചോദ്യം ചെയ്യേണ്ട ആവശ്യമില്ല. ഇത് എന്നെ അപകീര്‍ത്തിപ്പെടുത്തുന്നതല്ലാതെ മറ്റൊന്നുമല്ല. മനുഷ്യര്‍ക്ക് വേണ്ടി ഞാന്‍ എത്രമാത്രം നിന്നിട്ടുണ്ടെന്ന് എന്റെ തമിഴ് ജനതയ്ക്ക് അറിയാം. ഞാന്‍ ആരാണെന്നും ഞാന്‍ എന്താണെന്നും അവര്‍ക്കറിയാം അറിയാം. എന്റെ മകള്‍ തൃഷയുടെ വലിയ ആരാധികയാണ്. ഇക്കാര്യം ‘ലിയോ’ സിനിമയുടെ പൂജ സമയത്ത് തൃഷയോട് ഞാന്‍ പറഞ്ഞിട്ടുണ്ട്. സഹനടിമാരോട് എപ്പോഴും എനിക്ക് ബഹുമാനമാണ്. ഇതില്‍ തെറ്റായി ഒന്നും ചെയ്തിട്ടില്ല. ‘ മന്‍സൂര്‍ അലിഖാന്‍ പോസ്റ്റ് ചെയ്തു.
ലിയോ സിനിമയുടെ പ്രൊമോഷന്റെ ഭാഗമായുള്ള അഭിമുഖത്തിലാണ് മന്‍സൂറിന്റെ വിവാദ പരാമര്‍ശം. മുന്‍പൊരു സിനിമയില്‍ ഖുശ്ബുവിനെയും റോജയെയും കട്ടിലിലേക്ക് ഇടുന്നത് പോലെ ലിയോയില്‍ തൃഷയെ ഇടാന്‍ പറ്റിയില്ല. സിനിമകളിലെ റേപ് സീനുകളൊന്നും ലിയോയില്‍ ഇല്ല, ഉറപ്പായും ബെഡ് റൂം സീന്‍ കാണുമെന്ന് പ്രതീക്ഷിച്ചു. അതിന് ആഗ്രഹമുണ്ടായിരുന്നു എന്നായിരുന്നു മന്‍സൂര്‍ പറഞ്ഞത്.
