ദി റിയൽ ഡോൺ! കൊറിയൻ ലാലേട്ടൻ വിവാഹ ചടങ്ങുകൾ അടുത്ത മാസം; വിവാഹം രജിസ്റ്റർ ചെയ്തത് 2021ൽ

ഡോൺ ലീ എന്നറിയപ്പെടുന്ന കൊറിയൻ നടൻ മാ ഡോങ്-സിയോക്ക് വിവാഹിതനാകുന്നു. കാമുകി യെ ജംഗ്-ഹ്വയുമായുള്ള വിവാഹ ചടങ്ങുകൾ അടുത്ത മാസം നടക്കുമെന്നാണ് റിപ്പോർട്ടുകൾ. 2021ൽ ഇരുവരും രഹസ്യമായി വിവാഹം രജിസ്റ്റർ ചെയ്തതിരുന്നു എന്ന വാർത്തകൾ പ്രചരിച്ചിരുന്നു. പിന്നാലെയാണ് വിവാഹ ചടങ്ങുകളെ കുറിച്ചുള്ള റിപ്പോർട്ടുകളും പുറത്ത് വന്നിട്ടുള്ളത്.

ഡോൺ ലീയും ജംഗ്-ഹ്വയും 2016 മുതൽ ഡേറ്റിംഗിലാണ്. കൊവിഡ് 19 അടക്കമുള്ള പ്രശ്നങ്ങൾ കാരണമാണ് 2021ൽ വിവാഹ ചടങ്ങുകൾ വയ്ക്കാതിരുന്നത് എന്നാണ് താരത്തോട് അടുത്ത വൃത്തങ്ങൾ പറയുന്നത്. അതേസമയം, കുടുംബാം​ഗങ്ങൾക്കും സുഹൃത്തുക്കൾക്കും മാത്രമാണ് ചടങ്ങിലേക്ക് ക്ഷണമെന്നും വിവരമുണ്ട്.

കേരളത്തിൽ അടക്കം ഏറെ ആരാധകരെ സൃഷ്ടിച്ച താരമാണ് ഡോൺ ലീ. കൊറിയൻ ലാലേട്ടൻ എന്നാണ് താരത്തെ സ്നേഹത്തോടെ മലയാളി ആരാധകർ വിളിക്കുന്നത്. ദ റൌണ്ടപ്പ്, ഔട്ട് ലോസ് പോലുള്ള ചിത്രങ്ങളിലെ ഡോൺ ലീയുടെ പൊലീസ് വേഷങ്ങൾ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. കൂടാതെ, ഏറ്റെണൽസ് അടക്കം ഹോളിവുഡ് ചിത്രങ്ങളിലും താരം അഭിനയിച്ചു.