താഴ്ചകളുണ്ടാകുമ്പോള്‍ പലരേയും തിരിച്ചറിയാന്‍ പറ്റും, മായാവിശ്വനാഥ്

മിനിസ്‌ക്രിനീലൂടെയും ബിഗ് സ്‌ക്രീനിലൂടെയും പ്രേക്ഷകര്‍ക്ക് സുപരിചിതയായ താരമാണ് മായാവിശ്വനാഥ്. ഇപ്പോഴിതാ തന്റെ പുതിയ പ്രോജക്ടിനെ കുറിച്ചും സിനിമാജീവിതത്തെ കുറിച്ചുമൊക്കെ താരം തുറന്ന് പറയുകയാണ്.

മായാവിശ്വനാഥിന്റെ വാക്കുകള്‍,

ഏഴുവര്‍ഷമായി ലൈംലൈറ്റില്‍ ഞാന്‍ ഇല്ല. പക്ഷേ അതിനു പ്രത്യേകിച്ച് കാരണങ്ങള്‍ ഒന്നും ഇല്ല. ആരും എന്നെത്തേടി വന്നില്ല അത്രതന്നെ എന്നാണ് ഇടവേളയെക്കുറിച്ച് മായ പറയുന്നത്. അതേസമയം ഇപ്പോള്‍ ലാലേട്ടന്റെ ആറാട്ട് എന്ന സിനിമയിലൂടെ മടങ്ങിവരികയാണ്. ഇങ്ങനെ ഇടയ്ക്കിടെ സിനിമകള്‍ കിട്ടാറുണ്ട്. ചെറുതും വലുതുമായ വേഷങ്ങള്‍. പ്രിയങ്കരി എന്ന സീരിയലിലും അഭിനയിക്കുന്നു. ആറാട്ട് കൂടാതെ മൂന്ന് സിനിമകളിലും കരാര്‍ ഒപ്പിട്ടിട്ടുണ്ട്. ഞാന്‍ അഭിനയം നിര്‍ത്തിയിട്ടൊന്നും ഇല്ല. 26 വര്‍ഷമായി ഞാന്‍ ഇന്‍ഡസ്ട്രിയില്‍ ഉണ്ട്. അപ്പൊ എല്ലാവര്‍ക്കും അറിയാം. ഇതുതന്നെയാണ് എന്റെ മേഖല.


ഒരു ഉയര്‍ച്ചയുണ്ടെങ്കില്‍ ഒരു താഴ്ചയും ഉണ്ടല്ലോ. ഒരു താഴ്ച ഉണ്ടാകുന്നത് നല്ലതാണ്. അപ്പോള്‍ നമുക്ക് പലരെയും തിരിച്ചറിയാന്‍ കഴിയും. നമ്മുടെ മനഃസ്ഥിതിയിലും കാഴ്ചപ്പാടിലും ഒക്കെ മാറ്റം വരുത്താനും കഴിയും. ഞാന്‍ എല്ലാകാര്യങ്ങളും പോസിറ്റീവ് ആയി എടുക്കുന്ന ആളാണ്.
സൂര്യകാന്തി എന്ന സീരിയല്‍ ഇതിനിടെ ചെയ്തിരുന്നു. പക്ഷേ അത് ഇടയ്ക്കു വച്ച് നിന്നുപോവുക ആയിരുന്നു. കൊറോണ സമയത്താണ് അത് നിന്നുപോയത്, കൂടുതല്‍ ആര്‍ട്ടിസ്റ്റുകളും കേരളത്തിന് പുറത്തുള്ളവരായിരുന്നു. അവര്‍ക്ക് എത്തിച്ചേരാനുള്ള ബുദ്ധിമുട്ടാകാം പരമ്പര നിര്‍ത്തി പോകാനുള്ള കാരണം.
ഇപ്പൊ പല ചാനലുകളുടെയും അവസ്ഥ അതാണ്. മലയാളം പറയാന്‍ അറിയാത്തവരാണ് കൂടുതലും സീരിയലില്‍ അഭിനയിക്കുന്നത്. ഞാന്‍ സോഷ്യല്‍ മീഡിയ അധികം ഉപയോഗിക്കാറില്ല അതുകൊണ്ടു പലകാര്യങ്ങളും ഞാന്‍ അറിയാറില്ല. ഫേസ്ബുക് അക്കൗണ്ട് ഇല്ല ഒരുപാട് ഫേക്ക് അക്കൗണ്ടുകള്‍ ഉണ്ട്, അതൊന്നും എന്റേതല്ല .എനിക്ക് നേരിട്ട് സംസാരിക്കാനാണ് ഇഷ്ടം. സോഷ്യല്‍ മീഡിയയില്‍ സജീവമല്ല. ഞാന്‍ ഇന്നുവരെ ഇന്റര്‍വ്യൂ ഒന്നും കൊടുത്തിട്ടില്ല. എന്റെ വിശേഷങ്ങള്‍ അറിഞ്ഞിട്ട് ആര്‍ക്കും ഒന്നും നേടാനില്ല.
മറ്റുള്ളവര്‍ക്ക് എന്തെങ്കിലും മോട്ടിവേഷന്‍ കൊടുക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ പിന്നെ എന്റെ സ്റ്റോറി മറ്റുള്ളവര്‍ അറിഞ്ഞിട്ടു എന്തുകാര്യം. എന്റെ പുതിയ ചിത്രങ്ങള്‍ ഷെയര്‍ ചെയ്തത് എന്റെ ചേച്ചിയുടെ മകന്‍ ആണ്. അവന്‍ എനിക്കായി ഒരു ഇന്‍സ്റ്റാഗ്രാം അക്കൗണ്ട് ഉണ്ടാക്കി അതില്‍ ഫോട്ടോസ് പോസ്റ്റ് ചെയ്യുകയായിരുന്നു. അത് കണ്ടിട്ട് ഒരുപാടുപേര്‍ വിളിക്കുന്നുണ്ട്. ചിത്രങ്ങള്‍ കണ്ടിട്ട് ഒരുപാട് സുഹൃത്തുക്കള്‍ വിളിച്ച് പഴയ ചിത്രമാണോ എന്ന് ചോദിച്ചു, കാരണം ഞാന്‍ വളരെ ചെറുപ്പമായി ഇരിക്കുന്നു എന്ന് തോന്നിയത്രേ. എനിക്ക് പ്രായമാകുന്നു എന്ന് എനിക്ക് തോന്നാറേ ഇല്ലെന്നാണ് താരം പറയുന്നത്. ഞാനാണ് എന്നെത്തന്നെ മോട്ടിവേറ്റ് ചെയ്യുന്നത്. എന്റെ മനസ്സിന് പ്രായമാകാറില്ല. അപ്പോ എന്റെ ശരീരത്തെയും അത് ബാധിക്കാറില്ല.