‘ബറോസിന്റെ വിജയമനുസരിച്ചാണ് ഭാവിയിലെ ചിത്രങ്ങള്‍ പ്ലാന്‍ ചെയ്യുക’ മോഹന്‍ലാല്‍

മോഹന്‍ലാല്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് ബറോസ്. ഇപ്പോഴിതാ ചിത്രത്തെ കുറിച്ചുള്ള വിശേഷങ്ങളുമായി താരം രംഗത്തെത്തിയിരിക്കുകയാണ്. ബറോസ് മലയാള സിനിമയോ ഇന്ത്യന്‍ സിനിമയോ അല്ലെന്നും ഒരു അന്താരാഷ്ട്ര നിലവാരത്തില്‍ എങ്ങനെ കൊണ്ടുവരാം എന്ന് ചിന്തിച്ചുകൊണ്ടിരിക്കുകയാണെന്നും മോഹന്‍ലാല്‍ പറഞ്ഞു. ആശീര്‍വാദ് സിനിമാസിന്റെ യൂട്യൂബ് ചാനലിലൂടെ പുറത്തിറക്കിയ വീഡിയോയിലാണ് അദ്ദേഹം ഇക്കാര്യം വെളിപ്പെടുത്തിയത്.

ഒരുപാട് ഭാഷകളില്‍ ഈ സിനിമ ഡബ്ബ് ചെയ്യാം. ബറോസ് ഫാന്റസി ത്രീ ഡി ചിത്രമാണ്. എല്ലാവിധ സാധ്യതകളുമുള്ള ചിത്രമാണിത്. പ്രത്യേക ഭാഷയോ കാര്യങ്ങളോ ഒന്നുമില്ല. പീരിയോഡിക് ചിത്രംകൂടിയാണ്. ഇന്ത്യയില്‍ ഇങ്ങനെയൊരു വിഷയം ആദ്യമായിട്ടായിരിക്കും വരുന്നത്. കാത്തിരിപ്പിന്റെയും വിശ്വാസത്തിന്റേയുമൊക്കെ സന്ദേശമുള്ള സിനിമയാണ് ബറോസ്. ബറോസിന്റെ വിജയമനുസരിച്ചാണ് ഭാവിയിലെ ചിത്രങ്ങള്‍ പ്ലാന്‍ ചെയ്യുക. എന്തായാലും ഒരു വിഷ്വല്‍ ട്രീറ്റായിരിക്കും ബറോസ്. മോഹന്‍ലാല്‍ പറഞ്ഞു.

‘സിനിമ സംവിധാനം ചെയ്യണമെന്ന് ആഗ്രഹമുള്ള ആളൊന്നുമല്ല. സിനിമ സംവിധാനം ചെയ്യാന്‍ നല്ല അറിവും ദൃഢവിശ്വാസവും വേണം. ത്രീ ഡി ചിത്രമെന്ന് കേട്ടപ്പോഴാണ് അതിലേക്ക് ഒരാകര്‍ഷണം വന്നത്. വേറെ പലരുടേയും പേര് പറഞ്ഞിട്ട് അവസാനം സ്വയം ചെയ്തുകൂടേ എന്ന ഉള്‍വിളി വന്ന സമയമായി. അങ്ങനെ ചെയ്തതാണെന്നും നടന്‍ പറഞ്ഞു.

Gargi