അതുല്യനടന്‍, രവിച്ചേട്ടന് കണ്ണീരില്‍ കുതിര്‍ന്ന ആദരാഞ്ജലികള്‍- മോഹന്‍ലാല്‍

മലയാള സിനിമാ ലോകത്തിന് ഒരു തീരാ നഷ്ടംകൂടി, പകരം വയ്ക്കാനിടമില്ലാത്ത ഇടം ബാക്കിയാക്കി നടന്‍ പൂജപ്പുര രവി വിട പറഞ്ഞിരിക്കുകയാണ്. നാടക ലോകത്ത് നിന്നും സിനിമയിലേക്കെത്തിയ ശ്രദ്ധേയമായ താരമാണ് പൂജപ്പുര രവി. മലയാളിയ്ക്ക് മറക്കാനാവാത്ത നിരവധി കഥാപാത്രങ്ങള്‍ വെള്ളിത്തിരയില്‍ താരം അനശ്വരമാക്കിയിട്ടുണ്ട്.

കള്ളന്‍ കപ്പലില്‍ തന്നെ, പൂച്ചയ്‌ക്കൊരു മൂക്കുത്തി, മുത്താരംകുന്ന പി.ഒ, മഴപെയ്യുന്നു മദ്ദളം കൊട്ടുന്നു, റൗഡി രാമു തുടങ്ങിയവയൊക്കെ ശ്രദ്ധേയ ചിത്രങ്ങളാണ്. ഗപ്പി സിനിമയിലാണ് അവസാനമായി മലയാളത്തില്‍ അഭിനയിച്ചത്.

ഇപ്പോഴിതാ താരത്തിന് അന്ത്യാഞ്ജലി അര്‍പ്പിച്ചിരിക്കുകയാണ് താരരാജാവ് മോഹന്‍ലാല്‍. ഫെയ്‌സ്ബുക്ക് കുറിപ്പിലൂടെയാണ് ലാലേട്ടന്‍ അത്യാഞ്ജലി അര്‍പ്പിച്ചത്. വര്‍ഷങ്ങളുടെ അടുപ്പമാണ് പൂജപ്പുര രവിച്ചേട്ടനുമായി എനിക്കുണ്ടായിരുന്നത്. അതിഭാവുകത്വമില്ലാതെ, സ്വാഭാവിക അഭിനയം കൊണ്ട്, പല തലമുറകളിലെ പ്രേക്ഷകരെ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്ത അതുല്യനടനായിരുന്നു അദ്ദേഹമെന്ന് ലാലേട്ടന്‍ പറയുന്നു.

നാലായിരത്തോളം നാടകങ്ങളിലൂടെ, എണ്ണൂറില്‍പ്പരം സിനിമകളിലൂടെ, ലക്ഷക്കണക്കിന് പ്രേക്ഷക ഹൃദയങ്ങളില്‍ സ്ഥാനം നേടിയ പ്രതിഭ. മലയാളം എന്നെന്നും ഓര്‍ക്കുന്ന ഒട്ടനവധി സിനിമകളില്‍ അദ്ദേഹത്തോടെപ്പം അഭിനയിക്കാന്‍ സാധിച്ചു. രവിച്ചേട്ടന് കണ്ണീരില്‍ കുതിര്‍ന്ന ആദരാഞ്ജലികള്‍, എന്നാണ് മോഹന്‍ലാല്‍ കുറിച്ചത്.

Anu