ഫുള്‍ കോപ്പി ആണല്ലോ ‘നേര്’!! ഹോളിവുഡ് ചിത്രം ‘സ്‌കെച്ച് ആര്‍ട്ടിസ്റ്റു’മായി സാദൃശ്യം കണ്ടെത്തി നെറ്റിസണ്‍സ്

മോഹന്‍ലാലിന്റെ നേര് ആണ് സോഷ്യല്‍ മീഡിയയിലെ സജീവ ചര്‍ച്ചാ വിഷയം. മികച്ച പ്രതികരണം നേടി ഒരാഴ്ച പിന്നിടുമ്പോള്‍ 50 കോടി ക്ലബിലെത്തിയിരിക്കുകയാണ്. വര്‍ഷങ്ങളായി പ്രാക്ടീസ് ചെയ്യാതിരിക്കുന്ന അഡ്വക്കേറ്റ് വിജയമോഹന്‍ എന്ന കഥാപാത്രമായിട്ടാണ് മോഹന്‍ലാല്‍ എത്തുന്നത്. വര്‍ഷങ്ങളായി പ്രാക്ടീസ് ചെയ്യാത്ത, കോടതിയില്‍ പോവാത്ത വിജയമോഹന്‍ പ്രത്യേക കേസ് ഏറ്റെടുക്കുകയും തുടര്‍ന്ന് കോടതിയില്‍ അരങ്ങേറുന്ന സംഭവവികാസങ്ങളുമാണ് കോര്‍ട്ട് റൂം ഡ്രാമയായി എത്തിയ നേരിന്റെ പ്രമേയം.

‘നേര്’ മികച്ച പ്രതികരണങ്ങളോടെ പ്രദര്‍ശനം തുടരുമ്പോള്‍ സിനിമയെക്കുറിച്ച് ആരാധകര്‍ക്കിടയില്‍ ഒരു ചര്‍ച്ച കൂടി നടക്കുന്നുണ്ട്. 1995ല്‍ പുറത്തിറങ്ങിയ ഹോളിവുഡ് ത്രില്ലറായ ‘സ്‌കെച്ച് ആര്‍ട്ടിസ്റ്റ് II: ഹാന്‍ഡ്‌സ് ദാറ്റ് സീ’ എന്ന ചിത്രത്തിന്റെ കോപ്പിയടിയാണെന്ന് കണ്ടെത്തിയിരിക്കുകയാണ് നെറ്റിസണ്‍സ്. അമേരിക്കന്‍ ക്രൈം ത്രില്ലറിന്റെ ഇതിവൃത്തത്തില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട് കൊണ്ടാണോ ‘നേര്’ ഒരുക്കിയിരിക്കുന്നത് എന്നാണ് ആരാധകര്‍ ചോദിക്കുന്നത്.

കണ്ണ് കാണാത്ത ഒരു കുട്ടിയെ ഒരാള്‍ റേപ്പ് ചെയ്യുന്നു, ആ കുട്ടി കൈകള്‍ ഉപയോഗിച്ചു ആ പ്രതിയുടെ രൂപം മനസ്സിലാക്കുകയും അത് ചിത്രം വരച്ച് പോലീസിന് കൈമാറുന്നു. പ്രതി ആരാണ് എന്ന് തുടക്കം തന്നെ കണ്ടു പിടിക്കുകയും പിന്നീട് കോര്‍ട്ടില്‍ എങ്ങനെയാണ് കേസ് തെളിയുന്നത് എന്ന് കാണിക്കുന്നതുമാണ് സ്‌കെച്ച് ആര്‍ട്ടിസ്റ്റ് പറയുന്നത്.

അന്ധയായ സാറ എന്ന പെണ്‍കുട്ടിയുടെ റേപ് കേസ് വിജയമോഹനെ തേടി എത്തുകയാണ്. വര്‍ഷങ്ങളായി പ്രാക്ടീസ് ചെയ്യാത്ത, കോടതിയില്‍ പോവാത്ത വിജയ്‌മോഹന്‍ എന്ന പബ്ലിക് പ്രോസിക്യൂട്ടറെ തേടി എത്തുന്നതും അയാള്‍ അതേറ്റ് എടുക്കുന്നതും തുടര്‍ന്നുണ്ടാവുന്ന സംഭവങ്ങളുമാണ് നേരിന്റെ പ്രമേയം.

അന്ധയായ സാറയെ വീട്ടില്‍ മറ്റാരും ഇല്ലാത്ത ഒരു ദിവസം അജ്ഞാതനായ ഒരു ചെറുപ്പക്കാരനാല്‍ റേപ്പ് ചെയ്യപ്പെടുന്നു. ദൃക്‌സാക്ഷികളില്ലാത്ത ആ കേസില്‍ പ്രതിയിലേക്കു നയിക്കുന്ന നിര്‍ണായകമായ സൂചന നല്‍കുന്നത് സാറ തന്നെയാണ്. ആ സൂചനകളും സംശയാസ്പദമായ സാഹചര്യവും പരിഗണിച്ച് തൊട്ടടുത്ത വീട്ടില്‍ താമസിച്ചിരുന്ന ഒരു ചെറുപ്പക്കാരനെ പൊലീസ് അറസ്റ്റ് ചെയ്യുന്നു. സാറയുടെ കേസ് ആര് ഏറ്റെടുക്കും എന്നത് ചോദ്യ ചിഹ്നമാവുന്നിടത്തേക്കാണ് അഡ്വക്കേറ്റ് വിജയമോഹന്‍ എത്തുന്നത്.

നീതി തേടിയുള്ള സാറയുടെയും അഡ്വക്കേറ്റ് വിജയമോഹന്റെയും യാത്രയിലൂടെയാണ് നേര് കടന്നുപോകുന്നത്. പ്രേക്ഷകര്‍ ഇതുവരെ കാണാത്തൊരു മോഹന്‍ലാലിനെ കൂടിയാണ് നേരില്‍ കാണാന്‍ സാധിക്കുന്നത്. ഭൂരിഭാഗം സീനുകളും കോടതിമുറിക്കുളില്‍ തന്നെ ചിത്രീകരിച്ചിരിക്കുന്ന ചിത്രത്തില്‍ സംഭാഷണങ്ങള്‍ക്ക് ഏറെ പ്രാധാന്യമുണ്ട്. സങ്കീര്‍ണ്ണമായ കോര്‍ട്ട് പ്രൊസീജ്യര്‍സ് പലതും സാധാരണക്കാരന് പോലും മനസിലാവുന്ന രീതിയില്‍ ചിത്രത്തില്‍ അവതരിപ്പിച്ചിരിക്കുന്നു.