‘എനിക്ക് ഇവളെ കുറിച്ച് കുറെ കാര്യം പറയാനുണ്ട്’; ലക്ഷ്മി നക്ഷത്രയെ കുറിച്ച് മോളി കണ്ണമാലി

വളരെ കുറഞ്ഞ കാലം കൊണ്ട് പ്രേക്ഷകരുടെ പ്രിയപ്പെട്ടവളായി മാറിയ അവതാരകയാണ് ലക്ഷ്മി നക്ഷത്ര. വ്യത്യസ്തമായ അവതരണവും അതിനൊപ്പം ആളുകളെ ടെലിവിഷന് മുന്നിൽ പിടിച്ചിരുത്താനുള്ള കഴിവുമാണ് ഈ സ്വീകാര്യതയ്ക്ക് കാരണം. സ്റ്റാർ മാജിക് എന്ന് ഹിറ്റ് പരിപാടിയുടെ അവതാരകയാണ് ലക്ഷ്മി. സ്വന്തമായി യൂട്യൂബ് ചാനലും ലക്ഷ്മിക്കുണ്ട്. റെഡ് എഫ് എമ്മിൽ റേഡിയോ ജോക്കിയായി കരിയർ ആരംഭിച്ച ലക്ഷ്മി പിന്നീട് ടെലിവിഷൻ മേഖലയിൽ സജീവമാവുകയായിരുന്നു.

നടി മോളി കണ്ണമാലിയെ കാണാൻ എത്തിയ ലക്ഷ്മിയുടെ വീഡിയോയാണ് ഇപ്പോള്‍ ശ്രദ്ധിക്കപ്പെടുന്നത്. മോളി ചേച്ചിയുടെ വീട്ടിലെത്തി മക്കളെയും കൊച്ചു മക്കളെയും ലക്ഷ്മി കണ്ടു. “എനിക്ക് ഇവളെ കുറിച്ച് കുറെ കാര്യം പറയാനുണ്ട്. ഇവൾ നല്ലൊരു മനസിന്റെ ഉടമയാണ്. അത് ഞാൻ എവിടെയും പറയും. ആ കുടുംബത്തിൽ പോകുകയും അവർക്ക് വേണ്ടി ഇന്നും ഒരുപാട് സഹായങ്ങൾ ചെയ്തുകൊടുക്കുകയും ചെയ്യുന്നുണ്ട് ഈ കൊച്ച്. നല്ലൊരു മനസിന്റെ ഉടമയാണ് ഈ കുഞ്ഞ്, അത് എനിക്ക് അറിയാം. ദൈവം ഈ കുഞ്ഞിന് നല്ല ആയുസ്സ് കൊടുക്കട്ടെ എനിക്ക് അത്രയുമേ പ്രാർത്ഥിക്കാനുള്ളു. ഒരു മനുഷ്യനും ചെയ്യാത്ത പല കാര്യങ്ങളും സുധിയുടെ കുടുംബത്തിന് വേണ്ടി ഇവൾ ചെയ്തു കൊടുക്കുന്നുണ്ട്.

എന്റെ വീട്ടിലെ കുഞ്ഞുങ്ങൾ ഒക്കെ ഇതുപോലെ വീഡിയോ ഒക്കെ കണ്ടിട്ട് എന്നോട് വന്നു പറയും. സത്യം പറഞ്ഞാൽ എനിക്ക് കണ്ണ് നിറഞ്ഞു പോകും. ലക്ഷ്മി അവരെ ഒക്കെ സഹായിക്കുന്നത് കാണുമ്പോൾ സങ്കടവും സന്തോഷവും തോന്നും. മറ്റുള്ളവർ ചെയ്യാത്ത കാര്യങ്ങൾ ആണ് ചിന്നു ചെയ്യുന്നത്. ദൈവം അവൾക്ക് എന്നും ഇതുപോലെ നന്മ ചെയ്യാൻ ആയുസും ആരോഗ്യവും കൊടുക്കട്ടെ എന്നാണ് എനിക്ക് പ്രാര്ഥിക്കാനുള്ളത്. എനിക്ക് വളരെ നന്ദിയും കടപ്പാടും ആണ് ലക്ഷ്മിയോട്” എന്നാണ് മോളി കണ്ണമാലി വീഡിയോയിൽ പറഞ്ഞത്.