Categories: Current Affairs

ഒന്നരവയസ്സുള്ള കുഞ്ഞിനെ കടുവ കടിച്ചെടുത്തു, വെറും കൈയ്യോടെ പൊരുതി രക്ഷിച്ച് അമ്മ

താഴെ വച്ചാല്‍ ഉരുമ്പരിക്കും തലയില്‍ വച്ചാല്‍ പേനരിക്കും എന്ന ചിന്തയിലാണ് കുഞ്ഞുങ്ങളെ അമ്മമാര് സംരക്ഷിക്കുന്നത്. തന്റെ ജീവന്‍ പണയം വച്ച് കുഞ്ഞുങ്ങളെ രക്ഷിക്കാനാണ് എല്ലാവരും ശ്രമിക്കാറ്. കഴിഞ്ഞദിവസമാണ് ഇടുക്കിയില്‍ തന്റെ ദേഹത്തേക്ക് പാഞ്ഞ് വീണ പുലിയെ കര്‍ഷകന്‍ കൊന്നത്. അതുപോലെ നോര്‍ത്ത് ഇന്ത്യയിലെ അതിര്‍ത്തി ഗ്രാമങ്ങളിലെല്ലാം വന്യമൃഗങ്ങളുടെ ശല്യം രൂക്ഷമാണ്.

തന്റെ പിഞ്ചു കുഞ്ഞിനെ ആക്രമിച്ച കടുവയെ വെറും കൈയ്യോടെ നേരിട്ടിരിക്കുകയാണ് യുവതി. മധ്യപ്രദേശിലാണ് 15 മാസം പ്രായമായ കുഞ്ഞിനെ കടുവ ആക്രമിച്ചത്. അര്‍ച്ചന ചൗധരി എന്ന യുവതിയാണ് ധീരമായ ഇടപെടലിലൂടെ കടുവയെ നേരിട്ടത്. കടുവയുമായുള്ള ഏറ്റുമുട്ടലിനിടെ പരുക്കേറ്റെങ്കിലും കുഞ്ഞും അമ്മയും രക്ഷപ്പെട്ടു.

പരുക്കേറ്റ അര്‍ച്ചന ആശുപത്രിയിലാണ്. അര്‍ച്ചനയുടെ ഒരു ശ്വാസകോശത്തിന് പരുക്കുണ്ട്. ശരീരത്തില്‍ ആഴത്തിലുള്ള മുറിവുകളുമുണ്ട്. കുഞ്ഞിന് തലയില്‍ മുറിവുകളുണ്ട്. കുഞ്ഞിന്റെ പരുക്കുകള്‍ നിസാരമാണെന്നും അമ്മയുടെ പരുക്കുകള്‍ ഗുരുതരമാണെന്നും ഡോക്ടര്‍ അറിയിച്ചു.

മധ്യപ്രദേശിലെ ബന്ധവ്ഗര്‍ കടുവാസങ്കേതത്തിനു സമീപമായിരുന്നു സംഭവം. അര്‍ച്ചന പാടത്ത് പണിയെടുത്തുകൊണ്ടിരിക്കെയാണ് സംഭവം. കടുവ കുറ്റിക്കാട്ടില്‍ നിന്ന് ചാടി വീണ് കുഞ്ഞിനെ ആക്രമിക്കുകയായിരുന്നു. കടുവ കുഞ്ഞിന്റെ തലയ്ക്ക് കടിച്ച് വലിക്കാന്‍ ശ്രമിച്ചു.

അര്‍ച്ചന ഉടനെ തന്നെ കടുവയുമായി മല്ലിടുകയായിരുന്നു. സ്വന്തം ജീവന്‍
പോലും പണയം വച്ചാണ് അര്‍ച്ചന കടുവയെ നേരിട്ടത്. ആയുധങ്ങളൊന്നുമില്ലാതെ
വെറും കൈയ്യോടെയാണ് അര്‍ച്ചന കടുവയെ നേരിട്ടത്.

കടുവയുമായുള്ള മല്‍പ്പിടിത്തത്തിനിടെ അര്‍ച്ചന നാട്ടുകാരോട് സഹായം അഭ്യര്‍ത്ഥിച്ചിരുന്നു. അലമുറ കേട്ട് ആളുകള്‍ അര്‍ച്ചനയെ സഹായിക്കാന്‍ ഓടിയെത്തി,കടുവയെ തുരത്തിയോടിച്ചു.

Anu B