പ്രേക്ഷക പ്രശംസ നേടി ‘ഉന്മാദം’; കുഞ്ചാക്കോ ബോബൻ ചിത്രം രണ്ടാം വാരത്തിലേക്ക്

കുഞ്ചാക്കോ ബോബനും ലിജോമോൾ ജോസും ആദ്യമായി ഒന്നിച്ച ‘ഉന്മാദം’ മികച്ച പ്രേക്ഷക പ്രതികരണങ്ങളോടെ തിയറ്ററുകളിൽ രണ്ടാം വാരത്തിലേക്ക് കടന്നു. വ്യത്യസ്തമായ പോലീസ് ത്രില്ലറെന്ന നിലയിൽ ശ്രദ്ധ നേടിയ ചിത്രം, പ്രകടന മികവും അവതരണ ശൈലിയും കൊണ്ട് പ്രേക്ഷകർക്കിടയിൽ ചർച്ചയാകുകയാണ്.

ചിത്രത്തിൽ ഷെല്ലി എന്ന കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ച കുഞ്ചാക്കോ ബോബന്റെ പ്രകടനമാണ് പ്രധാന ആകർഷണമെന്നാണ് തിയറ്റർ പ്രതികരണങ്ങൾ. കഥാപാത്രത്തിന്റെ വ്യത്യസ്തമായ മാനസിക തലങ്ങൾ അദ്ദേഹം മികച്ച രീതിയിൽ അവതരിപ്പിച്ചിട്ടുണ്ടെന്നാണ് പ്രേക്ഷകരുടെ വിലയിരുത്തൽ. ലിജോമോൾ ജോസ് അവതരിപ്പിച്ച സൗമ്യ എന്ന കഥാപാത്രത്തിനും മികച്ച സ്വീകാര്യതയാണ് ലഭിക്കുന്നത്.

പനോരമ സ്റ്റുഡിയോസിന്റെ മലയാളത്തിലെ മൂന്നാമത്തെ നിർമാണ സംരംഭമായ ‘ഉന്മാദം’, മലയാളത്തിലെ ശ്രദ്ധേയ എഡിറ്റർമാരിൽ ഒരാളായ കിരൺ ദാസ് ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ്. സംവിധാന രംഗത്തെ അരങ്ങേറ്റത്തിൽ തന്നെ കിരൺ ദാസ് ശ്രദ്ധേയമായ അവതരണമാണ് കാഴ്ചവെച്ചിരിക്കുന്നതെന്നാണ് പ്രേക്ഷകരുടെ അഭിപ്രായം.

അന്ധവിശ്വാസവുമായി ബന്ധപ്പെട്ട, ആരും കൈകാര്യം ചെയ്യാൻ മടിക്കുന്ന ഒരു കേസിന്റെ ഫയലിനെ ചുറ്റിപ്പറ്റി ഒരു പോലീസ് ഉദ്യോഗസ്ഥന്റെ അന്വേഷണം പുരോഗമിക്കുന്നതും അതിലൂടെ സംഭവിക്കുന്ന അപ്രതീക്ഷിത വഴിത്തിരിവുകളുമാണ് ചിത്രത്തിന്റെ പ്രമേയം.

ദേശീയ പുരസ്കാര ജേതാവായ തിരക്കഥാകൃത്ത് ഷാഹി കബീർ, ‘ഓഫീസർ ഓൺ ഡ്യൂട്ടി’ക്ക് ശേഷം കുഞ്ചാക്കോ ബോബനുമായി വീണ്ടും ഒന്നിക്കുന്ന ചിത്രമെന്ന പ്രത്യേകതയും ‘ഉന്മാദ’ത്തിനുണ്ട്.

സിദ്ദിഖ്, സുധീഷ്, വിശാഖ് നായർ, സാബുമോൻ, കോട്ടയം നസീർ, ജിജോയ് രാജഗോപാൽ, ഗോകുലൻ, അരുൺ ചെറുകാവിൽ, ഉണ്ണി ലാലു, ഷാജു ശ്രീധർ, കൃഷ്ണപ്രഭ, കിരൺ പീതാംബരൻ, വിഷ്ണു, റെയ്ന രാധാകൃഷ്ണൻ, സിജോയ് വർഗീസ്, വിഘ്നേശ്വർ സുരേഷ് എന്നിവരടങ്ങുന്ന വലിയ താരനിരയും ചിത്രത്തിലുണ്ട്.

ടി-സീരീസും പനോരമ സ്റ്റുഡിയോസും സംയുക്തമായി അവതരിപ്പിക്കുന്ന ചിത്രം ഗുൽഷൻ കുമാർ, ഭൂഷൺ കുമാർ, ടി-സീരീസ് ഫിലിംസ്, പനോരമ സ്റ്റുഡിയോസ് എന്നിവരുടെ ബാനറിലാണ് എത്തുന്നത്. കുമാർ മംഗത് പഥക്കും അഭിഷേക് പഥക്കും ചേർന്നാണ് നിർമാണം. റാം മിർച്ചന്ദാനിയും രാജേഷ് മേനോനും സഹനിർമാതാക്കളായപ്പോൾ അഭിനവ് മെഹ്‌റോത്ര ക്രിയേറ്റീവ് പ്രൊഡ്യൂസറാണ്.

അർജുൻ സേതുവിന്റെ ഛായാഗ്രഹണവും കിരൺ ദാസും ജിതിൻ ജോണും ചേർന്നുള്ള എഡിറ്റിംഗും മുജീബ് മജീദിന്റെ സംഗീതവും ചിത്രത്തിന്റെ സാങ്കേതിക മികവ് ഉയർത്തുന്ന ഘടകങ്ങളായി പ്രേക്ഷകരുടെ ശ്രദ്ധ നേടുന്നുണ്ട്.