ഓപ്പറേഷൻ നുംഖോർ’ കേസിൽ ദുൽഖർ സൽമാനെ കസ്റ്റംസ് വിളിപ്പിക്കാം

ഭൂട്ടാനിൽ നിന്ന് കടത്തിക്കൊണ്ടുവന്ന വാഹനങ്ങൾ കണ്ടെത്തുന്നതിനായി കസ്റ്റംസ് നടത്തിയ ‘ഓപ്പറേഷൻ നുംഖോർ’ അന്വേഷണത്തിന്റെ ഭാഗമായി നടൻ ദുൽഖർ സൽമാനെ കസ്റ്റംസ് നേരിട്ട് വിളിപ്പിക്കാൻ സാധ്യതയുണ്ട്. പിടിച്ചെടുത്ത ലാൻഡ് റോവർ ഡിഫൻഡർ വാഹനം തിരികെ ലഭിക്കണമെന്നാവശ്യപ്പെട്ട് ദുൽഖർ കസ്റ്റംസിനോട് അപേക്ഷ നൽകിയിട്ടുണ്ട്.

ഈ അപേക്ഷ കസ്റ്റംസ് അപ്പലേറ്റ് അതോറിറ്റിയായ അഡീഷണൽ കമ്മീഷണർ പരിഗണിക്കുമെന്ന് അറിയിച്ചിട്ടുണ്ട്. ദുൽഖറിനെതിരെ കസ്റ്റംസ് ഹൈക്കോടതിയിൽ ഗുരുതരമായ ആരോപണങ്ങൾ ഉന്നയിച്ചിരുന്നെങ്കിലും, ഡിഫൻഡർ വാഹനവുമായി ബന്ധപ്പെട്ട അപേക്ഷ പരിഗണിക്കണമെന്ന് ഹൈക്കോടതി ഇടക്കാല ഉത്തരവിലൂടെ നിർദ്ദേശിച്ചിരുന്നു.

വാഹനം തിരികെ നൽകാത്തതിന്റെ കാരണം രേഖാമൂലം വ്യക്തമാക്കണമെന്നുമായിരുന്നു ഹൈക്കോടതിയുടെ നിർദ്ദേശം. ഭൂട്ടാൻ വാഹനക്കടത്ത് കേസിനോടനുബന്ധിച്ച് കസ്റ്റംസ് ദുൽഖർ ഉൾപ്പെടെയുള്ള താരങ്ങളുടെ വീടുകളിൽ പരിശോധന നടത്തിയിരുന്നു. തുടർന്ന് ദുൽഖറിന്റെ ലാൻഡ് റോവർ ഡിഫൻഡർ, ലാൻഡ് ക്രൂയിസർ, നിസ്സാൻ പട്രോൾ തുടങ്ങിയ വാഹനങ്ങൾ കസ്റ്റംസ് പിടിച്ചെടുത്തിരുന്നു.

പിടിച്ചെടുത്ത വാഹനങ്ങളിൽ ഡിഫൻഡർ വിട്ടുനൽകണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ച ദുൽഖറിന് അനുകൂലമായ ഇടക്കാല ഉത്തരവായിരുന്നു കോടതി പുറപ്പെടുവിച്ചത്.