Film News

‘പൂജാരിയുടെ മകള്‍ ബിരിയാണി പാകം ചെയ്യുന്നു, തലമറച്ച് നിസ്‌കരിക്കുന്നു’!! നയന്‍താരയുടെ ‘അന്നപൂരണി’ക്കെതിരെ എഫ്‌ഐആര്‍

നയന്‍താരയുടെ പുതിയ ചിത്രം ‘അന്നപൂരണി’ക്കെതിരെ എഫ്.ഐ.ആര്‍. ചിത്രം മതവികാരം വ്രണപ്പെടുത്തുന്നുവെന്നും ‘ലവ് ജിഹാദ്’ പ്രോത്സാഹിപ്പിക്കുന്നു എന്നാണ് പരാതി രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. മുംബൈ എല്‍.ടി മാര്‍ഗ് പൊലീസ് സ്റ്റേഷനില്‍ ഹിന്ദു ഐ.ടി സെല്‍ പരാതി നല്‍കിയിരിക്കുന്നത്. നയന്‍താര, ജയ്, സംവിധായകന്‍ നീലേഷ് കൃഷ്ണ തുടങ്ങിയവര്‍ക്കെതിരെയും പരാതി നല്‍കിയിട്ടുണ്ട്.

മുംബൈ സ്വദേശിയായ രമേശ് സോളങ്കിയും ഹിന്ദു ഐ.ടി സെല്ലുമാണ് ചിത്രത്തിനും അണിയറ പ്രവര്‍ത്തകര്‍ക്കുമെതിരെ രംഗത്തെത്തിയിരിക്കുന്നത്. ചിത്രത്തില്‍ രാമായണത്തെയും ശ്രീരാമനെയും തെറ്റായി അവതരിപ്പിക്കുന്നുവെന്ന് പരാതിയില്‍ പറയുന്നു.

ഹിന്ദു പൂജാരിയുടെ മകള്‍ ബിരിയാണി പാകംചെയ്യാനായി നമസ്‌കരിക്കുന്നു, ശ്രീരാമനും മാംസം കഴിക്കാറുണ്ടെന്നു പറഞ്ഞ് നടന്‍ ഫര്‍ഹാന്‍(ജയ്) നടിയെ ഇറച്ചി വിഭവം കഴിക്കാന്‍ പ്രോത്സാഹിപ്പിക്കുന്നു, ലവ് ജിഹാദിനെ പ്രോത്സാഹിപ്പിക്കുന്നു തുടങ്ങിയ ആരോപണങ്ങളാണ് ചിത്രത്തിനെതിരെയുള്ളത്.

ഡിസംബര്‍ ഒന്നിനാണ് അന്നപൂരണി ‘അന്നപൂരണി: ദി ഗോഡസ് ഓഫ് ഫുഡ്’ റിലീസ് ചെയ്തത്. മികച്ച പ്രതികരണം നേടിയ അന്നപൂരണി ബോക്സ് ഓഫീസില്‍ അഞ്ച് കോടിയും നേടിയിരുന്നു. നയന്‍താരയുടെ 75-ാമത്തെ ചിത്രമാണ്.

ഷെഫ് മോഹവുമായി നടക്കുന്ന ക്ഷേത്ര പൂജാരിയുടെ മകളായിട്ടാണ് നയന്‍താര ചിത്രത്തിലെത്തുന്നത്. നോണ്‍വെജ് ഭക്ഷണങ്ങള്‍ ഉള്‍പ്പെടെ പാചകം ചെയ്യുന്ന നടിയ്ക്ക് സ്വപ്നയാത്രയ്ക്കിടയില്‍ ഒരുപാട് വെല്ലുവിളികളും ഭീഷണിയും നേരിടേണ്ടി വരുന്നുണ്ട്. ഒരു പാചക മത്സരത്തിനുമുന്‍പ് നയന്‍താരയുടെ കഥാപാത്രം തലമറച്ച് നമസ്‌കരിക്കുന്നുണ്ട്.

Anu B