മമ്മൂട്ടിയും ,മോഹന്‍ലാലും വസ്ത്രം കൊടുക്കുന്നതിടും ; ഇപ്പോഴുള്ളവർ അങ്ങനെയല്ല; വലിയ, ബുദ്ധിമുട്ടാണ്, കോസ്റ്റ്യൂം ഡിസൈനർ പറയുന്നു

ഏറ്റവും മനോഹരമായും ഫാഷിനബിളായും വസ്ത്രം ധരിക്കുന്നവരാണ് സിനിമാ താരങ്ങള്‍. അവരുടേത് പോലെയുള്ള വസ്ത്രം വേണമെന്ന് ആഗ്രഹിക്കുന്ന ആരാധകരും നിരവധിയാണ്. എന്നാല്‍ ഇന്നത്തെ കാലത്ത് താരങ്ങള്‍ ധരിക്കുന്ന വസ്ത്രം സാധാരണക്കാരും ധരിക്കുമെന്നും മുന്‍പ് അങ്ങനെയല്ലായിരുന്നുവെന്നും പറയുകയാണ്…

ഏറ്റവും മനോഹരമായും ഫാഷിനബിളായും വസ്ത്രം ധരിക്കുന്നവരാണ് സിനിമാ താരങ്ങള്‍. അവരുടേത് പോലെയുള്ള വസ്ത്രം വേണമെന്ന് ആഗ്രഹിക്കുന്ന ആരാധകരും നിരവധിയാണ്. എന്നാല്‍ ഇന്നത്തെ കാലത്ത് താരങ്ങള്‍ ധരിക്കുന്ന വസ്ത്രം സാധാരണക്കാരും ധരിക്കുമെന്നും മുന്‍പ് അങ്ങനെയല്ലായിരുന്നുവെന്നും പറയുകയാണ് കോസ്റ്റിയൂം ഡിസൈനറായ നാഗരാജ്. ഇപ്പോഴത്തെ താരങ്ങള്‍ ബ്രാന്‍ഡഡ് വസ്ത്രം നോക്കി പോകുന്നവരാണ്. എന്നാല്‍ മുന്‍പ് സിനിമാക്കാര്‍ക്ക് വേണ്ടി മാത്രമായി വസ്ത്രങ്ങള്‍ നിര്‍മ്മിച്ചിരുന്നുവെന്ന് മലയാളത്തിലെ ഒരു യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലൂടെ പറയുകയാണ് നാഗരാജ്. സിനിമയിലെ താരങ്ങള്‍ ഇതുപോലെയുള്ള ഡ്രസ് വേണമെന്ന് പറയാന്‍ തുടങ്ങിയത് ഇപ്പോഴാണ്. മുന്‍പ് അങ്ങനെയൊന്നുമായിരുന്നില്ല. പണ്ട് കാലത്ത് അങ്ങനെയൊന്നും താരങ്ങള്‍ പറയാറില്ലായിരുന്നു. മമ്മൂട്ടിയും മോഹന്‍ലാലുമൊക്കെ കൊടുക്കുന്ന വസ്ത്രം ഇടും. എന്തെങ്കിലും കംപ്ലെയിന്റ് വന്നാലാണ് അവര്‍ പ്രശ്‌നം ഉണ്ടാക്കുന്നത്. അതല്ല, കറക്ടായിട്ടുള്ളത് കൊടുത്താല്‍ അവര്‍ക്ക് പ്രശ്‌നമില്ല. ഇന്ന് ആ കമ്പനിയുടെ ഷര്‍ട്ട് വേണം ഇത് വേണമെന്ന് ഒക്കെ പറയുന്നത് വലിയ ബുദ്ധിമുട്ടാണ്.

ചില നടന്മാര്‍ ബ്രാന്‍ഡഡ് വസ്ത്രം വേണമെന്ന് ആവശ്യപ്പെടാറുണ്ടെന്ന് പലരും പറഞ്ഞ് കേട്ടിരുന്നു. ആദ്യമേ ബ്രാന്‍ഡഡ് ആണെന്ന് കണ്ടാല്‍ പിന്നെ കുഴപ്പമില്ല. എന്നാല്‍ ബ്രാന്‍ഡ് അല്ലെന്ന് അറിഞ്ഞാല്‍ അതൊരു പ്രശ്‌നമാക്കും. കളര്‍ ശരിയല്ല, ഇത് ഫിറ്റ് ആവില്ല എന്നൊക്കെ ഇട്ട് പോലും നോക്കാതെ ചിലര്‍ പറഞ്ഞ് കളയും. ഡിഎന്‍എ എന്ന സിനിമയില്‍ മമ്മൂട്ടിയുടെ മരുമകന്റെ കൂടെ വര്‍ക്ക് ചെയ്ത അനുഭവവും അദ്ദേഹം പറഞ്ഞു. നമ്മള്‍ കൊടുക്കുന്ന വസ്ത്രമേതാണോ അത് പുള്ളി ഇടും. അല്ലാതെ വേറെ കുഴപ്പമില്ല. തലക്കനമൊന്നുമില്ലാതെ നമ്മള്‍ എവിടെ പോയാലും അവിടെയൊക്കെ വരുന്ന സ്വഭാവമാണ് അദ്ദേഹത്തിന്റേത്. പര്‍ച്ചേഴ്‌സിന് പോകാമെന്ന് പറഞ്ഞ് വിളിച്ചാലും പുള്ളി കൂടെ വരും. ആദ്യത്തെ ഒന്ന് രണ്ട് പടങ്ങളില്‍ അഭിനയിക്കുന്ന താരങ്ങളൊക്കെ നമ്മുടെ കൂടെ കടയില്‍ ഡ്രസ് വാങ്ങിക്കാനായി വരും. അതിന് ശേഷം എല്ലാവരും തിരക്കിലായി പോകും. പിന്നെ വരില്ല. വന്നാല്‍ ആളുകള്‍ കൂടുന്നത് കൊണ്ട് ആരും വരാറില്ല.

മുന്‍പ് സിനിമയിലൊക്കെ സ്റ്റിച്ച് ചെയ്ത വസ്ത്രങ്ങള്‍ ഇടുകയാണ്. നമ്മളുണ്ടാക്കുന്ന മോഡലാണ് അന്നുള്ളത്. ഇന്ന് പത്ത് കടയില്‍ കയറി ഏതെങ്കിലും തിരഞ്ഞെടുക്കും. നമ്മള്‍ അരി കഴുകി ഉണ്ടാക്കുന്ന ചോറും ഫോണിലൂടെ വാങ്ങി കഴിക്കുന്നതും തമ്മില്‍ രുചി വ്യത്യാസം ഉണ്ടാകും. അതുപോലെയാണ് ഇതും. നമ്മള്‍ ചെയ്തത് അത് സ്വയം ഉരുവാക്കി എടുക്കുകയായിരുന്നു. ഇന്ന് എവിടെ പോയാലും റെഡി മെയിഡ് ആണ്. പബ്ലിക് ഇടുന്ന അതേ വസ്ത്രങ്ങളാണ് ആര്‍ട്ടിസ്റ്റുകളും ഇടാറുള്ളത്. വേറെ വഴിയില്ല. മുന്‍പങ്ങനെ പറ്റില്ല. ഓരോ മെറ്റീരിയലും ആരും കാണാത്ത തരത്തിലാണ് ഞങ്ങള്‍ വാങ്ങിയിരുന്നത്. സിനിമാക്കാര്‍ക്ക് വേണ്ടി മാത്രമായിട്ട് അന്ന് തുണി വില്‍ക്കുന്ന കടയുണ്ട്. സിനിമയ്ക്ക് വേണ്ടി മാത്രം വരുന്ന മെറ്റീരിയലാണ് അവിടെയുള്ളത്. വലിയ ആളുകള്‍ വന്ന് വാങ്ങിക്കില്ല. അത് പ്രത്യേക രീതിയിലുള്ളതാണ്. അഞ്ചോ പത്തോ വര്‍ഷം കഴിഞ്ഞാലും അന്ന് ഞങ്ങളുണ്ടാക്കുന്ന വസ്ത്രമിടാന്‍ സാധിക്കും. പക്ഷേ ഇന്നങ്ങനെയല്ല. എല്ലാം റെഡിമെയിഡ് ആണ്. ബ്രാന്‍ഡഡ് എന്ന് പറയുമെങ്കിലും ഒരേ നിറമുള്ള വസ്ത്രത്തില്‍ ഏതാണ് വില കൂടിയത്, ഏതാണ് വില കുറഞ്ഞതെന്ന് അറിയാന്‍ പറ്റില്ല. പക്ഷേ ബ്രാന്‍ഡഡ് എന്ന് പറഞ്ഞ് നടക്കാന്‍ പറ്റുമെന്നും നാഗരാജ് പറയുന്നു.