മരണമാസ്സ്…തലൈവരെ കണ്ട സന്തോഷം പങ്കിട്ട് ആര്‍ഡിഎക്‌സ് സംവിധായകന്‍

Follow Us :

ആദ്യ ചിത്രത്തിലൂടെ തന്നെ ഹിറ്റ് സംവിധായകനായി മാറിയയാളാണ് നഹാസ് ഹിദായത്ത്. കഴിഞ്ഞ വര്‍ഷം നഹാസ് സംവിധാനം ചെയ്ത ചിത്രം ആര്‍ഡിഎക്‌സ് ബോക്‌സോഫീസില്‍ വന്‍ വിജയമായിരുന്നു. യുവതാരങ്ങളായ ധീരജ് മാധവ്, ആന്റണി വര്‍ഗീസ്, ഷെയ്ന്‍ നിഗം എന്നിവരാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളായെത്തിയത്. മഹിമ നമ്പ്യാരായിരുന്നു ചിത്രത്തില്‍ നായികയായി എത്തിയത്.

ഇപ്പോഴിതാ തലൈവര്‍ രജനീകാന്തിനൊപ്പമുള്ള സംവിധായകന്റെ പുതിയ ചിത്രമാണ് ശ്രദ്ധേയമാകുന്നത്. വേട്ടയ്യന്റെ ഷൂട്ടിങിലാണ് രജനീകാന്ത്. ചിത്രത്തിന്റെ പുതുച്ചേരിയിലെ സെറ്റില്‍ എത്തിയാണ് നഹാസ് താരത്തിനെ കണ്ടത്.

നഹാസ് തന്നെയാണ് തലൈവരെ നേരില്‍ കണ്ട സന്തോഷം പങ്കുവച്ചത്. നിങ്ങളുടെ സ്വപ്നങ്ങള്‍ക്കായി പ്രപഞ്ചം ശരിക്കും ഗൂഢാലോചന നടത്തിയപ്പോള്‍- എന്നു പറഞ്ഞാണ് നഹാസ് ചിത്രം പങ്കുവച്ചത്. അടിക്കുറിപ്പിലായിരുന്നു ചിത്രങ്ങള്‍.

ഹെലികോപ്റ്ററിന് മുന്നില്‍ നഹാസിനെ ചേര്‍ത്തു പിടിച്ചിരിക്കുന്ന രജനിയാണ് ചിത്രത്തില്‍. നഹാസിനോട് താരം നമസ്‌കാരം പറയുന്നുണ്ട്. ആക്ഷന്‍ കൊറിയോഗ്രാഫറായ അന്‍പറിവ് മാസ്റ്റേഴ്സും ഇവര്‍ക്കൊപ്പമുണ്ട്. താരങ്ങള്‍ ഉള്‍പ്പടെ നിരവധി പേരാണ് ചിത്രത്തിന് കമന്റ് ചെയ്യുന്നത്. അമ്പോ തലൈവര്‍ എന്നായിരുന്നു ആന്റണി വര്‍ഗീസ് കമന്റ് ചെയ്തത്. മരണമാസ്സ് എന്നാണ് നീരജ് മാധവിന്റെ കമന്റ്.