‘താൻ അഭിനയിച്ച സിനിമ ഏതെന്ന് നിങ്ങൾ ഗൂഗിൾ ചെയ്ത് കണ്ടുപിടിക്കൂ’ ; നരേന്റെ ഭാര്യ മഞ്ജുവിന്റെ വെളിപ്പെടുത്തൽ 

മലയാളികൾക്ക് സുപരിചിതനായ നടനാണ് നരേൻ. 2002ൽ നിഴൽകൂത്ത് എന്ന സിനിമയിലൂടെ അരങ്ങേറ്റം കുറിച്ച നരേൻ ഇന്ന് തെന്നിന്ത്യയിലെ അറിയപ്പെടുന്ന നടനായി മാറിയിരിക്കുന്നു. നായകനായും സഹനടനായും വില്ലനായുമെല്ലാം കയ്യടി വാങ്ങികൂട്ടിയിട്ടുള്ള താരം തമിഴിലും മലയാളത്തിലും നിരവധി ഹിറ്റ് സിനിമകളുടെ ഭാഗമായിട്ടുണ്ട്. ഇടക്കാലത്ത് മലയാളം സിനിമകളിൽ അത്ര സജീവമല്ലായിരുന്നു നരേൻ. ഇപ്പോൾ കൈനിറയെ ചിത്രങ്ങളുമായി സജീവമാവുകയാണ്. വര്‍ഷങ്ങള്‍ക്ക് ശേഷം മീര ജാസ്മിനുമായി ഒരുമിക്കുന്ന ക്യൂന്‍ എലിസബത്താണ് നരേന്റെ പുതിയ ചിത്രം. ചിത്രത്തിന്റെ പ്രമോഷൻ തിരക്കുകളിലാണ് നടൻ. ഇതിനിടെ നരേന്റെ ഭാര്യ മഞ്ജു ഹരിദാസിന്റെ ഒരു അഭിമുഖം ശ്രദ്ധ നേടുകയാണ്. ഒരു യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ തന്റെയും കുടുംബത്തിന്റെയും വിശേഷങ്ങൾ പങ്കുവെച്ചിരിക്കുകയാണ് മഞ്ജു. നരേനെ കുറിച്ചും താരപത്നി വാചാലയാകുന്നുണ്ട്. സിനിമയിൽ എത്തിയതിന് ശേഷമാണ് നരേൻ മഞ്ജുവിനെ വിവാഹം ചെയ്തത്. 2007 ൽ ആയിരുന്നു ഇവരുടെ വിവാഹം.

രണ്ടു വർഷത്തോളം നീണ്ട പ്രണയത്തിന് ശേഷമാണ് ഇവർ വിവാഹിതരായത്. അവതാരകയായ മഞ്ജുവും നരേനും അഭിമുഖത്തിനിടെ കണ്ടുമുട്ടുകയും പിന്നീട് പ്രണയത്തിലാവുകയുമായിരുന്നു. ഇവർക്ക് 14 വയസ്സുള്ള തന്മയ എന്നൊരു മകളും ഒരു വയസ്സായ ഓംകാർ എന്നൊരു മകനുമുണ്ട്. അടുത്തിടെയാണ് നരേനും കുടുംബവും മകന്റെ ഒന്നാം പിറന്നാൾ നടൻ മമ്മൂട്ടിക്കും കുടുംബത്തിനും ഒപ്പം ആഘോഷമാക്കിയത്. ഞാൻ ടെലിവിഷനിൽ ആയിരുന്നു. ഇപ്പോൾ മകനെ നോക്കലാണ് പണി. അവന് ഒരു വയസ്സായി. മകനെ നോക്കൽ ഒരു വലിയ പണി തന്നെയാണ്. ഒരു മഹത്വരമായ പണി തന്നെയാണ്. ഞങ്ങൾ കുറേക്കാലമായി ചെന്നൈയിൽ ആയിരുന്നു. എന്നാൽ കഴിഞ്ഞ നാല് മാസമായി എറണാകുളത്ത് സെറ്റിൽഡ് ആണ്. ആക്ടിങ് എനിക്ക് ഒട്ടും താല്പര്യമില്ലാത്ത കാര്യമാണ്. പക്ഷെ സിനിമയിൽ അഭിനയിച്ചിട്ടുണ്ട്. ഗൗതം മേനോന്റെ സിനിമയിലാണ്. ഏത് സിനിമയാണെന്നൊക്കെ നിങ്ങൾ ഗൂഗിൾ ചെയ്ത് കണ്ടുപിടിച്ചോളൂ.” മഞ്ജു പറഞ്ഞു. നരേന്റെ എനിക്ക് ഇഷ്ടപ്പെട്ട സിനിമ അഞ്ചാതെ ആണ്. മലയാളത്തിൽ ക്ലാസ്സ്മേറ്റ്സും പന്തയക്കോഴിയും ഇഷ്ടമുള്ള സിനിമകളാണ്. നരേൻ സിനിമകളെ കുറിച്ചൊക്കെ ഞാനുമായി ഡിസ്കസ് ചെയ്യാറുണ്ട്. അതില്ലെന്ന് പറഞ്ഞാൽ നുണയാകും. ഡിസ്കസ് ചെയ്യാറുണ്ടെന്ന് അല്ലാതെ ഞാൻ അധികം അഭിപ്രായങ്ങളൊന്നും പറയാറില്ലെന്നും മഞ്ജു അഭിമുഖത്തിൽ പറഞ്ഞു. നരേന്റെ ഇഷ്ടപ്പെട്ട സ്വഭാവം എന്താണെന്ന ചോദ്യത്തിൽ ക്ഷമ എന്നായിരുന്നു താരപത്നിയുടെ മറുപടി. എനിക്ക് ഇല്ലാത്ത സാധനമാണ് അത്. നമുക്ക് ഇല്ലാത്ത കാര്യങ്ങൾ മറ്റെയാളിൽ ഉണ്ടാകുമ്പോൾ ആണല്ലോ ഇഷ്ടം തോന്നുക. ഇഷ്ടമില്ലാത്തതും ക്ഷമ തന്നെയാണ്.

ഭയങ്കര കാം ആയിട്ടുള്ള ആളാണ്. നിങ്ങൾ കാണുന്നത് പോലെയൊക്കെ തന്നെയാണ് ആൾ, മഞ്ജു ഹരിദാസ് പറഞ്ഞു. ക്വീൻ എലിസബത്ത് സിനിമ താൻ കണ്ടിരുന്നുവെന്നും പ്രേക്ഷകർക്കെല്ലാം ഇഷ്ടപ്പെടുന്ന സിനിമയായി അത് മാറുമെന്നും മഞ്ജു പറഞ്ഞു. ഭാര്യയെന്ന നിലയിൽ പ്രേക്ഷകരോട് എന്താണ് പറയാനുള്ളത് എന്ന ചോദ്യത്തിന് ഭാര്യ എന്ന നിലയിൽ അല്ല, പ്രേക്ഷക എന്ന നിലയിലാണ് പറയാനുള്ളത്, അദ്ദേഹത്തെ ഇനിയും സ്നേഹിക്കൂ എന്നായിരുന്നു മഞ്ജുവിന്റെ മറുപടി. ഒക്ടോബർ 29ന് ക്വീൻ എലിസബത്ത് തിയേറ്ററുകളിൽ എത്തുമെന്നും എല്ലാവരും കാണണമെന്നും താരപത്നി പറഞ്ഞു. അതേസമയം, എം പത്മകുമാർ സംവിധാനം ചെയ്യുന്ന ചിത്രമാണ് ക്വീൻ എലിസബത്ത്. കുടുംബ പ്രേക്ഷകരെ ആകർഷിക്കുന്ന വിധത്തിൽ റൊമാന്‍റിക് കോമഡി എന്റർടെയ്‍നറായി എത്തുന്ന ചിത്രമാണിത്. നരേനും മീരയ്ക്കും പുറമെ ശ്വേത മേനോൻ, രമേശ് പിഷാരടി, വി കെ പ്രകാശ്, രണ്‍ജി പണിക്കർ, ജോണി ആന്റണി, മല്ലിക സുകുമാരൻ, ജൂഡ് ആന്റണി ജോസഫ്, ആര്യ (ബഡായി ബംഗ്ലാവ്), ശ്രുതി രജനികാന്ത്, പേളി മാണി, സാനിയ ബാബു, നീന കുറുപ്പ്, മഞ്ജു പത്രോസ് എന്നിങ്ങനെ വമ്പൻ താരനിര ചിത്രത്തിൽ അണിനിരക്കുന്നുണ്ട്.