‘ഇതില്‍ കാണാന്‍ പോകുന്നതെല്ലാം നിജം’!! അഭിനവ് സുന്ദര്‍ നായകിന്റെ പുതിയ ചിത്രം ‘മോളിവുഡ് ടൈംസ്’, നായകന്‍ നസ്ലിന്‍

Follow Us :

മുകുന്ദന്‍ ഉണ്ണി അസോസിയേറ്റ്‌സിന് ശേഷം അഭിനവ് സുന്ദര്‍ നായകിന്റെ പുതിയ ചിത്രത്തില്‍ നായകന്‍ യുവതാരം നസ്ലിന്‍. ‘മോളിവുഡ് ടൈംസ്’ എന്നാണ് ചിത്രത്തിന്റെ പേര്. ‘ഈ സിനിമ ഒട്ടും തന്നെ സാങ്കല്‍പ്പികമല്ല, ഇതില്‍ കാണാന്‍ പോകുന്നതെല്ലാം നിജം’ എന്നാണ് സിനിമയുടെ ക്യാപ്ഷന്‍. ‘എ ഹേറ്റ് ലെറ്റര്‍ ടു സിനിമ’ എന്ന് ടാഗ് ലൈനിലാണ് ചിത്രം ഒരുങ്ങുന്നത്.

മോളിവുഡ് ടൈംസിന്റെ പ്രഖ്യാപന വീഡിയോ നടന്‍ പൃഥ്വിരാജാണ് റിലീസ് ചെയ്തത്. ആഷിഖ് ഉസ്മാനാണ് ചിത്രം നിര്‍മ്മിക്കുന്നത്. നസ്ലിനും അഭിനവ് സുന്ദറിനും ആഷിഖ് ഉസ്മാനും മറ്റെല്ലാ അണിയറപ്രവര്‍ത്തകര്‍ക്കും ആശംസകള്‍ നേര്‍ന്നാണ് പൃഥ്വി ടൈറ്റില്‍ റിവീല്‍ വീഡിയോ പങ്കുവച്ചത്. 2025ലാണ് മോളിവുഡ് ടൈംസ് തിയ്യേറ്ററിലെത്തുക.

വിനീത് ശ്രീനിവാസന്‍ നായകനായെത്തിയ മുകുന്ദന്‍ ഉണ്ണി അസോസിയേറ്റ്‌സ് ബോക്‌സ് ഓഫീസ് വിജയ സിനിമയായിരുന്നു. ചിത്രത്തിന്റെ പ്രൊമോഷന്‍ ടൈറ്റിലുകളെല്ലാം വ്യത്യസ്തത നിറഞ്ഞതായിരുന്നു.സിനിമയുടെ സംവിധാന മികവ് കൊണ്ടും തിരക്കഥ കൊണ്ടും ചിത്രം നിരൂപക പ്രശംസയും നേടിയിരുന്നു. ചിത്രത്തിന്റെ വിജയത്തിന് പിന്നാലെ രണ്ടാം ഭാഗവും സംവിധായകന്‍ പ്രഖ്യാപിച്ചിരുന്നു. കഴിഞ്ഞ വര്‍ഷം നവംബറിലാണ് അഭിനവ് രണ്ടാം സിനിമ പ്രഖ്യാപിച്ചത്.’മുകുന്ദന്‍ ഉണ്ണി’ ഇഷ്ടപ്പെട്ടവര്‍ക്ക് ഇതും ഇഷ്ടപ്പെടും’ എന്ന് പറഞ്ഞുകൊണ്ടായിരുന്നു സിനിമ പ്രഖ്യാപിച്ചത്.