ആ ഒഴിവാക്കല്‍ ഇപ്പോഴും വേദന തന്നെയാണ്, തുറന്ന് പറഞ്ഞ് നീന കുറുപ്പ്

വര്‍ഷങ്ങളായി അഭിനയരംഗത്ത് നിറഞ്ഞ് നില്‍ക്കുന്ന നടിയാണ് നീന കുറുപ്പ്. ശ്രീധരന്റെ ഒന്നാം തിരുമുറിവ് എന്ന മമ്മൂട്ടി ചിത്രത്തിലൂടെയാണ് നീന അഭിനയരംഗത്തേക്ക് കടന്ന് വന്നത്. ഇപ്പോഴിതാ തനിക്ക് സിനിമാരംഗത്ത് വച്ചുണ്ടായ ഏറ്റവും വലിയ ഒരു വിഷമത്തെ കുറിച്ച് തുറന്ന് പറഞ്ഞിരിക്കുകയാണ് താരം.

നീന കുറുപ്പിന്റെ വാക്കുകള്‍-മിഖായേലിന്റെ സന്തതികള്‍ എന്ന ടിവി സീരിയലിന്റെ രണ്ടാം ഭാഗമായിട്ടാണല്ലോ ബിജു മേനോന്‍ നായകനായി ‘പുത്രന്‍’ എന്ന സിനിമ വന്നത്. സീരിയലില്‍ ബിജു മേനോന്‍ ചെയ്ത അലോഷിയുടെ കാമുകിയായ ലേഖയെ അവതരിപ്പിച്ചത് ഞാനായിരുന്നു. പക്ഷേ, സിനിമ വന്നപ്പോള്‍ ലേഖ ഞാനല്ല. എന്നോടൊന്നു പറഞ്ഞതുപോലുമില്ല.27 വര്‍ഷം മുന്‍പു നടന്ന കാര്യമാണെങ്കിലും ആ ഒഴിവാക്കല്‍ ഇപ്പോഴും വേദന തന്നെയാണ്. ഒരു ഉണങ്ങാത്ത മുറിവാണ്. അതുപോലെതന്നെ, ഷൂട്ട് തുടങ്ങുന്ന തീയതി വരെ ഉറപ്പിച്ചതിനുശേഷം ഒഴിവാക്കിയ രണ്ടു മൂന്നു സംഭവങ്ങളുമുണ്ടെന്നും താരം പറയുന്നു. ആവശ്യത്തിനു പ്രായം തോന്നുന്നില്ല, അല്ലെങ്കില്‍ വണ്ണം കുറവാണ് എന്നതൊക്കെ ആയിരുന്നു അവര്‍ പറഞ്ഞ പ്രശ്‌നം. എന്നെ കാസ്റ്റ് ചെയ്യാന്‍ തീരുമാനിച്ചത് ഇതൊന്നും നോക്കാതെയാണോ എന്നോര്‍ത്തിട്ടുണ്ടെങ്കിലും അതൊരു വിഷമമായി ഞാന്‍ കൊണ്ടുനടക്കുന്നില്ല. എല്ലാം മനസിന്റെ സ്‌ട്രോങ് റൂമില്‍ പൂട്ടിവച്ചിരിക്കുകയാണ്, സിനിമയ്ക്കു മാത്രമായി അങ്ങനെയൊരു കുഴപ്പമുണ്ടെന്ന് എനിക്ക് തോന്നിയില്ല. സമൂഹത്തില്‍ എന്തൊക്കെയുണ്ടോ അതൊക്കെയേ സിനിമയിലുമുള്ളു. നമ്മുടെ നാട്ടിലെ ഒരു പെണ്‍കുട്ടി ഒരു ബസില്‍ കയറുമ്പോള്‍ എന്തൊക്കെ കാര്യങ്ങള്‍ ശ്രദ്ധിക്കുമോ അത്രയുമൊക്കെത്തന്നെ സിനിമയിലും ശ്രദ്ധിച്ചാല്‍ മതി.
ബസില്‍ എവിടെ നില്‍ക്കണം, എങ്ങനെ നില്‍ക്കണം, എന്തു ചെയ്യണം, എന്തു ചെയ്യരുത് എന്നൊക്കെ അവള്‍ക്കൊരു ധാരണയുണ്ടാവുമല്ലോ. നമ്മുടെ സിനിമയില്‍ വരുന്ന ഭൂരിപക്ഷം പെണ്‍കുട്ടികളും സ്ത്രീകളുമൊക്കെ അതു നന്നായി അറിയുന്നവരും കൃത്യമായി പാലിക്കുന്നവരുമാണ്.